ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Wednesday, July 23, 2014

തമ്പാട്ടി

ഇരുളിനെ മുറിച്ച് ഇടയ്ക്കിടെ മിന്നുന്ന മിന്നൽ  വെളിച്ചത്തിലേക്ക് ജനാലയിലൂടെ നോക്കിയിരിക്കുന്ന വല്യമ്മ ഇടയ്ക്കിടെ എന്തോ പറയുന്നുമുണ്ട്, ഞാൻ പതിയെ ചെന്ന് വല്യുമ്മയുടെ അടുത്തിരുന്നു,
 കട്ടിലിൽ നീട്ടി വെച്ചിരുന്ന കാൽ തടവിക്കൊടുത്തു അപ്പോഴും പുറത്തെ ഇരുളിലേക്ക് നോക്കിയിരിക്കുകയാണ് അവർ
"നോക്ക് തമ്പാട്ടീടെ വീട് ഇടിഞ്ഞു വീഴാറായി " പുറത്തേക്ക് ചൂണ്ടി എന്നെ നോക്കി വല്യുമ്മ
നേർത്തു പെയ്യുന്ന മഴയിലേക്ക് ഞാനും കണ്ണയച്ചു
ശരിയാണ് മണ്ണ് കൊണ്ട് തീർത്ത ചുമരുകളും പുല്ലു മേഞ്ഞ വീടും വർഷ വേനലുകൾക്ക് സാക്ഷിയായി നിൽക്കാൻ തുടങ്ങീട്ട് കാലമേറെയായി
"നീ ഓർക്കുന്നുണ്ടോടാ തമ്പാട്ടിയെ " വല്യുമ്മയുടെ ചോദ്യം കേട്ട് ഞാൻ കണ്ണുകൾ പിൻവലിച്ചു
"ഉം ചെറിയ ഒരോർമ യുണ്ട് "
എന്റെ ഓർമയിൽ തമ്പാട്ടി യുടെ രൂപം തെളിഞ്ഞു
തിമർത്തു  പെയ്യുന്ന മഴക്കാലത്ത് നീളൻ കുടയും ചൂടി വളഞ്ഞ ശരീരവും ശരീരത്തെ താങ്ങി നിർത്തും പോലെ ഊന്നു  വടിയും പിടിച്ച് മുറുക്കാൻ ചവച്ചു ചുവന്ന ചുണ്ടും വലിയ തുളയുള്ള കാതിൽ ചെറിയ ഒരു വളയം തൂങ്ങി ക്കിടപ്പുണ്ടാവും മുണ്ടും പഴയ ഒരുതരം ബ്ലൗസും അതിനു ''റാഉക്കെ'' എന്നാണത്രേ വിളിക്കാറ് അതും ധരിച്ച് നാട്ടു വഴിയിലൂടെ നടക്കുന്ന ഒരു രൂപമാണ് എന്റെ മനസ്സിൽ
മഴ വെള്ളം തെറിപ്പിച്ചും മാവിൽ കല്ലെറിഞ്ഞും ഓത്തു പള്ളീൽ പോവുന്ന
ഞങ്ങളെ കാണുമ്പോൾ കണ്ണിനു മീതെ കൈപ്പടം വെച്ച് കുഴിഞ്ഞ കണ്ണിലൂടെ നോക്കും എന്നിട്ട് ചോദിക്കും
"എന്തിനാടാ  പിള്ളാരെ കിതാബും കയ്യേപ്പിടിച്ചു കുരുത്തക്കേട്‌ കാട്ടണേ "
പിന്നെ മനസ്സിലോർമയിലുള്ളത് വെള്ളത്തുണിയിൽ പൊതിഞ്ഞ് നിലത്തു കിടത്തിയിരിക്കുന്ന ഒരു രൂപമാണ് , കത്തിച്ചു വെച്ച നിലവിളക്കും പിന്നെ ചന്ദനത്തിരികളും , ആരും ഒന്നും ഉരിയാടാതെ മൗനമായി നിൽകുന്നതും കുറച്ചു കഴിഞ്ഞപ്പോൾ ആരൊക്കെയോ ചേർന്ന് കൊണ്ട് പോവുന്നതും
ഞങ്ങൾ ഉമ്മറത്ത് നോക്കി നിന്നിട്ടുണ്ട്
പിന്നീട് കുറെ നാൾ പുറത്തിറങ്ങാൻ പേടിയായിരുന്നു
"തമ്പാട്ടീടെ പ്രേതം  ഇവടൊക്കെ കറങ്ങി നടപ്പുണ്ടാവും" എന്ന കൊച്ചേച്ചിയുടെ കണ്ടു പിടിത്തം എത്ര രാത്രികളിലാണ് ഉറക്കം പോയിട്ടുള്ളത്
ആരോ വാതിലിൽ തട്ടുന്ന ഒച്ച കേൾക്കും ഞെട്ടിയെണീറ്റ്‌ നോക്കുമ്പോൾ ചുറ്റും ഇരുട്ടായിരിക്കും ,എന്റെ നിലവിളി കാരണം എല്ലാരും എണീക്കും
ഉമ്മച്ചി തലക്കിട്ടു ഒരെണ്ണം തന്ന് "ന്റെ കൂടെ കെടക്ക്‌ ബലാലെ" എന്നും പറഞ്ഞ്
തിരിഞ്ഞു കിടന്നുറങ്ങും , ഉമ്മച്ചിയെ ചേർത്തു പിടിച്ചാണ് പിന്നെ ഉറക്കം
അതോർത്തപ്പോൾ എന്റെ ചിരി പുറത്തേക്ക് വമിച്ചത് കൊണ്ടാവണം
വല്യുമ്മ എന്നെ തട്ടി വിളിച്ചത്
"യ്യ് ന്താ ആലോയിക്കണേ "
ഞാൻ ചുമൽ കൂചി ഒന്നൂല്ലാന്നു ആംഗ്യം കാട്ടി
പിന്നെ പതിയെ ചോദിച്ചു ,
''ആരായിരുന്നു ഈ തമ്പാട്ടി''
വല്യുമ്മ എന്നെ ഒന്ന് നോക്കി ഗമയിൽ പഴയ വീര സാഹസികത പറയുന്ന പട്ടാളക്കാരനെ പോലെ
"തമ്പാട്ടീന്നല്ല അവൾടെ പേര് ലഷ്മീന്നാ" ,
"ലഷ്മിയല്ല വല്യുമ്മ ലക്ഷിമി ഞാൻ തിരുത്തി"
അതെന്തേലുമാവട്ടെ യ്യ് ഞാൻപറെണതു കേക്ക്
ഒരു കഥ കേൾക്കാനുള്ള തയ്യാറെടുപ്പോടെ ഞാൻ ഇരുന്നു
  പണ്ട് കമ്മ്യുനിസ്റ്റു പാർട്ടിക്ക് വേണ്ടി കുറെ ആളുകൾ ഇവ്ടെന്നു തെക്കോട്ട്‌ പോയിരുന്നു ആ കൂടെ പോയതാ വേലുവും ,വേലായുധൻ ന്നാ പേര്
ന്റുപ്പാന്റെ കൂടെ കണ്ടത്തില് പണിയെടുക്കണ സൂത ന്റെ മോൻ
സൂതനെ പോലോന്നുവല്ല വേലു കാണാനൊക്കെ നല്ല ചുറുക്കായിരുന്നു,
സൂതന് അവൻ മാത്രേ ഉണ്ടായിരുന്നുള്ളൂ , കെട്ടിയോളൊക്കെ മരിച്ചു പോയിരുന്നു വേറെ ബന്ധുക്കളാരും ഇല്ല ,
കുറെ നാള് കഴിഞ്ഞാ വേലു മടങ്ങി വന്നത് കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു
നല്ല മൊഞ്ചത്തി, ഏതോ നല്ല വീട്ടിലെ പെണ്ണാണെന്ന് കണ്ടപ്പഴേ തോന്നി
വട്ട മുഖവും വല്യ മുടിയൊക്കെയായിട്ട് , അവര് വന്നേന്റെ പിറ്റേന്നാ ന്റെ നികാഹും കയിഞ്ഞത് ,
വല്യുമ്മ ഓർമയിലേക്ക് ആഴ്ന്നിറങ്ങുന്നത്  ഞാൻ അറിഞ്ഞു
 തമ്പുരാട്ടി കുട്ടി ആണ് എന്ന് വേലുവാ പറഞ്ഞത് അതറിഞ്ഞു പേടിച്ച് സൂതൻ കുട്ടിയെ തിരിച്ചയാക്കാൻ പറഞ്ഞു ബഹളമൊക്കെ ഉണ്ടായിരുന്നു
 സൂതന്റെ എതിർപ്പ് ന്റുപ്പ ഇടപെട്ട് ശരിയാക്കി,
പതിയെ ഞങ്ങളോടൊക്കെ നല്ല കൂട്ടായി
അവളു തന്നെയാ പറഞ്ഞത് കുടുംബ കാര്യങ്ങളൊക്കെ
നല്ല തറവാടിലെ ഏക പെണ്‍ സന്തതി രണ്ടാങ്ങളമാർ ,
 ആയിടെക്കാ വേലുവും കൂട്ടരും അറസ്റ്റു പേടിച്ച് ഒളിത്താവളം തേടി എത്തിയത് , തറവാടിനു അടുത്തുള്ള ചെറിയ വീട്ടിൽ  ഇവരൊക്കെ താമസിച്ചിരുന്നത് , നിത്യവും അമ്പലത്തിൽ തൊഴുതു വരുന്ന ലക്ഷിമിയെ നോക്കി വേലു പടിപ്പുരയിലുണ്ടാവും , അങ്ങനെ ബന്ധം വളർന്നു
അതികം താമസിയാതെ ലക്ഷിമിയും വേലുവും ഇഷ്ടത്തിലായി
വേലൂനെപ്പോലൊരുത്തനുമായി സംബന്തത്തിനു ബന്ധുക്കൾ ഒരിക്കലും സമ്മദിക്കില്ലാ എന്നറിയാവുന്നതു കൊണ്ട് കൂടെയുള്ളവരെ സഹായത്തോടെ  പാർട്ടി ആപ്പീസിൽ  കൊണ്ടോയി മാലയിട്ടു  പാർട്ടിയെ പേടിച്ചു അവളുടെ കുടുംബക്കാർ ഒന്നും മിണ്ടിയില്ല
ഞങ്ങൾകൊക്കെ അതിശയാര്ന്നു , അത് കേട്ടപ്പോ , ആദ്യായിട്ട് കേൾക്കുവായിരുന്നു ഇങ്ങനൊരു കല്യാണം ,അതിനു അതികം ആയുസ്സുണ്ടായിരുന്നില്ല , വേലൂനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ട് പോയി പിന്നെ ഒരു വിവരവുമില്ലായിരുന്നു , കുറെ നാള് കഴിഞ്ഞ് ആരോ പറയുന്ന കേട്ടു അറസ്റ്റു ചെയ്തവരൊക്കെ കൊല്ലപ്പെട്ടൂന്നു, എന്ത് എന്നോ  എങ്ങനെ എന്നോ ആർക്കും അറീല്ല,
കുറച്ചു നാൾ കഴിഞ്ഞ് ന്റുപ്പയും സൂതനും കൂടെ ലഷ്മിയുടെ വീട്ടിലേക്ക് പോയി കാര്യങ്ങൾ പറഞ്ഞെങ്കിലും , ആങ്ങളമാരുടെ മനസ്സലിഞ്ഞില്ല , അവർ വിഷമത്തോടെ തിരിച്ചു വന്നു
അതികം വൈകാതെ സൂതനും മരിച്ചു ഒറ്റയ്ക്ക് സൂതന്റെ വീട്ടിൽ കഴിയാൻ അവൾക്കും പേടിയായിരുന്നു
അപ്പഴാ ഉപ്പ പറഞ്ഞത്
താമസം വീട്ടിലേക്ക് മാറാൻ , അവൾ മടിച്ചെങ്കിലും ഉപ്പ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു വന്നു , പിന്നെയാ അവിടൊരു കുടിൽ പണിതെ , വെറുതെ ഒരു വീട് അത്രേയുള്ളൂ , പകൽ ഞങ്ങൾകൊപ്പം പാടത്ത് പണിയും  രാത്രിയാവുമ്പോ ഇങ്ങോട്ട് വരും ഭക്ഷണവും കിടത്തവുമൊക്കെ ഇവ്ടെന്നെ ,
ഇവടെ ഞങ്ങടെ കുടുംബത്തിൽ ഒരാളായിരുന്നു അവളും ,
അവളാ അവിടെ കാട് പിടിച്ചു കിടന്ന കാവ് വൃത്തിയാക്കി വിളക്കൊക്കെ വെച്ചോണ്ടിരുന്നത്,   അന്നാരും ചോദിച്ചില്ല ഏതാ ജാതീ ഏതാ മതം എന്നൊന്നും , ഇന്നങ്ങനെ പറ്റ്വോ ,
വല്യുമ്മ , ഒരു നിമിഷം നിർത്തി എന്നെ നോക്കി , ഞാൻ വെറുതെ തലയാട്ടി
പിന്നെ ചോദിച്ചു
 'എന്നിട്ട് '
ഒരു ദിവസം രാത്രി കാവിൽ വിളക്ക് വെച്ച് തിരിച്ചു വരുമ്പോ വീണു, ആരോ തല്ലീന്നാ അവള് പറഞ്ഞെ , ഏതോ ശൈതാനോ മറ്റോ ആവും , കുറെ നാൾ ഒന്നും ചെയ്യാനാവാതെ കിടന്നു , സുഖായപ്പോ നടു നിവരാതായി ,
വളഞ്ഞാ നടന്നോണ്ടിരുന്നെ , എങ്കിലും എല്ലാ പണിയും ചെയ്യും
പിന്നെ കുട്ടികളൊക്കെ പ്രയായപ്പഴാ കിടത്തം അവിടെ തന്നെ ആക്കിയത്
എല്ലാരും തമ്പുരാട്ടീന്നു വിളിച്ചു വിളിച്ചു അത് തമ്പാട്ടിയായി ഒടുക്കം അവളും മറന്നു ലഷ്മി എന്ന പേര്
ഇപ്പൊ എത്ര  കൊല്ലായി അവള് മരിച്ചിട്ട് , എല്ലാം  ഇന്നലെ  കഴിഞ്ഞ പോലെ ഒരു ദീർഘ നിശ്വാസത്തോടെ വല്യുമ്മ പറഞ്ഞവസാനിപ്പിക്കും പോലെ താടിക്ക് കൈ കൊടുത്തിരുന്നു ,
മഴ നനഞ്ഞ് കാട് വളർന്നു വീഴാറായി കിടക്കുന്ന വീട് ഞാൻ ജനലിലൂടെ നോക്കി , ഊർന്നു വീഴുന്ന മഴയിൽ ആ വീടിനു മുന്നില് തംബാട്ടി നിൽകുന്ന പോലെ തോന്നി ,
വളഞ്ഞ ശരീരത്തെ താങ്ങി നിർത്തുന്ന  വടിയുമായി മുറ്റത്തേക്ക് മുറുക്കാൻ ചുവപ്പ് നീട്ടി തുപ്പുന്ന തംബാട്ടി .


Thursday, July 10, 2014

ഗാസാ ,,,


ഗാസാ ,,, 
നിനക്ക് മേൽ  ആർത്തി പൂണ്ട  കഴുകന്റെ 
നിഴലുകൾ  പിന്നെയും പതിക്കുന്നു 
നിണ മൊഴുകി പ്പരന്ന നിന്റെ തെരുവ് 
പിന്നെയും തീക്കാറ്റാൽ എരിയുന്നു 
ഹൃദയം വിറയ്ക്കുന്ന നിന്റെ നിലവിളി 
സയനിസത്തിൻ യന്ത്ര ദ്രംഷ്ടകളാൽ മുറിയുന്നു  
ഗാസാ
ഒന്നു തേങ്ങും മുൻപേ നിന്റെ   പൈതലുകൾ 
തീ തുപ്പും കുഴലിൻ ഇരയായി 
രക്തച്ചുവപ്പിൽ കിടന്നു പിടയുന്നത് 
കണ്ടെൻ ഹൃദയം പിളരുന്നു 
നിന്റെ മുറിപ്പാടിൽ നിന്നൊഴുകുന്ന ചുടു കണം
കണ്ടു ഞങ്ങൾ സുഷുപ്തിയിലല്ല,,ഗാസാ 
നിറയുന്ന മിഴി യാൽ കേഴുകയാണ് നാഥനോട് 
നിന്നെ ബാലാൽകരിച്ചു നിനക്കുമേൽ 
താണ്ഡവ മാടുന്ന നപുംസകങ്ങൾ 
,, ഒരു നിമിഷമെങ്കിലും ഭയക്കുന്നുണ്ട് 
മനക്കണ്ണിൽ കാണുന്ന നിന്റെ ഉയിർത്തെഴുന്നേൽപ്പിനെ
നിനക്ക് മേൽ രക്ഷകനായി 
ഇനിയുമൊരു സ്വലാഹുദ്ധീൻ അയ്യൂബിയുടെ വരവിനെ 
അതിനാലല്ലെ നിന്റെ കുഞ്ഞു പൈതലുകൾക്കു മേൽ 
ജൂതപ്പിശാച്ചുക്കൾ അഗ്നി നൃത്തം ചെയ്യുന്നത് 
പക്ഷെ ഗാസാ ,,,,,,
നിന്റെ പ്രധിഷേധ ജ്വാല മനക്കരുത്ത് തരുന്നുവെങ്കിലും 
നിന്റെ രക്തമൊലിക്കുന്ന മണലിനുമേൽ ചേതനയറ്റ്
ചോരപ്പൂക്കൾ പുതച്ചുറങ്ങുന്ന പിന്ജോമന മുഖം 
എന്റെ കരളലിയിപ്പിക്കുന്നു 
നിന്റെ കരച്ചിലിന്റെ അലകൾ കേട്ട് 
ഹൃദയം വിങ്ങുന്നു മിഴികൾ നിറയുന്നു 
ഇനി ഞാൻ ഒന്നു കരഞ്ഞോട്ടെ നിനക്ക് വേണ്ടി 
എന്റെ കണ്ണ് നീർ വറ്റും വരെ

Friday, June 27, 2014

പൂക്കാലമായി

പരിശുദ്ധി നിറഞ്ഞ വൃതാനുഷ്ടാനത്തിന്റെ ഒരു പൂക്കാലം കൂടി വിശ്വാസികൾ വരവേൽക്കുന്നു, മനുഷ്യ ഹൃദയങ്ങളിൽ  പുതിയ പ്രതീക്ഷകളും നന്മകളും ഉണർത്തിക്കൊണ്ട്..
പ്രാർത്ഥന നിർഭരമായ നിമിഷങ്ങളിലൂടെ കടന്നു പോവുന്ന രാവുകൾ , നന്മയിൽ ഉരുക്കിയെടുക്കുന്ന ഹൃദയത്തെ ദൈവവുമായി കൂട്ടി വെയ്ക്കുന്നു ,
ദൈവത്തെ കുറിച്ചുള്ള ജ്ഞാനം കുടി കൊള്ളുന്നത്‌ മനുഷ്യനും  അവന്റെ ഹൃദയത്തിനിടയിലുമാണ്
പരിശുദ്ധ ഗ്രന്ഥം ഇങ്ങനെയാണ് പഠിപ്പിച്ചു തരുന്നത്
ഒരുപാട് പ്രത്യേകതകൾ നിറഞ്ഞു നിൽകുന്നു ഈ മുപ്പതു ദിന രാത്രങ്ങൾ
മഹാ സംഭവങ്ങളിൽ ബഹുലമാണ് ഈ മാസത്തിന്റെ ചരിത്രം ,
ഒരു മാസത്തെ മൂന്നായി വേർതിരിക്കുന്നു
ആദ്യ പത്ത് നടുവിലെ പത്ത് ഒടുവിലെ പത്ത് , ഇങ്ങനെയാണ് അത് ,
ആദ്യ പത്ത്  ദൈവത്തോട് കരുണ തേടുന്നു  രണ്ടാമത്തേതിൽ പാപ മോചനവും ഒടുവിലെ പത്തിൽ നരക മുക്തിയും തേടുന്നു ,
മനുഷ്യന്റെ ആത്മീയമായ പ്രവർത്തിയെ റമസാൻ മാസവുമായി ചേർത്തു നിർത്തുന്നു, അതിങ്ങനെ തരം തിരിക്കാം
ഉപവാസം , പ്രാർത്ഥന , വായന , മൗനം, ചിന്ത , സ്നേഹം, ത്യാഗം
ആത്മീയമായ പരിത്യാഗങ്ങളാൽ ഇവ ഓരോന്നും ബന്ധിച്ചിരിക്കുന്നു
വൃതാനുഷ്ടാനം പ്രാർത്ഥനയിലും പരിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നതിലും  അനാവശ്യമായ സംസാരം ഒഴിവാക്കുന്നതിലും പാരത്രിക ലോകത്തെ കുറിച്ച് ചിന്തിക്കുന്നതിലും പരസ്പര സ്നേഹിക്കുന്നതിലും സഹകരിക്കുന്നതിലും ,
ഒന്നുകൂടി വ്യക്തമാക്കിയാൽ
വൃതം അഥവാ നോമ്പ് ,,
ഉദയത്തിനു മുൻപുള്ള കൃത്യമായ ഒരു സമയ സീമയിൽ ജലപാനം അവസാനിപ്പിച്ചിരിക്കണം, നിർണിതമായ നിമിഷങ്ങളിൽ ആരാധന  കർമങ്ങൾ കൃത്യമായി നിർവഹിച്ചിരിക്കണം, കൃത്യമായ അസ്തമയ നേരത്ത്  ഉപവാസം അവസാനിപ്പിച്ചിരിക്കണം'' വളരെ ചുരുക്കത്തിൽ ഇതാണ് വൃതത്തിന്റെ അർത്ഥം,
വായന എന്നാൽ
വിശുദ്ധ ഖുർആൻ അവതരിച്ച മാസമാണിത്
ഖുർആൻ ആദ്യം പറഞ്ഞു തുടങ്ങുന്നത്  വായിക്കാനാണ് ,
പ്രഥമ അവതരണം  ഇങ്ങനെയാണ്
 " നീ വായിക്കുക  നിന്നെ ബ്രൂണത്തിൻ നിന്നും സൃഷ്ടിച്ചവന്റെ നാമത്തിൽ , നീ വായിക്കുക നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔതാര്യവാനാകുന്നു , പേന കൊണ്ട് പഠിപ്പിച്ചവൻ ,""
അത് കൊണ്ട് തന്നെയാണ് ഖുർആൻ പാരായണം  മറ്റു ദിനരാത്രങ്ങളെക്കാൾ  കൂടുതൽ ഈ മാസത്തിൽ പാരായണം  ചെയ്യപ്പെടുന്നത്,
ദൈവം ഈ ഗ്രന്ഥത്തിനു നൽകിയതും  വളരെ ലഘുവായ നാമമാണ് ,,   ""വായിക്കപ്പെടുന്നത്""  അറബി ഭാഷയിൽ ഖുർആൻ ന്റെ നിർവചനം  അങ്ങനെയാണ്,
മാത്രമല്ല
 ജൂത ക്രൈസ്തവ സമുദായത്തിന്റെയെല്ലാം വേദങ്ങൾ വെളിപ്പെട്ടത് ഈ മാസത്തിലാണ് , ഇതെല്ലാം ഈ മാസത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്, എന്ന് വെച്ചാൽ ഈ മഹാ സംഭവങ്ങൾ റമസാൻ മാസത്തിന്റെ വിശുദ്ധ രാപകലുകളിൽ നടന്നുവെന്നാണ് നാം മനസ്സിലകേണ്ടത്,  മറിച്ചല്ല ,( അഥവാ അവ നടന്നത് കൊണ്ടല്ല ഈ മാസത്തിനു പ്രത്യേകത ഉണ്ടായതു എന്നല്ല , )
ആ സംഭവങ്ങൾക്കെല്ലാമുള്ള ആത്മീയ പാശ്ചാത്തലം ഈ മാസം സംജാതമാക്കി എന്നർത്ഥം ,
ത്യാഗം സ്നേഹം   ,
ഇതിനെ പല തരത്തിൽ വർണിക്കാം .. അതിനേറ്റവും നല്ല പദം കരുണ എന്ന് വിശേഷിപ്പിക്കലാണ്, കാരുണ്യം ഇസ്‌ലാമിന്റെ  മഹത്തായൊരാശയമാണ് , കരുണാ വാരിധിയായ ദൈവത്തെ അനുസ്മരിച്ച് ഏതു കാര്യവും ചെയ്തു തുടങ്ങുന്നു , വ്യക്തമായി പറഞ്ഞാൽ , ത്യാഗം ചെയ്യേണ്ടത് കരുണ യിലൂടെയാണ് , അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് , പ്രവാചക ശ്രേഷ്ടർ പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ ,,
കയ്യിൽ ഉള്ളതിന്റെ ശതമാനം തിരിച്ച് ദൈവ നാമത്തിൽ ദാനം ചെയ്യൽ നിർബന്ധമാക്കി അത് റമസാൻ മാസത്തിലാവുമ്പോൾ , പ്രതിഫലം ഏറെയാണ്‌, ദാനം മാത്രമല്ല കരുണയിൽ ഒതുങ്ങുന്നത്  , താനാൽ കഴിയുന്നതെന്തും മറ്റുള്ളവന് ചെയ്തു കൊടുക്കുന്ന ഏതു  നന്മയും അതൊരു നല്ല ലളിതമായ  വാക്കാണെങ്കിൽ പോലും ഏറെ മഹത്തരമാണ് ,
,,ചിന്ത,
ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് എന്ന ദൈവ വചനം തന്നെയാണ് ചിന്തിക്കാൻ പഠിപ്പിക്കുന്നത്‌ , ഏതു  തരം ചിന്തയാണ് അത് , പ്രപഞ്ചത്തിന്റെ ചലനം  ജനനം മുതൽ  മരണം വരെ തുടങ്ങുന്ന  ചിന്ത അതിനു ശേഷമുള്ള , ഉയിർത്തെഴുന്നെൽപ്പ് വിചാരണ നരക സ്വർഗ്ഗ മാറ്റങ്ങൾ വരെയുള്ള ചിന്ത അതിലൂടെ അദൃശ്യനായ ദൈവമെന്ന മഹാത്ഭുതത്തെ  കുറിച്ചും അവന്റെ  കഴിവിനെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട് ,
മറ്റൊന്ന് നിർണയത്തിന്റെ രാത്രി , ഈ രാത്രിയാണ് ഏറെ പ്രസക്തം
അവസാന പത്തിലെ ഒരു രാത്രിയാണ് അത് ,
ഖുർആൻ അവതീർണമായ രാത്രി , ഒരു നന്മയ്ക്ക് ആയിരം മാസത്തിന്റെ പ്രതിഫലം ലഭിക്കുന്ന രാവ്,
ഒറ്റയായ രാത്രിയാണത്രെ ( 21,23 25 27 29 ) അത് ലൈലത്തുൽ ഖദർ എന്ന് വിശേഷിപ്പിക്കുന്ന രാത്രി
ഇതിനു പുറമേ യാണ് , ഇസ്ലാമിന്റെ നിലനിൽപിനു  വേണ്ടി നടന്ന ആദ്യ യുദ്ധം ബദർ,  ഇസ്ലാം മതത്തിന്റെ നിർണായക മായ യുദ്ധം ഈ മാസത്തിലാണ്  വെറും മുന്നൂറ്റി പതിമൂന്ന്  പടയാളികൾ നോമ്പ് കാരായി  തൊള്ളായി രത്തിലേറെ വരുന്ന ശത്രുക്കളോട് പൊരുതി ജയിച്ചതിന്റെ ഓർമ്മകൾ  വിശ്വാസികൾക്ക് ആത്മ വീര്യം നൽകുന്നു
ഇങ്ങനെയുള്ള രാപ്പകലുകൾ കൊണ്ട് പരിശുദ്ധമാണ് റമസാൻ പകലിരവുകൾ ,
റമസാൻ വൃതത്തിന്റെ  യുക്തി അന്വേഷിച്ച ഹിശാമുബിൻ ഹകമിനു  പണ്ഡിത ശ്രേഷ്ടനായ ജഹ്ഫർ ബിൻ മുഹമ്മദ്‌ (റ ) നൽകിയ മറുപടി ഇപ്രകാരമായിരുന്നു
''ധനികന് ദാരിദ്രന്റെതിനു തുല്യമായ അനുഭവമുണ്ടാക്കി കൊടുക്കുക എന്നത് നോമ്പിന്റെ ഒരു താല്പര്യമാണ് , ധനികന് വിശപ്പിന്റെ സ്പർശനമേൽക്കുമ്പോൾ അയാളിൽ പട്ടിണി ക്കാരനോട് കരുണയുയരും'' ;;
മറ്റുള്ളവരുടെ വേദനകളോടും പ്രശ്നങ്ങളോടും സഹാനുഭൂതി പരമായ സമീപനം സ്വീകരിക്കാനുള്ള ഒരടിസ്ഥാന പാഠമാണ്  നോമ്പുകാരൻ ഇത് വഴി പഠിക്കുന്നത് അത് തന്നെയാണ് മുത്ത്‌ ഹബീബ് മുഹമ്മദുന്നബി ലോകത്തിനു കാണിച്ചു തന്ന കരുണയുടെ പാടവം
ലോക ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം എല്ലാവർക്കും
 നന്മ നിറഞ്ഞ നല്ലൊരു റമസാൻ ആശംസിക്കുന്നു ,

Tuesday, June 24, 2014

ചരമമായി പ്രകൃതിക്ക്മുറ്റത്തെ കാവിൽ ഇരുളിൽ കിടന്നൊരു 
നാഗം സ്വസ്ഥമായൊന്നു ഉറങ്ങിയിരുന്നു ,,,
ആൽമരത്തിൻ വിശാലമാം ശിഖിരത്തിൽ
കാക്കകൾ കൂടും പണിതിരുന്നു 
പച്ചപ്പുൽ നിറഞ്ഞൊരു തൊടിയിലെങ്ങും 
നാൽക്കാലികൾ മേഞ്ഞു നടന്നിരുന്നു 
കുഞ്ഞോളങ്ങൾ തഴുകി വരുന്നൊരു 
പുഴയും അരികത്തുണ്ടായിരുന്നു,,
നീന്തിത്തുടിച്ചു രസിക്കുന്ന കുഞ്ഞുങ്ങൾ
തുണി വലയിൽ മീനുകൾ പിടിച്ചിരുന്നു 
അക്കരെ നിന്നും വരുന്നൊരു ഈറൻ
കാറ്റിൻ കുളിരിൽ വിറച്ചിരുന്നു ,,
പാടത്ത് ഞാറു നടുന്നൊരാ പെണ്ണുങ്ങൾ 
വയൽ പാട്ടിനീണത്തിൽ ലയിച്ചിരുന്നു 
പോക്കുവെയിലിൻ തലോടലിൽ 
നെൽകതിരുകൾ താളമിട്ടിരുന്നു...
കർഷക ഹൃത്തിൻ സുഗന്ധമായി 
വിളക്കാല ഭംഗിയും നിറഞ്ഞിരുന്നു 
കൂട്ടിനായി കിളികളും വന്നിരുന്നു 
മണ്ണിൽ നർത്തനം ചെയ്യും മഴകൂട്ടിൻ 
തവരകൾ സ്വാഗതം ചെയ്തിരുന്നു 
വർഷ മേഘങ്ങൾ പെയ്തൊഴിയാൻ 
ഇടവപ്പാതിയും വന്നിരുന്നു ,,
പച്ചപ്പിൻ കേശവുമായി മലനിരകൾ ,,
ഇരുൾ കമ്പളം മൂടിപ്പുതച്ചു
ധനുമാസ കുളിരിൽ മയങ്ങിയിരുന്നു 
,, 
ഇന്നില്ല മണ്ണിൽ ഇഴജീവികൾക്ക്
സ്വസ്തമാം ആവാസ യോഗ്യതയും 
പറവകൾക്ക് കൂട്ടുകൂട്ടാൻ 
മരങ്ങൾ പാടെ മറഞ്ഞതാണ് 
ജലധാരയില്ല ധരണിയിൽ 
തൊടികളിന്നില്ല തോടുകളും 
കാറ്റും കുളിരും തീരെയില്ല 
പാടവും പാട്ടും പൈങ്കിളി യും 
എന്നോ ഓർമയായി പോയി മറഞ്ഞു 
കതിര് വിളഞ്ഞ മണ്ണിൽ വറുതിയും
കാർഷികത്തിൻ ചുടലയായി
പെയ്യുന്ന മഴയ്കിന്നു കാലമില്ല 
ഇടവവും കർക്കിടകവുമില്ല..
മലകളില്ല പകരം കെട്ടിടങ്ങൾ,,
മണ്ണിലെങ്ങും അഴുക്കുചാലും,,
പ്രകൃതി തകൃതിയാൽ നശിച്ചീടുകയാൽ
മർത്ത്യാ ഓർത്ത്‌ കൊൾക നിനക്കു സർവ്വ നാശം


Monday, June 9, 2014

മരണമേ ......


**********
ക്ഷണിക്ക പ്പെടാത്തൊരു അതിഥിയായി ,,,,,,,
നീയെത്തുമെന്നെനിക്കറിയാം..........
പ്രണയം പോലെ നീയെന്നെ പുൽകുമെന്നും ....
ഒരു തുള്ളി നിശ്വാസം ഈ മണ്ണിൽ ബാകി വെച്ച്
വെറുമൊരു ഓർമയായി മാറുമെന്നു മറിയം
ദേഹിയും ദേഹവും രണ്ടിടങ്ങളിലായി
ഞാൻ എന്ന നാമം ഇല്ലാതെയാവും
വിലപിക്കുവാൻ ആരുമില്ല ,,,,,
വിലാപം കേൾക്കുവാനും.............
ഹൃദയമേ അതിനാൽ നീയൊന്നു വിലപിച്ചു കൊൾക...
എന്നെ തേടിയെത്തുന്ന മരണത്തിനു നീ മാത്രമാണ് സാക്ഷി .
ഒരു തുള്ളി ജലകണം ഈ മണ്ണിൽ ചേർത്ത് വെക്കുന്നു ..
അതൊരു പൂവായി ഒരിക്കൽ വിരിയും ,,,
മരണമേ ,, ഇനി നിനക്കെന്നെ പുണരാം .....
മണ്ണിലും വിണ്ണിലുമായി എന്നെ വേർതിരിച്ചു വെയ്ക്കാം
ഇനി ഒരു ജന്മമെനിക്കീ മണ്ണിൽ അരോചക മാവും .....
സുഖങ്ങൾ ദുഃഖങ്ങൾ ക്ക് വഴി മാറി വരും പോലെ
കാലമേ ശൂന്യമാം ജനിയെ നീ മൃതിയിലെക്ക് ചേർത്തു വെച്ച് കൊൾക
,,, എനിക്ക് ചുറ്റും ഇരുൾ പടരട്ടെ .....
മണ്ണും കല്ലുകളും നിറയട്ടെ ,,,,,,,
അകലുന്ന കാലടികളിൽ ,,,,,നിന്ന് ഏകനായി
മണ്ണോട് ചേരട്ടെ ,,,,, ശുഭമായി .......
.. അസീസ്‌ ഈസ 

Wednesday, June 4, 2014

ശുഭ ദിനം

ബാറക ല്ലാഹു ലകുമ വ ബാറക അലൈകുമാ....
ജീവിതത്തിലെ ..ഏറ്റവും നല്ല ദിനങ്ങളിൽ ..മുഹൂർത്തങ്ങളിൽ ഒന്നാണ് .. ഇന്ന്.. 
എന്റെ കുഞ്ഞനിയത്തിയുടെ .. കല്യാണ ദിനം .........
കണ്ണും മനസ്സും നിറച്ചു കാണാനാവില്ലെങ്കിലും .. ഞാൻ ഏറെ സന്തോഷവാനാണ് 
നേർത്തൊരു വ്യസനം ഉണ്ടെങ്കിലും
പ്രവാസത്തിന്റെ ഈ കോണിലിരുന്നു .,,,
സന്തോഷം നിറഞ്ഞു പെയ്യുന്ന ആ അന്തരീക്ഷം ഞാനറിയുന്നുണ്ട് ........
..... സർവ്വ ഐശ്വര്യങ്ങളും ....ഉണ്ടാവട്ടെ എന്ന് ഹൃദയമറിഞ്ഞു,,പ്രാർത്ഥനയുമുണ്ട് ....
ഈ വിവാഹ സുദിനത്തിന് എല്ലാ മംഗളങ്ങളും .
....ദീർഘയുസ്സും.. ഉണ്ടാവട്ടെ
പുതിയ ജീവിതം ഐശ്വര്യ പൂർണമാവട്ടെ ....................
ആശംസകൾ..................

Sunday, June 1, 2014

കലാലയ മുറ്റത്തു കൂടി

ഓർമ്മകൾ തെളിഞ്ഞും ഒഴിഞ്ഞും വിതുമ്പിയും നിൽകുന്ന ,,,ഈ ജൂണ്‍ മാസ പ്രാരംഭത്തിനു വല്ലാത്തൊരു വശ്യതയാണ്
മഴ മേഘ ക്കൂറുകൾ താളമിട്ടു തുടങ്ങുന്ന ദിനങ്ങൾ..  മണ്ണിൽ പുതു മഴഗന്ദവും മനസ്സിൽ പുത്തനുടുപ്പിന്റെയും പുസ്തകത്തിന്റെയും നിറയുന്ന സൗന്ദര്യ സുഗന്ധം ,,, ഒപ്പം  കൊഴിഞ്ഞു വീണ വേനൽ അവദിയിലെ ബാക്കി  കിടങ്ങുന്ന കളിമുറ്റം മഴയിൽ കുതിർന്നു കഥപറയുന്നുണ്ടാവും ..
സ്കൂളിലെകുള്ള യാത്രയുടെ മങ്ങാത്ത ഓർമ്മകൾ എന്നും
 നിറഞ്ഞു കവിയുന്ന ബസ്സിനുള്ളിൽ തിക്കി ത്തിരക്കി കയറിക്കൂടി പുറം കാഴ്ചയിൽ മയങ്ങി നിൽകുന്നതാണ്,,,,,  മണ്ണിൽ വീണ മീട്ടി പുൽനാമ്പുകളിൽ തിളങ്ങി നിൽകുന്ന മഴത്തുള്ളികൾ  ,,,  ഇളം കാറ്റിനൊപ്പം മുഖത്തു പതിക്കുന്ന തൂവാനത്തുള്ളികൾ ,, പ്രുകൃതി മനോഹരമായി കവിത മൂളുന്നതു ഈ ദിനങ്ങളിലാണ് ......
ഗമയോടെ കലാലയ മുറ്റത്തേക്ക്‌ നടക്കുമ്പോൾ കണ്ണുകൾ കൊണ്ട് തിരയുന്നുണ്ട് ,, അന്ന് പിരിഞ്ഞു പോയ കൂട്ടുകാരെ,, എല്ലാ കുരുത്തക്കേടിനു കൂട്ട് നിൽകാനും     മുൻപിലിരിക്കുന്നവന്റെ കുപ്പായവും ബെഞ്ചും തമ്മിൽ    കൂട്ടിക്കെട്ടാനും  ബെഞ്ചിൽ കോമ്പസ് കൊണ്ട് ചിത്രം വരക്കാനും ,, കൊച്ചു സുന്ദരികളുടെ തലയ്ക്കു കടലാസ് വിമാനം പറത്താനും  കഥാ പുസ്തകം നോട്ടു  ബുക്കിൽ  ഒളിപ്പിച്ചു ഒറ്റയിരിപ്പിനു വായിച്ചു തീർക്കാനും മാഷിന്റെ കയ്യിൽ നിന്ന് അടി വാങ്ങാനും കൂടെയുണ്ടായിരുന്ന സഹപാഠിയെ ...
ചിലപ്പോൾ ചില കൂട്ടുകാർ നഷ്ടപ്പെട്ടു പോയിട്ടുണ്ടാവും ,,  വേറെ കലാലയ ത്തിലേക്ക് അവരുടെ ലോകത്തേക് നേർത്ത വ്യസനം അന്ന് ചുണ്ടിലുണ്ടാവും
,, അവൻ വേണായിരുന്നു ,, എന്നൊരു വാക്കിൽ..
പെയ്തൊഴിഞ്ഞ മഴപോലെ ഇടനാഴികളിൽ സൌഹൃദത്തിന്റെ നിസ്വനങ്ങൾ ചിലപ്പോൾ കേൾക്കാം,, കളിക്കൂട്ടുകാരുടെ   ഹൃദയ സ്പന്ദനങ്ങൾ
പതിയെ പുതിയ കൂട്ടുകാരും പുത്തൻ കാഴ്ചകളുമായി തന്റെ ലോകത്തേക്ക് സന്നിവേശിക്കുന്നു ...
ചിലതൊക്കെ മറക്കാൻ ദൈവം കഴിവ് തന്നെങ്കിലും .. ചിലത് പിന്നെയും ഹൃദയ തന്ത്രികളെ ഓർമപ്പെടുത്തലായി കടന്നു വരും ...
പുതിയൊരധ്യായന  വർഷം കൂടി സമാഗതമാവുമ്പോൾ .. മനസ്സിലേക്ക് വെറുതെ ഓർമ്മകൾ തേടിയെത്തുന്നു ,,,
............ കാലത്തിന്റെ കുസൃതികളിൽ മനസ്സിൽ മറയാത്ത  കലാലയ സുവർണ്ണ മുത്തുകൾ .......
അക്ഷര  പ്പൂക്കൾ തേടിയെത്തുന്ന  കുരുന്നുകൾക്ക്.......ഒരായിരം ആശംസകൾ

Friday, May 23, 2014

അനുപമം . . .

ചിതറിക്കിടക്കുന്ന അക്ഷരമൊട്ടുകൾ  പെറുക്കിയെടുത്ത്
മറവിയിൽ മയങ്ങുന്ന നിസ്വനങ്ങളോട് ചേര്‍ത്ത് വെച്ചപ്പോൾ
എന്തിനോ ഹൃദയമൊന്നു വിതുമ്പി നിന്നു . .
ഏതോ പോയ കാലത്തിന്റെ മൂകമായ സ്മരണകളിലെന്ന പോൽ  . . .
നിണമൊഴുകി മായാതെ കിടക്കുന്ന പാടിൽ ഓർമ്മകൾ കൊണ്ടൊന്നു
പോറിയതു കൊണ്ടാവാം . നേർത്തൊരു നീറ്റല്‍ . . . അവശേഷിക്കുന്നു

Thursday, May 1, 2014

മഴവില്ല് മായും മുന്പേ


   . . . .  .  . ഇതെങ്ങന്യാ ഉമ്മച്ചീ . ഈ പൂവ് താഴെ പോയെ .

ചെടികള്ക്കിടയിൽ നിന്ന്   ആമി മോളുടെ ചോദ്യമാണ് ബാനുവിനെ ചിന്തയില്‍ നിന്ന് ഉണർത്തിയത് . .  .

എനിക്കറിയില്ല'' . .  ബാനു അലസമായി പറഞ്ഞൊഴിഞ്ഞു

''''ഇത്  വല്യ പൂവായിരുന്നില്ലാലൊ ''

ആമി വിടാനുള്ള ഭാവമില്ല

അവള്‍ കുഞ്ഞിനെ തന്നെ ഉറ്റു നോക്കി ഇരുന്നു ചില നിമിഷങ്ങള്‍

വലിയ പൂവായിരുന്നില്ല . .  വിടരും മുന്പേ കൊഴിഞ്ഞു പോയൊരു പൂവ്

തന്നെ പോലെ

ബാനു  ദീർഘമായി ഒന്നു നിശ്വസിച്ചു

ആമി മോൾ പിന്നെയും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ചെടികൾക്കിടയിലൂടെ നടന്നു കൊണ്ടിരുന്നു

 ബാനു വെറുതെ അതു നോക്കിയിരുന്നു

ഈ മുറ്റത്തും ചെടികൾക്കിടയിലും ഒക്കെയായി പറന്നു നടന്നിരുന്ന ഒരു പൂമ്പാറ്റയായിരുന്നു താനെന്ന് ഓര്‍ത്തു അവള്‍

കുസൃതി നിറഞ്ഞ കൗമാരക്കാരി പെൺകുട്ടി

എന്തിനും ഉമ്മച്ചിയോട് വഴക്കിടുന്ന ബാപ്പാനെ കണ്ടാല്‍ നല്ല കുട്ടി ചമഞ്ഞ് ബഹുമാനിക്കുന്ന ബാനൂട്ടി പിന്നീട് എപ്പോഴോ ആണ് താന്‍ മാറിപ്പോയത്

ജീവിതം ഇങ്ങനെയൊക്കെ ആയത്

ഓര്‍മ്മകളിലേക്ക് മനസ്സ് വഴുതിപ്പോവാതെ ബാനു തലയൊന്ന് കുടഞ്ഞു തികട്ടി വന്ന തേങ്ങല്‍ പണിപ്പെട്ട് അടക്കി  അപ്പോഴും അനുസരണയില്ലാതെ ഒരു തുള്ളി ജലകണം കണ്ണില്‍ മിന്നി മറഞ്ഞു .,

ബാനു എഴുന്നേറ്റ് ആമി മോളെയും കൂട്ടി അകത്തേക്ക് നടന്നു മുറിയില്‍ തൂക്കിയിട്ടിരുന്ന കണ്ണാടിക്കു മുന്നില്‍ . അറിയാതെ നിന്നു പോയി

അതില്‍ തെളിഞ്ഞു വന്ന വികൃതമായ  തന്റെ മുഖം .

അത് ബാനുവല്ല വേറെ ആരോ ആണ്‌ ,,,,

വികൃതമായ മുഖവും ശരീരം മുഴുക്കെ മുറിപ്പാടും കീറിയ ഹൃദയവും ഉള്ള ഏതോ ഒരുത്തി .

അവള്‍ ക്ക് അങ്ങനെ പറഞ്ഞ് നിലവിളിക്കാൻ തോന്നി

....

പ്ളസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയ അന്ന് പതിവില്ലാതെ നാലു പേര്‍  ഉണ്ടായിരുന്നു

കൂട്ടത്തില്‍  ബ്രോക്കര്‍ അബൂക്കാനെ  മാത്രം ബാനു വിന് മനസ്സിലായി . ബാക്കിയുള്ളവരെ പരിചയമില്ലായിരുന്നു

തല താഴ്ത്തിയിട്ട് അകത്തേക്ക് കയറിയ ഉടനെ ഉമ്മ ച്ചിയോട് തിരക്കി

എന്താ ഉമ്മ അവരൊക്കെ ഇവിടെ .

ഉമ്മ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും . ആ മുഖത്ത്‌ നിന്ന് വായിച്ചെടുതക്കാൻ ബാനുവിന് കഴിഞ്ഞു

അതിനു രണ്ടു ദിവസം കഴിഞ്ഞാണ് പെണ്ണു കാണലിനു ചെറുക്കനും കൂട്ടരും എത്തിയത്  ,,

ഹാരിസ് ,, ഒറ്റ നോട്ടത്തിൽ തന്നെ ആരും ഇഷ്ടപ്പെട്ടു പോകും

ശാന്തമായ മുഖം സംസാരത്തിലും ചലനത്തിലും നിറഞ്ഞ മാന്യത . . .

അതു കൊണ്ടാണ്ടാവണം ബാപ്പ രണ്ടാമതൊന്നു ആലോചിക്കാതെ ഈ കല്ല്യാണത്തിനു സമ്മതിച്ചത് .

അന്ന് ഹാരിസിന്റെ ഉമ്മയാണ് പറഞ്ഞത് . ''കല്ല്യാണം കഴിഞ്ഞാല്‍ പെണ്ണിനെ കുടകിലേക്ക് കൊണ്ടു പോവും അവിടെയാണ് കുടുംബവും മറ്റു മൊക്കെ ''

ബാപ്പ മനസ്സില്ലായ്മയോടെ നിന്നപ്പോള്‍ അബൂക്കയാണ് പറഞ്ഞത്

നിക്കാഹ് കയിഞ്ഞാ പിന്നെ കുട്ടി അവ്ടെന്നല്ലേ   നിക്കണ്ട്യത്  . . അതോടെ ബാപ്പയ്ക്കു സമ്മതമായി . കർണാടകയിലെ കുടക് ജില്ലാ അത്ര ദൂരമൊന്നുമല്ല എന്ന ചിന്തയയായിരുന്നു എല്ലാവര്‍ക്കും . .

 പിന്നെ എല്ലാം വളരെ ധൃതിയിലായിരുന്നു ......

കല്ല്യാണം വലിയ ആര്ഭാടമില്ലാതെ കഴിഞ്ഞു . നാല്പ്പതു പവൻ സ്വര്‍ണ്ണം വാപ്പ   സ്ത്രീധനമായി തന്നു . . .


ഒരു മാസത്തിനകം വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങി

സ്വപ്നങ്ങള്‍ െനെയ്തു കൊണ്ട്

ഇതു വരെ കണ്ടിട്ടില്ലാത്ത വഴിയിലൂടെ

നേര്‍ത്ത ഇരുൾ പരന്നു കിടക്കുന്ന വന പ്രദേശങ്ങളിലൂടെ  ബസ്സ് സന്ജരിച്ചു

റബ്ബര്‍ മരങ്ങൾ ഉലഞ്ഞു നില്‍ക്കുന്ന നാട് ചിലയിടങ്ങളിൽ തെങ്ങും  കവുങ്ങും വാഴയും . അതിനിടയിലൂടെ ഒഴുകുന്ന പുഴകൾ

തണുത്ത ഈറൻ കാറ്റ് വീശുന്ന സന്ധ്യയില്‍ എത്തപ്പെട്ട നാടിന്റെ പേര് കുടക് എന്നായിരുന്നില്ലെന്ന് ബാനു ഓര്‍ത്തു
  ഒറ്റപ്പെട്ട ഒരു കൊച്ചു വീട് കുറച്ചു മാറി വീടുകള്‍ ഉണ്ടെങ്കിലും . മറ്റു വീടുമായി സംബര്ക്കം വേണടന്ന് ഹാരിസ് പറഞ്ഞിരുന്നു .   കാരണം തിരക്കിയില്ല . പറയുന്നത് ഭര്‍ത്താവ് ആണ്‌ . .
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം
സംസാരത്തിനിടെ എന്നോ ആണ്. . ഹാരിസ് പറഞ്ഞത് .  മൈസൂരിലെ കൃഷ്ണരാജ നഗരാണ് അതെന്ന് .
അന്ന് മുള പൊട്ടിയ സംശയം  . . എന്തിനാണ്  കുടക് എന്നൊരു കള്ളം പറഞ്ഞത് . .
 ക്രമേണ . ഹാരിസിന്റെ ഉമ്മ യുടെ സ്വഭാവത്തിലെ മാറ്റം   . കണ്ട് പകച്ചു നില്‍ക്കാന്‍ മാത്രമാണ് കഴിഞ്ഞത് രാത്രി കിടക്കാന്‍ നേരം ഹാരിസിനോട് പറഞ്ഞത്  .
സഹിക്കുന്നതിന്റെ അങ്ങേയറ്റം വരെ  സഹിച്ചു  അത് കൊണ്ടാണ്  രാത്രി കിടക്കാന്‍ നേരം ഹാരിസിനോട് പറഞ്ഞത്
ഉമ്മയുടെ മാറ്റം
പക്ഷേ   മറുപടി ബാനു പ്രതീക്ഷിച്ചതല്ലായിരുന്നു .
തൊട്ടതിനും പിടിച്ചതിനും ഒക്കെ . നീയിങ്ങനെ തുള്ളേണ്ട ആവശ്യമൊന്നൂല്ല .  ഉമ്മ പറയുന്നത് കേട്ടാല്‍ മതി .
പിന്നീട് ഒന്നും പറഞ്ഞില്ല .
ഇടക്ക് വീട്ടിലേക്ക് വിളിച്ചു സംസാരിക്കുമ്പോൾ എല്ലാ മറക്കും .
പക്ഷേ . കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അതും നിന്നു ഫോണ്‍ കേടായിരുന്നു .
വീട്ടില്‍ വിളിക്കാതെ  ആഴ്ച പിന്നിട്ടപ്പോഴാണ് .
നാട്ടില്‍ ഒന്ന് പോയി വരാം എന്ന്  ഹാരിസിനോട് ചോദിച്ചത് .
സമ്മതം  മൂളിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു . .
പിറ്റേന്ന് തയ്യാറാവാൻ പറഞ്ഞിട്ട് . ഹാരിസ് പുറത്ത് പോയി .
ബാനു അത്ത്യാവശ്യം കുറച്ച് സാധനങ്ങള്‍ ബാഗിലാക്കി വസ്ത്രം ധരിച്ച് .  അണിയാനുള്ള സ്വര്‍ണ്ണം നോക്കിയപ്പോള്‍  തല കറങ്ങി
  അലമാര ശൂന്യമായിരുന്നു .  . . .
 ഒരുപാട് സംശയങ്ങൾ മനസ്സിലൂടെ മിന്നി മാഞ്ഞു
 ഹാരിസ് വന്നപ്പോള്‍  ചോദിച്ചു  സ്വര്‍ണ്ണം എവിടെ . .
അയാള്‍ അതു നിസാരമായി പറഞ്ഞു .
ഒാ അതോ അതു ഞാന്‍ വിറ്റു .
വിറ്റൊ . എന്നോട് ചോദിക്കാതെയൊ   അറിയാതെ ബാനു ചോദിച്ചത് അങ്ങനെയാണ് .
 അയാളുടെ ഭാവം മാറിയത് പെട്ടന്നാണ് . .
കവിളില്‍ ഒരടിയായിരുന്നു മറുപടി
 കണ്ണില്‍ ഇരുട്ട് കയറിയത് മാത്രം ഓര്‍മ്മയുണ്ട്
എപ്പോഴോ ഉണരുമ്പോൾ  വീടുനുള്ളിൽ ആരുമില്ലായിരുന്നു . .
 ഹാരിസും ഉമ്മയും എത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു
അതിന്റെ പിറ്റേ ദിവസമാണ്   തന്റെ വയറ്റില്‍ ഒരു ജീവന്റെ തുടിപ്പുണ്ടെന്ന് മനസ്സിലായത്
ആരെയും അറിയിച്ചില്ല .
പക്ഷേ എങ്ങനെയോ ഉമ്മ മനസ്സിലാക്കി . . .  രാത്രി ഹാരിസ് പറഞ്ഞു
ആ കുഞ്ഞ് വേണ്ട . അതിനെ ഒഴിവാക്കാം . . നാളെ ആശുപത്രി പോണം . .
ബാനു മറുപടി പെട്ടെന്നു പറഞ്ഞു .
പറ്റില്ല .
ക്രുദ്ധനായി അയാള്‍ .   ബെൽറ്റെടുത്തു വീശി . ബാനു പുളഞ്ഞു .
 . അന്ന് തൊട്ട് ഒരാഴ്ചയോളം രാത്രി യില്‍ ബെൽറ്റ് കൊണ്ടുള്ള പ്രഹര മായിരുന്നു
ശരീരം മുഴുവന്‍ മുറിവുകളായി . എന്നിട്ടും കുഞ്ഞിനെ നശിപ്പിക്കാൻ കൂട്ടാക്കിയില്ല .
 അതിനു പകരം . എവിടെ നിന്നോ  ഒരു കുപ്പി ആസിഡ്  ബാനുവിന്റ നേരെ എറിഞ്ഞത്
തെന്നി മാറിയെങ്കിലും കുപ്പി പൊട്ടി അതില്‍ നിന്നും മുഖത്തേക്ക് തെറിച്ച് വീണത്
 പ്രാണ രക്ഷാർത്ഥം ഇറങ്ങയോടി . ആദ്യം കണ്ട വീട്ടില്‍ ചെന്നു കയറി അവരാണ് . . ആശുപത്രിയില്‍ എത്തിച്ചതും പോലീസില്‍ വിവരം അറിയിച്ചതും .
പൊലീസിന്റെ സഹായത്തോടെ നാട്ടില്‍ വന്നത് . .
  ബാനൂ  . പുറത്തു നിന്ന് വാപ്പാന്റെ വിളിയാണ് . . ബാനുവിന്റെ ചിന്തയെ മുറിച്ചത് .
അവള്‍ മുഖം തുടച്ച് .
 പുറത്തേക്ക് നടന്നു . .
((ഇത് ഒരു ഫിക്ഷൻ മാത്രമാണ് . . . .
യാഥാര്‍ഥ്യം . നടുക്കുന്നതാണ് .  അന്യ ദേശ കല്യാണം . പണത്തിനും സ്വർണത്തിനും വേണ്ടി
നടക്കുന്നു . . . മലബാറിൽ മൈസൂർ കല്യാത്തിന്റെ ഇരകൾ . എത്രയോ ഉണ്ട് . . റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായി . . .
സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ് . . നമ്മുടെ പെൺ കുട്ടികള്‍ക്ക്  നല്ല ബന്ധം . ഉറപ്പ് വരുത്തുക . . .) 

Sunday, April 27, 2014

എന്റെ സഹചാരി

ഞാന്‍ യാത്രയിലാണ് .
ജനിയിൽ നിന്ന് മൃതിയിലേക്കുള്ള യാത്രയില്‍
കൂട്ടിനായി കറുത്തരു തോഴൻ നിഴലുണ്ട്
എന്റെ ചുവടുകൾക്കു സമമായി
 എന്റെ മൃതി വരെ എങ്കിലും കൂട്ടിനുള്ള എന്റെ
  ഏക  സഹചാരി .
 എന്റെ കാവലാൾ . .
അറിയില്ല . . എൻ ജീവിത ഉടനീളെ
കൂട്ടു വന്നവൻ  .
മരണത്തിനു ശേഷം . എങ്ങു പോവും
മണ്ണില്‍ ലയിക്കുന്ന ശരീരത്തിനൊപ്പമോ . .
വിണ്ണിൽ മറയുന്നെൻ . ആത്മാവിനൊപ്പമോ . .
അതോ ബന്ധു മിത്രാതി കളെ പോൽ
പിന്തിരഞ്ഞു പോകുമോ .
കണ്ണീരിൻ മേംപൊടി ചേര്‍ത്ത്
നീയുമെനിക്ക് യാത്രയേകുമോ . . .

Sunday, April 6, 2014

തടവറ

ഓരോ മനുഷ്യനും ഓരോ തടവറയിലാണ്
ജനന മെന്ന അപരാധത്തിന് നൽകപ്പെട്ട ശിക്ഷ
 ജീവിത മെന്ന തടവറയുടെ  ആദ്യ കവാടം കടന്നു
ബാല്യ കൗമാര യൌവ്വന വാർധക്യ,,,,
എന്ന പേരിലുള്ള  നാല് കവാടങ്ങൾ
പ്രവേശിക്കുംതോറും അപ്രത്യക്ഷമാകുന്ന
മാന്ത്രിക കവാടങ്ങൾ ;;;;
പിന്നെ തടവറയിൽ
ബന്ധത്തിന്റെ
വിശ്വാസത്തിന്റെ ..
അറിവിന്റെ
അറിവില്ലായ്മയുടെ
ദുഃഖ സന്തോഷ മിശ്രിതത്തിന്റെ
 സമ്പന്നതയുടെ  .......
ദാരിദ്രിയത്തിന്റെ,,,,,,,,
അധികാരത്തിന്റെ
ലാഭ നഷ്ടങ്ങളുടെ
 ബന്ധനത്തിന്റെ
സ്നേഹത്തിന്റെ
പ്രണയത്തിന്റെ
ഏകാന്തതയുടെ ........
ഒടുക്കം,,,
മരണ മെന്ന മോചനം വരെ ഓരോ തരം...തടവറയിൽ 

Monday, March 31, 2014

ഒരു തിരി നാളം

ഏതോ ഒരു സന്ധ്യാ യാമത്തിൽ എൻ ഹൃദയത്തിൻ പൂമുഖപ്പടിയിൽ കൊളുത്തിവെച്ച മണ്‍ ചിറാതിലെ പൊൻ തിരി വെട്ടം ....
പ്രണയമായി പ്രഭ ചൊരിഞ്ഞ് സ്നേഹമായി തഴുകിയിരുന്നു 
കാല ബിന്ദുവിൽ എവിടെയോ ഇരുളിൽ ആ തിരി നാളം 
അപ്രത്യക്ഷമായി 
പുൽ നാമ്പിലെ മഞ്ഞു കണമായി വെയിൽ നാളത്തോടൊപ്പം 
ഉരുകിയില്ലതായപോൽ .................... 
പാതിരാവിൽ ഉദിച്ചു പുലരിയെ പുണരാത്ത ധ്രുവ നക്ഷത്രമായി 
~~~~~
പെയ്തൊഴിഞ്ഞിട്ടും ഇലച്ചാർത്തിൽ വിതുമ്പി നിന്നിരുന്ന ഒരു മഴത്തുള്ളി
എന്റെ മൂർധാവിൽ വീണു പതിഞ്ഞിരുന്നു ,
ആരുടെയോ കണ്ണ് നീരുപോൾ ഹൃദയ രക്തം പോൽ
ഋതുക്കളുടെ യാത്ര പറച്ചിലിൽ ,,,
ഹൃദയത്തിൻ ഏതോ കോണിൽ ,,,,,, നേർത്തൊരു നോവിൽ
അതൊഴിഞ്ഞു നിൽകുന്നു........

Tuesday, March 4, 2014

ശൂന്യ ജാതകം

        നഗരത്തിലെ തിരക്കൊഴിഞ്ഞ ഭാഗം നോക്കി ഗിരി വേഗത്തിൽ നടന്നു കൊണ്ടിരുന്നു , ഇരുൾ വ്യാപിച്ചു തുടങ്ങുന്നു
മഴ മേഘങ്ങൾ ഇരുണ്ട് കൂടുന്നുണ്ട് വീശിയെത്തുന്ന കാറ്റിനു മഴയുടെ ഗന്ധമുണ്ട് നേർത്ത കുളിരും .
ബസ് കയറാനൊരുങ്ങിയപ്പോഴാണ് ശ്രീകുട്ടി പറഞ്ഞ  കല്ലു മാല സെറ്റിന്റെ   ഓർമ വന്നത്
തൊട്ടടുത്ത കടയിൽ  കയറി    
ഭംഗിയുള്ള ഒരു സെറ്റ്  വാങ്ങി കവറിലാക്കി ധൃതിയിൽ നടക്കാനൊരുങ്ങവേ  കയ്യിൽ ആരോ തൊടും  പോലെ
നോക്കിയപ്പോൾ ഒരു കൊച്ചു പെണ്‍കുട്ടി
തനിക്കു നേരെ നീട്ടി നിൽകുന്ന ചെറു  പാത്രത്തിലേക്ക് ഗിരി ചില നിമിഷം നോക്കി നിന്നു ,, പിന്നെ  തിളങ്ങുന്ന അവളുടെ കണ്ണുകളിലേക്കും
പിറകോട്ടു ഒതുക്കി വെച്ച അനുസരണയില്ലാത്ത പൊടി  പടലങ്ങൾ പറ്റിപ്പിടിച്ച അവളുടെ  മുടിയിൽ ചിലത്  നെറ്റിയിൽ വീണു കിടക്കുന്നു
വിഷാദം നിറഞ്ഞ മുഖത്തു ഒട്ടിച്ചു വെച്ചത് പോലുള്ള പുഞ്ചിരി ,, മുഷിഞ്ഞ വേഷം  നിറം മങ്ങിയ പ്ലാസ്റ്റിക് വളകൾ കൈത്തണ്ടയിൽ കാണാം , ആറോ ഏഴോ പ്രായം തോന്നിക്കും
ഗിരിയുടെ മനസ്സിലേക്ക് ശ്രീ കുട്ടിയുടെ മുഖം ഓടിയെത്തി
കുറെ നേരം അവളെ ഉറ്റു നോകിയത് കൊണ്ടാവണം ,, അവൾ ഗിരിയുടെ കയ്യിൽ  ഒന്നൂടെ തട്ടി
അവളെ ഒരിക്കൽ കൂടി നോക്കിയിട്ട് പോകറ്റിൽ നിന്ന് പത്തിന്റെ ഒരു നോട്ടെടുത്ത് പാത്രത്തിലേകിട്ടു  നടന്നു നീങ്ങി ,,
വെറുതെ ഒന്ന് തിരിഞ്ഞു നോകുമ്പോൾ അവൾ  ആൾ കൂട്ടത്തിൽ ഒരാളെ തട്ടി വിളിക്കുന്നുണ്ടായിരുന്നു
,,,,,
ബസ്സിലിരിക്കുമ്പോൾ മനസ്സ് നിറയെ ആ പെണ്‍കുട്ടി ആയിരുന്നു ,, എന്ത് കൊണ്ടാണ് എന്നറിയാതെ ,മനസ്സിൽ  ഒരു തേങ്ങൽ പോലെ,, തിളങ്ങുന്ന കണ്ണിലെ വിഷാദ ഭാവമായിരിക്കുമോ .
തന്റെ ശ്രീകുട്ടിയുടെ അത്രയുമേ പ്രായം വരൂ ആ കുട്ടിക്കും ,,
ബസ്സിറങ്ങി വീട്ടിലേക് നടക്കുമ്പോൾ ഇരുൾ  നിറഞ്ഞിരുന്നു  ,,
മാനത്തു അർദ്ധ ചന്ദ്രൻ നേരിയ വെളിച്ചം വിതറി നിൽകുന്നു ,,, നേരത്തെ പെയ്യാനൊരുങ്ങി  നിന്ന മഴ മാഞ്ഞു പോയിരിക്കുന്നു ,,
അകലെ അടുക്കി വെച്ചത് പോലെ വീടുകൾ  കാണാം,   തന്റെ വീട്ടിൽ ഒഴികെ മറ്റു  വീടുകളിൽ  വെളിച്ചം മിന്നുന്നുണ്ട് ,,
അവിടെ മാത്രം എന്ത് പറ്റി  ഫീസ്‌ പോയിക്കാണും ,, പകരം ഒരു മെഴുകു തിരി വെളിച്ചം പോലും കത്തിച്ചു വെച്ചില്ലേ ,,
പടി കടക്കാനൊരുങ്ങുമ്പോൾ  വിളി കേട്ടു
,,
''ഗിരീ .. അഭി ,,അവിടെ ഇല്ല മോളേം കൊണ്ട് ആശുത്രീലോട്ട്  പോയി . തൊട്ടയൽ വക്കത്തെ രാധേടത്തി ടോർച്ചും  മിന്നിച്ചു കൊണ്ട് നടന്നു വരുന്നു
''കൊച്ചിന് വയ്യായ്ക കൂടി ""
എന്നിട്ട് എന്നെ വിളിക്കാതെ പോയതെന്തേ ''
''നിന്നെ വിളിച്ചിട്ട് കിട്ടീല്യ ''
ഗിരി ഫോണ്‍  എടുത്തു നോക്കി .. അത് സ്വിച്ച് ഓഫ്‌ ആയിരുന്നു
അയ്യോ ഇത് ഓഫ്‌ ആയിരുന്നു ശ്രദ്ധിച്ചില്ല ''
ദാ താക്കോലുണ്ടിവിടെ ,, അഭിക്കൊപ്പം രാഘവേട്ടനുമുണ്ട് ''
താക്കോൽ വാങ്ങി പെട്ടെന്ന് വീട് തുറന്നു സാധനങ്ങൾ അകത്തു വെച്ച് പൂട്ടി പുറത്തിറങ്ങുമ്പോൾ ,, രാധേടത്തി പടിക്കൽ തന്നെയുണ്ട്
"ഇവിടെ ക്ലിനിക്കിലെകല്ല ടൌണി ലേക്കാ കൊണ്ടോയത് നീ എങ്ങനെയാ പോവുന്നെ "
നോക്കട്ടെ ,,""
അയാൾ  ഇരുട്ടിലൂടെ നടന്നു  വല്ലാത്തൊരു ഉൾഭയം മനസ്സില് നിറഞ്ഞു നിന്നു
,,,, കവലയിൽ ഒരു ഓട്ടോ ഉണ്ടായിരുന്നു ,, പരിചയക്കാരൻ ,, അയാളോട് കാര്യം പറഞ്ഞു ,, പെട്ടന്ന് വണ്ടിയെടുത്തു അയാൾ ,
ഒട്ടോയിലിരിക്കുമ്പോൾ  വല്ലാത്ത തളർച്ച  തോന്നി ,, ശ്രീ കുട്ടിക്ക് ഹർട്ടിന്റെ വാൽവിനു ഉള്ള കുഴപ്പമെന്നാണ്
 ,,ഡോക്ടർ മാർ  പറഞ്ഞത്  ഒരു ഓപ്പറെഷനിലൂടെ മാത്രമേ സുഖപ്പെടുത്താനാവൂ ,, നല്ല ചിലവു വരുമത്രേ ..,,
 ഉള്ള ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം ദിവസ ചിലവിനു തന്നെ കഷ്ടി  .  എത്ര ചികിത്സിച്ചു ഉള്ളതൊക്കെ അതിനു വേണ്ടി വിറ്റു പെറുക്കി ഇനി ഉള്ളത് അഞ്ചു സെന്റ്‌ ഭൂമിയും ആ കുടിലുമാണ് ,എത്ര ആളുകളോട് പറഞ്ഞു അതൊന്നു വിറ്റുതരാൻ,
നാല്  ലക്ഷമൊന്നും  അതിനു കിട്ടില്ല എന്നാണു ബ്രോക്കർ അപ്പൂട്ടൻ പറയുന്നത്  രണ്ടരക്ക് ഒപ്പിച്ചു തരാമെന്നു ,, എങ്കിൽ ബാക്കി എങ്ങനെയുണ്ടാക്കും ,,,
,,,,,,, എന്ത് വേണ്ടൂ ദൈവമേ ഞാൻ ,,, എന്റെ കുഞ്ഞ് ...
ഓട്ടോ ആടിക്കുലുങ്ങി  ആശുപത്രി മുറ്റത്തു നിന്നു
..,,
കോറിഡോറിൽ  രാഘവേട്ടൻ നില്കുന്നത് ദൂരെ നിന്ന് കണ്ടു
ഒരു ഓട്ടത്തിന് അടുത്തെത്തി ,, എവിടെ രാഘവേട്ടാ അവര്
,, അയാൾ തല തിരിച്ച് ആംഗ്യം  കാട്ടി
ഒരു തൂണിൽ ചാരി നിൽകുന്നു  അഭിരാമി ,,
ഏതോ ശൂന്യതയിൽ മിഴിയയച്ച്
ഒരു ഭീതി അയാളെ ചുഴിഞ്ഞു നിന്നു
വിറയ്കുന്ന  പാദം  വലിച്ചെടുത്തു അവൾക്കു  നേരെ നടന്നു ഗിരി.
അഭീ ''
ഒരു ഞെട്ടലിൽ അഭിരാമി ഉണർന്നു ഗിരിയെ നോക്കി
പിന്നെ ഒരു നിലവിളിയോടെ നെഞ്ഞിലേക്ക് വീണു
"പോയി ഗിരിയെട്ടാ നമ്മുടെ മോള് "
 ശ്വാസം വിലങ്ങിയ പോലെ  തോന്നി അയാൾക്ക്‌ കണ്ണുകളിൽ ഇരുട്ട് പടർന്നു
ഭൂമി തനിക്കു ചുറ്റും അതിവേഗത്തിൽ കറങ്ങുന്നു
അഭിരാമിയെ  ചേർത്തു  പിടിച്ചു
 ഏതോ ഗർത്തത്തിൽ  നിന്ന്എന്ന പോലെ  രാഘവേട്ടന്റെ ശബ്ദം കേട്ടു
''കൊണ്ട് വരുമ്പോ തന്നെ കുഞ്ഞിനു തീരെ വയ്യായിരുന്നു  , നിന്നെ കുറെ വിളിച്ചു ,, കിട്ടിയില്ല ,,, ഇവ്ടെ എത്തിയപ്പോഴേക്കും ,, കഴിഞ്ഞിരുന്നു ,,
;;;
വീടിനോട് ചേർന്ന് ശ്രീ കുട്ടിയുടെ ശരീരം സംസ്കരിച്ചു , കുഴി മാടത്തിന് മീതെ നിന്ന് ഗിരി വിറയ്കുന്ന കൈകൾ  കൊണ്ട് ഇത്തിരി മണ്ണ് വാരി നെഞ്ചോടു ചേർത്തു,,  ഹൃദയം വിങ്ങിപ്പൊട്ടുന്നു ,, വല്ലാത്തൊരു നീറ്റൽ
പിന്നെ അതെവിടെ തന്നെ ഇട്ട് അകത്തേക് നടന്നു
അശ്രു പൂക്കൾ അർപ്പിക്കാനെത്തിയ ജനക്കൂട്ടം പിരിഞ്ഞു തുടങ്ങിയിരുന്നു
അടുത്ത ബന്ധുക്കളും അയൽ  വക്കക്കാരും മാത്രം ബാകിയായി
അഭിരാമിയുടെ തളർന്ന നിശ്വാസം ഇടയ്ക്കിടെ ഉയർന്നു  കേൾക്കാം
കർപൂരത്തിന്റെ ഗന്ധം ചുറ്റും നിറഞ്ഞു നിൽകുന്നു
ഗിരി ഉമ്മറത്ത് നിന്നു അകത്തേക്ക് കയറി
ഒരു ശൂന്യത പൊതിഞ്ഞു പിടിക്കും പോലെ
ഇന്നലെ വരെ ഈ വീട്ടിൽ  ശ്രീ കുട്ടിയുടെ കളിതമാശകൾ നിറഞ്ഞു നിന്നിരുന്നു
അവളുടെ കുസൃതികളിൽ എല്ലാം മറക്കും .. അവളുടെ കൊഞ്ചലിൽ ആണ് ഈ വീടുണർന്നിരുന്നത് ....
ശ്രീ കുട്ടിയുടെ പാഠ പുസ്തകങ്ങൾ മേശപ്പുറത്തു അടുക്കി വെച്ചിരുന്നു ചുമരിൽ അവളുടെ ചിരിക്കുന്ന മുഖം
,,,പൊന്നു മോളെ ഈ അച്ഛനോട് ഒന്നും മിണ്ടാതെ നീ പോയോല്ലോടി ,,, തികട്ടി വന്ന കരച്ചിൽ പണിപ്പെട്ടു അടക്കി അയാൾ
പിന്നെ പതിയെ കട്ടിലിലേക് ചാഞ്ഞിരുന്നു
അപ്പോഴാണ്‌ കവർ ശ്രദ്ധിച്ചത് ഇന്നലെ ശ്രീ കുട്ടിക്ക്  വാങ്ങി വന്ന കല്ലുമാല
അയാൾ അതെടുത്തു നെഞ്ചോടു ചേർത്തു ,,
ഒന്ന് പൊട്ടിക്കരയണ മെന്നു തോന്നി ,,
എത്ര നിയന്ത്രിച്ചിട്ടും മിഴി പൊട്ടിയൊഴുകി ......
എന്റെ മോളേ ,,,,,,,,  മനസ്സിൽ ഒരു നിലവിളി കുരുങ്ങിക്കിടന്നു പിടഞ്ഞു
പൊടുന്നനെ  ഇന്നലെ കണ്ട ആ പെണ്‍കുട്ടിയുടെ മുഖം മനസ്സില് തെളിഞ്ഞു വന്നു ,,
കയ്യിൽ കിടന്ന മാല ഗിരി കവറിലാക്കി ... പുറത്തിറങ്ങി
ആദ്യം കിട്ടിയ ബസ്സിൽ കയറി ... ഇത് ആ കുട്ടിക്ക്  കൊടുക്കണം
ആ കുട്ടിക്ക് തന്റെ മോളുടെ രൂപമുള്ളതു  പോലെ
ബസ്സിറങ്ങി
തലയ്ക്കു മുകളിൽ സൂര്യൻ ജ്വലിച്ചു നിന്നു .. വിഹ്വലമായ നഗരത്തിലെ
ഇന്നലെ  നടന്ന വഴിയിലൂടെ കുറെ നടന്നു
അവിടെയെങ്ങും കണ്ടില്ല
നഗരത്തിൽ ആ പെണ്‍കുട്ടിയെ തിരഞ്ഞു അലഞ്ഞു  
ഒരു ഭ്രാന്തനെ പോലെ ,,,,
കത്തി നിന്ന സൂര്യൻ പടിഞ്ഞാറ് ചാഞ്ഞു കൊണ്ടിരുന്നു ,,
ഒരുപാട് അലഞ്ഞു ഗിരി അവിടെങ്ങും ആ പെണ്‍കുട്ടിയെ കാണാൻ കഴിഞ്ഞില്ല ... കടപ്പുറം ലക്ഷ്യമാക്കി നടന്നു അയാൾ
അലറി വിളിക്കുന്ന തിരമാലയെ നോക്കി ചില നിമിഷം നിന്നു
പിന്നെ ആ മണലിൽ വീണ് മാല പൊതിഞ്ഞ കവർ നെഞ്ചിൽ ചേർത്ത്    ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു ,,


Friday, February 21, 2014

സ്നേഹ പൂർവ്വം

,,,,എന്റെ പ്രിയപ്പെട്ടവൾക്ക്‌...
ഞാൻ കുറിച്ച് തുടങ്ങുന്ന എന്റെ അക്ഷരങ്ങൾ നിന്നോടുള്ള പ്രണയ വായ്പുകളാണ് .......!!
ഞാൻ പറഞ്ഞു തുടങ്ങുന്ന എന്റെ വാക്കുകൾ നിനക്കുള്ള പ്രണയ സമ്മാനങ്ങളും !!!
'' ഞാൻ ശ്വസിക്കുന്ന വായുവിൽ പോലും നിന്റെ പരിമളം നിറഞ്ഞു നിൽകുമ്പോൾ എനിക്കെങ്ങനെയാണ് ഉറങ്ങാനാവുക , പകലസ്ഥമിച്ചിട്ടു യാമങ്ങൾ എത്രയോ കഴിഞ്ഞു
നമ്മൾ തമ്മിൽ കണ്ട പകലിന്നു ശേഷം എന്റെ മനം നിറയെ നീ കോരിയൊഴിച്ച സ്നേഹാമൃതം മാത്രമായിരുന്നു !!
ഇവിടെ ജാലകത്തിനപ്പുറം മഞ്ഞു പെയ്യുന്നുണ്ട് , ജാലക വിരികൾ കുസൃതിക്കാറ്റിൽ ഇളകിയാടുന്നു നേർത്ത മഞ്ഞിന്റെ മണമുള്ള കാറ്റ് എന്നെ വന്നു തലോടുമ്പോൾ അറിയാതെ നിന്റെ മുഖം മനസ്സിൽ ഒഴുകിയെത്തുന്നു .
ഈ രാത്രിയൊന്നവസാനിച്ചി രുന്നെങ്കിൽ !!!
പ്രഭാതത്തിനു കൂട്ടായി നിന്റെ കണ്ണുകൾ എന്നെ തലോടുന്നതിലുപരി എനിക്കെന്തു സ്വർഗ്ഗ സായൂജ്യമാണുള്ളത്‌ , ഈ രാവിന്റെ നിശബ്ദതയിൽ ,മരച്ചില്ലകളിലെ ഇലച്ചാർത്തുകളിലേക്ക് മഞ്ഞു വീഴുന്ന ശബ്ദം കേൾക്കാം,അതിനു നിന്റെ കൊലുസിന്റെ താളം പോലെ,,!! വെൻമേഘങ്ങളിലൂടെ ഒഴുകിനടക്കുന്ന പാൽ നിലാ ചന്ദ്രൻഎന്ന നോക്കി മന്ദഹസിക്കുന്നുണ്ട് അതിൽ നിന്റെ മുഖം തെളിയുന്ന പോലെ !!!
എവിടെയോ രാക്കുയിൽ പാടുന്നുണ്ട് നമ്മുടെ പ്രണയാർദ്ര രാഗം പോലെ ,,.
മാനത്തു നക്ഷത്രം മിന്നുന്നുണ്ട് നിന്റെ കണ്ണുകൾ പോലെ
എന്നെ നിദ്ര മാടി വിളിക്കുന്നുണ്ട് പക്ഷെ എനിക്ക് പോകാനാവുന്നില്ല !!
നീ എന്റെ സ്വപ്നത്തിൽ ചിറകു വിടർത്തി മന്ദഹസിചെത്തു മെന്നെനിക്കറിയാം എങ്കിലും ഉറക്കം വെടിഞ്ഞു നിന്നെ ഓർത്തിരിക്കാനാണ്‌ എനിക്കിഷ്ടം ,,!!
ഇ ജൻമം മുഴുവൻ നിന്നോട് ചേർന്ന് ഈ ജാലകത്തിനടുത്ത് പുറത്തെ മഞ്ഞു പെയ്യുന്നതും നോക്കിയിരിക്കണം ,,,,,,
പലകോടി ജൻമങ്ങളിൽ നിനക്കൊപ്പം നിറഞ്ഞു പെയ്യുന്ന മഴയിൽ ഒരു കുടക്കീഴിൽ നിന്നെചേർത്തു പിടിച്ചു നടക്കണം
.... നിനക്കൊപ്പം പോക്കുവെയിലിൽ കഥ പറഞ്ഞു നടക്കണം ..
നിന്റെ കുപ്പി വളക്കിലുക്കത്തിൽ ആനന്ദിക്കണം,,,,, നിന്റെ പൊട്ടിച്ചിരിക്കൊപ്പം ചേർന്നു ചിരിക്കണം ...
നിനക്കൊപ്പം പൂക്കാലം തേടി അലയണം ,, വസന്തമായി പരിണമിക്കണം !!
നിന്റെ ചെന്ജുണ്ടിലെ മധു നുകരുന്ന വണ്ടായി നിനക്ക് ചുറ്റും പറന്നു നടക്കണം
നിന്റെ ഒരു നിമിഷത്തെ മൌനം പോലും എന്നെ നോവിക്കും ,,
നിന്റെ കണ്ണിലെ പ്രണയ നക്ഷത്ര തിളക്കം ,,,, എന്റെ ജീവിതത്തിന്റെ പ്രകാശമാവണം..

,,,,,,,നിന്റെ സ്നേഹത്തിനപ്പുറം എനിക്ക് വേറൊന്നുമില്ല ............
,,,,,,,,,,,നീ യെന്ന സ്നേഹമില്ലാതെ ഒരു ജീവിതവുമില്ല ,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,നാളെയുടെ പ്രഭാതം നമുക്കായി വിരിയും ..
പക്ഷികൾ നമുക്കായി പാടും ,,,,,
ചിത്രശലഭങ്ങളായി നമ്മൾ പറന്നു നടക്കും ജൻമാന്തരങ്ങളുടെ സ്നേഹവുമായി !!!!
...................................സ്നേഹപൂർവ്വം......

Sunday, February 16, 2014

പൂവായി വിരിയവേ ,,,

ഒരു പകൽ അവസാനിക്കുന്നു
എന്തോ പറയുവാൻ ബാകിയുള്ളത് പോലെ സൂര്യൻ പോകാൻ മടിച്ചു നിൽകുന്നു ,
ആകാശത്തു വെന്മേഘങ്ങൾ ക്കിടയിലൂടെ ഏതോ ഒരു ഉരുക്ക് പക്ഷി പറക്കുന്നുണ്ട് .
അല്ലെങ്കിലും ഇവിടെ മരുഭൂമിയുടെ മാനത്ത്  പറവകൾ ഇല്ലല്ലോ ,തന്നെപ്പോലുള്ളവരുടെ സ്വപ്‌നങ്ങൾ ആണ് ഈ വിഹ്വലമായ പ്രകൃതിയിൽ  നിറഞ്ഞു നിൽകുന്നത്
തനിക്കും അങ്ങനെ പറന്നുയരാൻ ഇനി നാലു  ദിനങ്ങൾ
ഓടിക്കൊണ്ടിരുന്ന ബസ്സിലിരുന്ന്   ഉണ്ണികൃഷ്ണൻ ഒരു പൊട്ടായി  പറന്നകലുന്ന വിമാനത്തെ നോക്കി പുഞ്ചിരിച്ചു
'സ്വപ്നം കാണുവാണോ ഉണ്ണീ "
തൊട്ടടുത്തിരുന്ന ജോയി അവനെ നോക്കി
""ഹേയ്  ഓരോന്ന് ഒർത്തിരിക്കുവായിരുന്നു""
"കണ്ടോ കണ്ടോ ,,, സ്വപ്നം കാണാനുള്ള സമയം തന്നെയാ "
ജോയി ചിരിയോടെ പറഞ്ഞിട്ട് സീറ്റിൽ ചാരിക്കിടന്നു
ഉണ്ണി ,, പുഞ്ചിരിയോടെ പുറത്തേക്ക് കണ്ണ് നട്ടു
പെട്ടെന്ന് കയ്യിലിരുന്ന മൊബൈൽ ശബ്ദിച്ചു
""ഗൗരി കോളിംഗ് ""
അവന്റെ ചുണ്ടിലെ പുഞ്ചിരിക്ക് തിളക്കം കൂടി
അവൻ കട്ട് ചെയ്ത് തിരിച്ചു വിളിച്ചു
ചില നിമിഷത്തെ ബെല്ലിനു ശേഷം മറു തലൈക്കൽ
പക്ഷി കുറുകും പോലുള്ള സ്വരം  കേട്ടു
"ഉണ്ണിയേട്ടാ "
ഉം "
ഒന്നും പറയാനില്ലാതെ എന്ന പോലെ മറുവശം നിശബ്ദമായി
എങ്കിലും ഒരുപാട് പറയുന്നുണ്ട് ഈ മൗനത്തിലൂടെ
താനിപ്പോൾ ഗൗരി ക്കൊപ്പം കുളക്കടവിലെ കല്ലിൽ ഇരിക്കുവാണെന്നു തോന്നി
ഉണ്ണിക്ക്
കുളത്തിലെ ആമ്പൽ പൂവിനെ ചുംബിച്ചു തങ്ങളെ തഴുകാനെത്തുന്ന നേരിയ കാറ്റിൻ കുളിരിൽ ലയിച്ച്
കണ്ണുകൾ തമ്മിൽ കോർത്ത്‌
മാങ്കൊമ്പിലിരുന്നു മധുരമായി പാടുന്ന കുയിലിൻ സ്വരം കേട്ട്
ഗൗരിയിൽ  നിന്നും പ്രസരിക്കുന്ന കർപ്പൂര തുളസിയുടെ ഗന്ധത്തിൽ
അവളുടെ നീല ഞരമ്പുകൾ തെളിഞ്ഞു നിൽകുന്ന  കൈ ചേർത്തു  പിടിച്ച്
മൗനമായി ,,,,,,,,,,,,,,,

കൗമാര സ്വപ്നങ്ങൾക്ക്  നിറം പകർന്ന്  ഒരു പൂമൊട്ടായി  ഉള്ളിൽ വിരിഞ്ഞവൾ  അതു പൂവും പൂക്കളുമായി നിറഞ്ഞു
പിന്നീടുള്ള  ദിനങ്ങൾ  പൂക്കാലങ്ങളായിരുന്നു
പ്രണയത്തിന്റെ പൂക്കാലം
ആത്മാവിൽ ലയിച്ചു ചേർന്ന  പ്രണയം
അവൾ ആമ്പൽ കുളത്തിൽ മഴത്തുള്ളി തീർക്കുന്ന വിസ്മയം നോക്കി തോളോട് ചേർന്നിരിക്കും ,താൻ  നൂൽമഴ അവളുടെ കാർകൂന്തലിനെ തഴുകി മനോഹരമായ കണ്‍ പീലിയെ നനയിച്ച് നാസികത്തുമ്പി ലൂടെ വശ്യമായ വിറയ്ക്കുന്ന അധരങ്ങളെ ചുംബിച്ച് കീഴ്ത്താടിയിൽ എത്തി അപ്രത്യക്ഷമാവുന്നതും നോക്കി യിരിക്കും
പ്രഭാതത്തിൽ അമ്പലത്തിലേക്ക് പോകുന്ന  അവളെയും കാത്തു
റോഡുവക്കിൽ കുഞ്ഞുകല്ലുകൾ പെറുക്കി വെറുതെ\വെറുതെ ചെടികൾക് എറിഞ്ഞു കൊണ്ടിരിക്കും
ശ്രീ കോവിലിനു മുന്നിൽ അവളോടൊത്ത്   കൈകൂപ്പി നിൽകും
ചുറ്റമ്പ ലത്തിന്റെ പ്രദക്ഷിണ വഴികളിൽ അവളോട് ചേർന്ന് നടക്കും
അപ്പോഴുണ്ടാവുന്ന  സായൂജ്യം,,
ഓരോ രാവും പുലരാനായി അവൾ കാത്തിരുന്നു , പുലർകാലത്തെ മഞ്ഞിൻ കുളിരിൽ അവനോടു  ചേർന്നു നടക്കാൻ
ഓരോ സായാഹ്നവും അസ്തമിക്കാൻ മോഹിച്ചു
അവൻ കിനാവിൽ നിറഞ്ഞു നിൽകാൻ
അക്ഷരപ്പൂക്കൾ  കൊണ്ട് അവൾ പ്രണയ കാവ്യമൊരുക്കി
മൗനമായി പാടി ,,
പൂമ്പാറ്റ കളോട് കിന്നാരം ചൊല്ലി ,കിളികളോട് കഥപറഞ്ഞ്
പ്രണയത്തിൻ മധുരം നുകർന്നു ,,,,,,,,,,,,

വർഷങ്ങൾക്കു മുൻപാണ്  ഗൗരിയുടെ അച്ഛൻ ഗോവിന്ദ മേനോൻ  ഉണ്ണിയുടെ നാട്ടിൽ വീടുവാങ്ങി സ്ഥലം മാറി  വന്നത് ഒപ്പം അമ്മ ഗീതയും
അന്ന് ഉണ്ണികൃഷ്ണൻ കോളേജു രണ്ടാം വർഷം വിദ്യാർത്ഥിയാണ്
ഗൗരിയും അതേ കോളേജിൽ  ചേർന്നു
ഒരേ വഴിയിൽ ഒരേ ബസ്സിൽ നിത്യേന യുള്ള യാത്ര
പരിചയം സൗഹൃദത്തിലേക്കും പിന്നീടത്‌  ഇഷ്ടത്തിലേക്കും പരിണമിച്ചു
ഒരു മഴത്തുള്ളി യുടെ കുളിരായി  അവൾ ഹൃദയത്തിൽ തീർത്ത പ്രണയം
ഒരു വസന്തത്തിൻ നിർവൃതിയായി പൂത്തുലഞ്ഞു ...
കലാലയ ജീവിതത്തിനു ശേഷം ജോലി എന്ന കടമ്പ
പലവഴികൾ ,, അന്വേഷണങ്ങൾ ഒടുക്കം
സൗദിയിലേക്ക് ,,,,
പോകുന്നതിനു മുൻപ് അമ്മയെ സോപ്പിട്ടു കുപ്പിയിലാക്കി ,, ഗീതാ മ്മയോട്  സംസാരിപ്പിച്ചു
ഗീതാമ്മ സന്തോഷത്തോടെ സമ്മതം മൂളി
രണ്ടു വർഷത്തിനു ശേഷം കല്യാണം
  പഠിപ്പിൽ ഉഴപ്പരുത്‌ എന്ന് ഗൗരിക്കും   നല്ല നിലയിൽ ജോലിനോക്കണമെന്നു  ഉണ്ണിക്കും കൽപന
അവൾ കണ്ണ് നിറഞ്ഞു യാത്രയാക്കി ,, വിട്ടകലുന്നതു പ്രാണനായിരുന്നു
ഉണ്ണി തികട്ടി വന്ന വിതുമ്പൽ അടക്കി യാത്ര പറഞ്ഞിറങ്ങി
രണ്ടു  വർഷം  തികയുന്നു കാത്തിരിപ്പിന്
ഓരോ ദിവസവും ഫോണിലൂടെ യുള്ള സംസാരം ,, നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ സഫലമാകാൻ ഇനി വിരളിലെണ്ണാ വുന്ന  ദിവസം മാത്രം
,,,
ഗൗരീ ,,ന്തേ മിണ്ടാത്തെ
മൗനത്തിനു വിരാമമിട്ട്  ഉണ്ണി ആരാഞ്ഞു
ഞാനെന്താ പറയേണ്ടേ ,, ഉണ്ണിയേട്ടൻ പറ
പറയട്ടെ .......
ഉം ,,,,
ഉണ്ണി പറഞ്ഞു തുടങ്ങും മുൻപേ
ഗൌരി കേട്ടു   കാതടിപ്പിക്കുന്ന ശബ്ദം ,,,,ഒപ്പം നിലവിളിയും
അവൾ ഞെട്ടിപ്പകച്ചു ,,,
കയ്യിൽ നിന്ന് മൊബൈൽ തെറിച്ചു വീണു
വിറയലോടെ അവൾ അതെടുത്തു കാതോടു ചേർത്തു
ഉണ്ണിയേട്ടാ ''''
..........
ഉണ്ണിയേട്ടാ
ഓരോ വിളിക്കും ശക്തി കൂടി വന്നു
അപ്പുറത്ത് എന്തൊക്കെയോ ബഹളം കേൾകുന്നുണ്ട്
.,,
തലകീഴായി മറിഞ്ഞു കിടക്കുന്ന ബസ്സിനുള്ളിൽ ഉണ്ണി ഒന്ന് പിടഞ്ഞു
തൊണ്ടയിൽ ഒരു നിശ്വാസ കണിക വിറച്ചു നിന്നു
നിലവിളികൾ ബഹളങ്ങൾ ,,,
 ബോധം മറയുന്നതിനു മുൻപ് അവൻ കേട്ടു
തെറിച്ചു വീണ മൊബൈലിൽ നിന്ന് ഗൗരിയുടെ  വിളി
ഉണ്ണിയേട്ടാ ,,,

തൊടിയിലെ ഏതോ മരത്തിൻ ചില്ലയിൽ ഇരുന്നു ഒരു പക്ഷി മനോഹരമായി പാടി,, മാനത്തു കാർമേഘം ഇരുണ്ട് കൂടുന്നു   ഒരു നേർത്ത മിന്നൽ  പിണർ ഇടിക്കൊപ്പം പുളഞ്ഞു  ,,
ഏതോ ഓർമയിൽ  ലയിച്ചിരുന്ന ഗൗരി ഞെട്ടലോടെ ഉണർന്നു ,, അലക്കു കല്ലിന്റെ  മുകളിൽ ഇരിക്കുകയായിരുന്നു അവൾ
മിഴിയിൽ നിറഞ്ഞു വന്ന ഒരു തുള്ളി കണ്ണീർ  അവൾ വിരൽ  കൊണ്ട്  തുടച്ചു
അകത്തേക്ക് നടന്നു
എതിരേ വാതിൽ  പടി കടന്ന്  ഒരാൾ  നടന്നു വന്നു
ഇടതു കൈക്കിടയിൽ  താങ്ങി നിർത്തുന്ന  വാക്കർ  സ്റ്റിക്ക്
ആയാസപ്പെട്ട്‌ നടന്നടുക്കുന്നു ....... ചെറുതായൊന്നു വീഴാനാഞ്ഞപ്പോൾ
ഗൌരി ഓടി വന്നു താങ്ങി ..
ഉണ്ണിയേട്ടാ സൂക്ഷിച്ച് ''
ഒരു കൈ കൊണ്ട് ഉണ്ണി കൃഷ്ണൻ അവളെ ചേർത്തു പിടിച്ചു
കണ്ണുകളിലേക്ക് നോക്കി
നീ കരഞ്ഞോ ..??
അവൾ വെറുതെ മന്ദഹസിച്ചു .....
പുറത്തു മഴ നിറഞ്ഞു പെയ്തു കൊണ്ടിരുന്നു ,,നേർത്തൊരു ഈറൻ കാറ്റ് വന്നു അവരെ തഴുകി കടന്നുപോയി ,,,
,,,,,,,,,,,,,,,,,,,
Asees Essa Riyadh 0545798613


Monday, February 10, 2014

നീ കാണാതെ പോയത്

,,,,,,,,,,,,, എത്രയോ നേരം ഞാൻ കാത്തു കാത്തിരുന്നു ......
ഒരു തിരിഞ്ഞു നോട്ടത്തിനായി എന്തെ നീ മൗനമായി നടന്നകന്നു 
എത്രയോ രാവിൽ ഞാൻ നിലവിൽ നോക്കിയിരുന്നു 
നിൻമുഖം അതിൽ തെളിയുമെന്നോർത്ത് .
എന്തെ നീ നിശബ്ദമായി മറഞ്ഞു നിന്നു
എത്രയോ പൂങ്കാവനത്തിൽ ഞാൻ തേടി നടന്നു 
നീ ഒരു പൂവായി വിരിയുമെന്നോർത്ത്
ഒരു ശലഭമായി എത്തുമെന്നോർത്ത് 
..........എന്തെ നീ നോവിൻ മൂടുപടം നീക്കി 
ഈ നിശബ്ദതയ്ക്കിപ്പുറം എന്നെ തേടി വന്നില്ല 
,,,,,,,,,,,,,,,!!!!!!

Sunday, February 9, 2014

ഇന്നലെകൾ

നടന്നു തീർത്ത ഇന്നലെകൾ 
നിശബ്ദമായി പിന്നെയും ഹൃദയത്തിൻ ജാലകപ്പടിയിൽ .
പതുങ്ങി നിൽകുന്നു 
വീണ്ടു മൊരു ചുവടുകൽക്കായി മൌനാനുവാദം തേടി ...

ജീവിതം

ഒരു പുലർകാലത്തിൽ നാം 
കരഞ്ഞു കൊണ്ട് ഭൂമിയെ തൊടുന്നു 
ചുരുട്ടിപ്പിടിച്ച കരങ്ങളോടെ 
വേറൊരു സന്ധ്യയിൽ 
നിവർത്തിയ കരങ്ങളോടെ 
സർവ്വരെയും കരയിച്ചു കൊണ്ട് 
ഭൂമിതൻ മാറിൽ മറഞ്ഞു കിടക്കുന്നു 
.........ഒരു ജന്മം തൊട്ടു മരണം വരെയുള്ള 
ഹൃസ്വ യാത്രയ്ക്ക് ആരോ ജീവിതം എന്ന് പേര് വിളിച്ചു

Tuesday, February 4, 2014

നാശം അരികെ

"നിന്നിടം മുടിക്കുന്നവനല്ലയോ മാനവൻ,,,,,
മണ്ണും മരങ്ങളും മാമലകളും 
ഇന്നെങ്ങും കച്ചോട വസ്തുവാകയാൽ 
നാളെ നിൻ നേട്ടങ്ങളൊന്നുമെ 
വരില്ല മണ്ണിനു സമമായി 
അറിയുക മർത്യാ നീ
.......... വാസ യോഗ്യമാം പ്രകൃതി
മണ്ണിനാലും മരത്തിനാലും ജലത്തിനാലും
ഇതൊക്കെയും നശിക്കയാൽ
അയൊഗ്യമാവുമീ ,,,,,,,,,ഭൂമി .......""

Monday, January 27, 2014

തിരികെത്തരുമോ എൻ പോയകാലം

അമ്മിഞ്ഞ പ്പാലിൻ മധുരം നുകർന്നു ഞാൻ
അമ്മതൻ മാറിൽ മയങ്ങിയിരുന്നു ..
താരാട്ട് പാട്ടിന്റെ ശീലുകൾ എൻ കാതിൽ
സ്വരരാഗ സംഗീതം പകർന്നിരുന്നു
......ദു:ഖങ്ങളില്ലാത്ത പിഞ്ചു പൈതലായി
പിന്നെയും അമ്മമടിത്തട്ടിലുറങ്ങിടെണം
..
കുഞ്ഞു വിരൽ തുമ്പു മാത്രമായി
കോർത്തെന്നെ പിടിക്കിലും  വിശ്വത്തിൻ-
ബലമത്രയും തന്നിരുന്നു
ഇനിയെനിക്കെൻ പിതാവിൻ കരങ്ങൾ
ചേർത്തൊരാനന്ദമായി പിന്നെയും നടന്നീടെണം .
..
പാവാടത്തുമ്പു പിടിച്ചു പാടത്തൂടെ
പുഴയോരത്തും പോയീടെണം
പക്ഷിപറവകളോടൊക്കെയും കുശലം
പറയുന്ന പൊന്നു ചേച്ചി ,,,
കാവിലെ പാമ്പിന്റെ കഥകൾ പറഞ്ഞെന്നെ
ചേർത്തുപിടിച്ചു നടന്നീരുന്നു
പാവാടത്തുമ്പ്‌ പിടിച്ചു ഒരു വാലായി
ഇനിയുമെനിക്കു നടന്നീടെണം
..
കുരുത്തക്കേടിനു പെട കിട്ടുവെങ്കിലും
കുസൃതിക്കൊപ്പം പൊട്ടിച്ചിരിച്ചു
എനിക്കൊരു തണലായി വന്നിരുന്നേട്ടൻ
കലൊന്നിടറവെ താങ്ങായി എൻ  മുന്നിൽ
വാരിപ്പുണർന്നിരുന്നൊരു സാന്ത്വനമായി
ഇനിയെനിക്കേട്ടന്റെ തോളത്തിരുന്നു
കിന്നാരം ചൊല്ലി പോയീടെണം
..
ഓടിക്കളിച്ചു ഉല്ലസിച്ചു ....
തൊടികളിൽ പൂക്കൾ  പറിച്ചിടുവാൻ
പിന്നെയാ പൂക്കൾ കോർത്തിണക്കി
കുഞ്ഞനിയത്തി തൻ മുടിയിൽ ചൂടാൻ
മത്സരിച്ചോടി കിതച്ചി ടെണം
പിന്നെ അടികൂടി  രസിച്ചീടെണം
പൊന്നനിയനെ  ചേർത്തുപിടിച്ചു
പള്ളിക്കൂടത്തിൽ പോയീടെണം
...
പള്ളിക്കൂടത്തിൻ മുറ്റത്തെ നെല്ലിചോട്ടിൽ
കഥകൾ കാര്യമായി പറഞ്ഞു തന്ന്
സ്നേഹമായി വന്നൊരു കൂട്ടുകാരൻ
പിന്നെയാ നെല്ലി മരത്തിലേറി
നെല്ലിക്കയും പറിച്ചീടെണം
അത് വഴി പോകുന്ന കണ്ണാടി മാഷിന്റെ
നെല്ലിക്കാ വെച്ച് തലയിലോരേറും കൊടുത്തിടെണം
ചൂരലിൽ മിന്നിയ വേദനയിൽ
കണ്ണിൽ  നോക്കി ഇരുന്നിടെണം
..
അക്ഷരപ്പൂവുകൾ കോർത്തിണക്കി
പ്രണയത്തിൻ കാവ്യം രചിച്ചീടെണം
ഇഷ്ടമായി വന്നൊരു കൂട്ടുകാരിക്ക്
പിന്നെയും പ്രണയമായി കൊടുത്തീ ടെണം
,,,,,
കാലമേ ,തിരികെത്തരുമോ
എൻ  പോയകാലം ,,,,,,,,,
പകരം ഞാനെന്തു ചെയ്തീടേണം ,,,,,,,,,,,,,
                  ********  *****  *****
........................................................അസീസ്‌ ഈസ

Wednesday, January 15, 2014

ഒരു വാക്ക്

""വിടപറയും വരെ
സ്നേഹം ആഴങ്ങളറിഞ്ഞില്ല"
- ഖലീൽ ജിബ്രാൻ.
എത്ര,ചിന്തനീയം ഈ, വാക്കുകൾ.....
ചില സൗഹൃദത്തിന്റെ  യാത്ര പറച്ചിലുകൾ മനസ്സിനെ വല്ലാതെ
നോവിക്കും
ഞാനറിയുന്നു ,
എന്റെ നഷ്ട സ്നേഹത്തിന്റെ ആഴം 
ചില വാക്കുകളിൽ ഒതുക്കാനാവില്ല 
അതൊക്കെയും ,,,,,,,,,,,,,,,,,,

Monday, January 13, 2014

യാ , മദീനെ സുൽത്താനെ

ജപമാല പോൽ എൻ മനം 
മദീനയെൻ നിനവിലലിയവെ !!
വീണലിയാൻ കൊതിക്കുമാ
മഹാ സ്നേഹ സാഗരത്തിൽ 
 തപിക്കുന്നൊരു മനസ്സുമായി 
വരികയാണ് ഞാൻ ഹബീബിൻ ചാരെ 
അർപ്പിക്കുവാനായി മനം 
നിറഞ്ഞൊരായിരം സലാം 
പ്രണയമായി ഒഴുകുകയല്ലൊ 
ഹൃദയത്തിൻ സുൽത്താൻ ...........
ഫജറിൻ താരകമായി
ഒളിവിതറു ന്നിതാ പാരിലാകെ 
പാടി വാഴ്ത്തുന്നുമെന്നും 
അങ്ങയെ ,,യാ , മദീനെ സുൽത്താനെ

Sunday, January 12, 2014

പെയ്തു തീരാത്തൊരാ പ്രണയ മഴ

എൻറെ രക്തവും ഹൃദയവും ആത്മാവും സമ്മേളിക്കുന്ന ശരീരം പകരം തരാം എൻറെ ദാഹത്തിനു അറുതി യുണ്ടാക്കണം സ്നേഹിക്കാനുള്ള ദാഹം ,,, സ്നേഹിക്കപ്പെടാനുള്ള ദാഹം ,,,

പെയ്തൊഴിഞ്ഞു പോയൊരാ പ്രണയ
 മഴതൻ കുളിരുന്നുമെൻ ഹൃദയത്തിലലയവേ
നീറുന്നോരീ മൗനമായി
 എൻ ഓർമയിൽ നീ  പടരവേ
തീരാത്തൊരീ നോവുമായി
 എൻ ജീവനിൽ നീ തുടരവേ
മൂകമായെൻ രാവതിൽ
 സ്വപ്നമായി നീ നിറയവേ
ചില്ലു  ജാലകം പോൽ
തെളിയുന്ന  തൊക്കെയും നിൻ  മുഖം
വിതുമ്പുന്നോരാ ചുണ്ടുകൾ
തുളുമ്പുന്നൊരു മിഴികളും
വിരസമായെൻ പകലതിൽ നിനവിലൊക്കെയും
പെയ്തു തീരാത്തൊരാ പ്രണയ മഴ
ഇനിയെത്ര വർഷ ശിശിരം കൊഴിയണം
നീ എന്നിലലിയാൻ
ഞാനെത്ര പൂക്കാലത്തിനു
കവലിരിക്കണം നീഒരു പൂവായി വിരിയാൻ
ഇനിയേതു  ജൻമത്തിൻ പടിവാതിലിൽ
ഞാൻ തപസ്സിരികണം ,,,,,,,,,
നീ യെൻ  പ്രണനാവാൻ


Monday, January 6, 2014

പറഞ്ഞു തീരാത്ത മഹിമകൾ

വിശ്വവിമോചക നായകൻറെ ഒരു പിറന്നാൾ  ദിനം കൂടി കടന്നു വരുന്നു
അഥവാ ഇസ്‌ലാമിക  വിപ്ലവത്തിന്റെ പതിനാലു നൂറ്റാണ്ട്
തീർത്തും നിരക്ഷരനും മരുഭൂവാസിയുമായ  മുഹമ്മദ്‌ എന്ന അൽ  അമീൻ , ഒരുനാൾ ലോകോത്തര പരിണാമത്തെയും ഏക ദൈവത്തെയും ,, മക്കാ നിവാസികളെയും അത് വഴി ലോക ജനതയെയം  പരിചയപ്പെടുത്തി
മക്ക ,,,!!
മലകളാൽ ചുറ്റപ്പെട്ട മരുഭൂനാട്ടു പ്രദേശം
ഭൂമിയിലെ ആദ്യത്തെ ദൈവിക ഗേഹം സ്ഥിതി ചെയ്യുന്ന മണ്ണ്
മുൻ പ്രവാചക ശ്രേഷ്ടന്മാരുടെ പാദം പതിഞ്ഞ ചരിത്രഭൂമി
അവിടെയാണ് പുതിയ വിപ്ലവത്തിന് മാറ്റു  കൂട്ടി മുഹമ്മദിന്റെ രംഗ പ്രവേശം
മുഹമ്മദ് (സ്വ )
ഖലീലുല്ലാഹി ഇബ്രാഹിം നബിയുടെ മകൻ ഇസ്മയിലിന്റെ വംശ പരമ്പരയിൽ
ബനൂ ഹാഷിം ഗോത്രത്തിൽ ഖുറൈഷി വംശത്തിൽ മക്ക പ്രമാണിയായ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ലയുടെ മകനായി ജനിച്ചു
ജനനത്തിനു മുൻപ് ഉമ്മ ആമിന ബീവി സ്വപ്നത്തിൽ കണ്ടു
ഒരാണ്‍ കുഞ്ഞു ജനിക്കുമെന്നും കുഞ്ഞിനു വാഴ്ത്തപ്പെട്ടവൻ എന്നുൽകൊള്ളുന്ന മുഹമ്മദ്‌ എന്ന നാമം വിളിക്കുകയും വേണം എന്ന്
ജനനം അസാധാരണ മായിരുന്നു
മഹതി ആമിനയ്ക്ക് പേറ്റു നോവറിയാതെ  പ്രസവം
റബീഉൽ അവ്വൽ മാസത്തിലെ തിങ്കളാഴ്ച ദിവസം ഫജറിനോട്‌ അടുത്ത നേരം ആണ് ജനനം
കുഞ്ഞു പിറന്നു വീണത്‌ സുജൂദി ലായാണ് ( സാഷ്ടാന്ഗത്തിലാണ് )
പൊക്കിൾ കൊടി മാറ്റപ്പെട്ട സ്ഥിതിയിൽ ചേലാകർമ്മം ചെയ്തതായും ആണ്
പിന്നെയും അത്ഭുതം നടന്നു
കിസ്ര കൈസറിന്റെ കോട്ട പ്രകമ്പനം കൊണ്ടു , വർഷങ്ങളോളം ആരാദിച്ചു കെടാതെ സൂക്ഷിച്ച അഗ്നിഗുണ്ഡം നിമിഷങ്ങൾക്കകം കെട്ടു പോയി
ആമിന ബീവി , കഅബയിൽ നിന്ന് അബ്ദുൽ മുത്തലിബിനെ വിളിച്ചു വരുത്തി പറഞ്ഞു
"പിതാ മഹരെ അങ്ങേക്ക് അങ്ങയുടെ മകനിൽ ഒരത്ഭുത ശിശു പിറവികൊണ്ടിരിക്കുന്നു ""
അദ്ദേഹം കുഞ്ഞിനെ എടുത്ത് വീണ്ടും കഅബയിൽ പോയി പ്രാർത്ഥിച്ചു ഹകീകത്തു (ബലി) അറുക്കുകയും മുഹമ്മദ്‌ എന്ന് പേര് വിളിക്കുകയും ചെയ്തു
അസാധാരണ ജനനം
സാദാരണയിൽ സാദാരണനായി വളർന്നു
വളർത്താൻ അനുജത്തി അലീമയെ ആമിനാ ബീവി ഏൽപിച്ചു
അലീമയുടെ മകൻ ളംറത്ത് നൊപ്പം ആടിനെ മേയ്ച്ചും കളിച്ചും വളർന്നു
ആ വീട്ടിലും അത്ഭുത സംഭവങ്ങൾ ഉണ്ടായി , ഉണങ്ങി നിന്ന ഈന്തപ്പന പൂത്തു  കായി കനികൽ നിറഞ്ഞു
ആടുകൾ നന്നായി പാൽ ചുരത്തി
ആദ്യം മാതാവും പിന്നീട് പിതാമഹനും വിടപറഞ്ഞു , സംരക്ഷണ ചുമതല പ്രതാപിയായ അബൂതാലിബ് ഏറ്റെടുത്തു
അബൂതാലിബ് പിതൃ സഹോദരൻ  ആണ് അബ്ദുൽ മുത്തലിബിന്റെ പതിനാറു മക്കളിൽ ഒരാൾ
അൽ  അമീൻ ഇരുപത്തി അന്ജാമത്തെ  വയസ്സിൽ വിവാഹം
ഇരുപതു ഒട്ടകം മഹറായി കൊടുത്ത് ഖദീജ ബീവിയെ നിക്കാഹു ചെയ്തു അന്ന് ബീവിക്ക് നാൽപതു വയസ്സു പ്രായം
വർഷങ്ങൾ പിന്നെയും കടന്നു പോയി
ആത്മീയതയും താത്വികവുമയ ജീവിതം അതിനിടെ നിറ നിലാവൊളി പോൽ മക്കളും പിറന്നു ആറു  മക്കൾ
(ഏഴു മക്കളാണ് പക്ഷെ ഖദീജ ബീവിയിൽ ആറ് )
ഒരിക്കൽ ശാമിലേകുള്ള യാത്രയിൽ മേഘങ്ങൾ തണൽ നൽകുന്നത് കണ്ട് ഒരു ക്രിസ്തീയ പുരോഹിതനായ ബഹീറ
പറഞ്ഞു,, ഇത് മുൻ വേദങ്ങളിൽ പറഞ്ഞ ദൈവ ദൂതനാണ്‌ അദ്ദേഹത്തിന്റെ മുതുകിൽ അന്ത്യ പ്രവാചകൻ എന്ന് മുദ്രണം ചെയ്തിട്ടുണ്ട് മേഘങ്ങൾ അദേഹത്തിന് തണലേകുന്നത് കാണുന്നു ,,
പിന്നീട് നാൽപതാം വയസ്സിൽ മക്കയിലെ പർവതത്തിൽ ഹിറാ ഗുഹിൽ ദൈവിക ചിന്തയിൽ മുഴുകിയിരുന്ന  മുഹമ്മദിന്റെ അടുത്ത് ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു ..!!
പ്രകാശങ്ങളാൽ സൃഷ്ടിക്കപ്പെട്ട മാലാഖമാരുടെ നേതാവ്,, മലക്കുൽ അമീൻ ജിബ്‌രീൽ!!!
അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും അത് വരെയുള്ള എല്ലാ തത്വ ശാസ്ത്രത്തെയും ഘണ്ടിച്ചു കൊണ്ട് സാഹിത്യലോകത്തേക്ക് പരിശുദ്ധ ഖുർആനിന്റെ  ആദ്യ വചനമിറങ്ങി
""വായിക്കുക ""
നിരക്ഷരനായ മുഹമ്മദിനോട് കൽപ്പിക്കുന്നു
ഞാൻ വയിക്കുന്നവനല്ല ,, മുഹമ്മദിന്റെ മറുപടി
പിന്നെയും മാലാഖ പറയുന്നു
വായിക്കുക
മുഹമ്മദ്‌ മറുപടിയും ആവർത്തിച്ചു .. മൂന്നു തവണ ഇങ്ങനെ തുടരുകയും
പിന്നീട് ഒരധ്യാപകന്റെ അധികാരത്തോടെ മുഹമ്മദിനെ കൂട്ടിപ്പിടിച്ചു കൊണ്ട് മാലാഖ പറയുന്നു
"നീ വായിക്കുക നിന്നെ സൃഷ്‌ടിച്ച നാഥന്റെ നാമത്തിൽ ,മനുഷ്യനെ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു  , നീ വായിക്കുക നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു , പേന കൊണ്ട് പഠിപ്പിച്ചവൻ ,മനുഷ്യന് അറിയാത്തതു അവൻ പഠിപ്പിച്ചിരിക്കുന്നു "
സാഹിത്യകാരന്മാരും കവികളും വാണിരുന്ന ഒരു ജനത, ധിക്കാരവും ധൂർത്തും കൈമുതലായ സമൂഹം ഇരുണ്ട യുഗം എന്ന് വിശേഷിപ്പിച്ച ഒരു ജനതയിലേക്ക്‌ ആണ് എഴുതാനും വായിക്കാനുമറിയാത്ത അൽ  അമീനിന്റെ കടന്നു വരവ് അതും അത് വരെയുള്ള സാഹിത്യങ്ങളെ നിഷ്ഫലമാക്കികൊണ്ട്
ആദ്യം രഹസ്യമായി പിന്നീട് പരസ്യമായി സത്യത്തിലേക് ക്ഷണിച്ചു
വിജയത്തിനൊപ്പം ശത്രുക്കളും വളർന്നു
വിശ്വസിച്ചില്ലെങ്കിലും സംരക്ഷകനായ അബൂതാലിബും പ്രിയ പത്നി ഖദീജാ ബീവിയും ലോകത്തോട് വിട പറഞ്ഞു
അതോടെ ശത്രുക്കളുടെ ശല്യം കൂടി
പിന്നീട് പലായനം !!!
ഹിജ്റ !! മക്കയിൽ നിന്നും യത്രിബി ലേക്ക്
യത്രിബ്  നിവാസികൾ ഹർഷാരവത്തോടെ ഹബീബിനെ വരവേറ്റു
"" മദീനയുടെ വിണ്ണിൽ പുതു നിലാവുണർന്നു "" എന്ന് തുടങ്ങുന്ന ഗാനത്തോടെ
യത്രിബ് അഥവാ മദീന !!
ലോകം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം ഭൂമിയുലുണ്ടായി .. പ്രവാചകൻ നൂഹ് (നോഹ)യുടെ കാലത്ത്
അന്നുണ്ടായ ആ ഒഴുക്കിൽ മക്കയിൽ നിന്നും മണ്ണ് ഒലിച്ചു മദീനയിൽ അടിഞ്ഞു കൂടി അങ്ങനെയാണ് മക്കയുടെ മണ്ണിന്റെ അതേ മഹത്വം മദീനയ്ക്കുമുണ്ടായത്
യത്രിബ് പിന്നീട് മദീനത്തുന്നബി അഥവാ നബിയുടെ നാട് എന്നറിയപ്പെട്ടു തുടങ്ങി അത് ചുരുങ്ങി  മദീനയായി
അവിടെ നിന്നും ഇസ്‌ലാം  വളർന്നു, മദീന ഇസ്‌ലാമിക ഭൂഘണ്ടത്തിന്റെ തലസ്ഥാനമായി
ഇറാൻ ഇറാഖ് സിറിയ ഈജിപ്ത് തുടങ്ങി സ്പെയിൻ വരെ നീളുന്ന ഭൂഘണ്ടം
കാലാന്തരത്തിൽ സ്പെയിൻ മുസ്ലീം സമൂഹം താറുമാറായെങ്കിലും മറ്റു രാഷ്ട്രങ്ങളിൽ പടർന്നു നിന്നു
നില നിൽപിനു വേണ്ടി നടന്ന യുദ്ധങ്ങൾ , ആദർഷത്തിനു  വേണ്ടി സഹിച്ച ത്യാഗങ്ങൾ
സ്നേഹവും ക്ഷമയും ദൈവ വിശ്വാസവും മാത്രമാണ് ആയുധമെന്നു പഠിപ്പിച്ചു
ലോകത്തിന്റെ തുടക്കം തൊട്ടു ഒടുക്കം വരെയും പ്രപന്ജ പ്രതിഭാസത്തെയും നക്ഷത്ര മണ്ഡല വ്യതിയാനത്തെയും  മരണാന്തര ജീവിതവും സ്വർഗ്ഗ നരഗ മാറ്റങ്ങളെയും പറ്റി വിവരിച്ചു തരുന്ന ഖുർആൻ ലോകാത്ഭുതങ്ങളിൽ പ്രധാനമായി
അത് പ്രവാചക പ്രഭുവിന്റെ ഏറ്റവും വലിയ മുഹ്ജിസത്താണ് അഥവാ അത്ഭുത സിദ്ധി
ചന്ദ്രനെ പിളർത്തിക്കാട്ടി കൊടുത്തു ശത്രുക്കൾക്ക്‌ ,, പറഞ്ഞു തീരാത്ത വിശേഷണങ്ങൾ
ശരീര സൗന്ദര്യം വെളുത്തു  ചുവന്നായിരുന്നു, ഒത്ത നീളവും വണ്ണവും, വിയർപ്പിനു സുഗന്ദമായിരുന്നു ..
ആ പ്രവാചകൻ ഇരുപത്തിമൂന്ന് കൊല്ലം ഇസ്‌ലാമിനെ പരിചയപ്പെടുത്തി വളർത്തി , ആദ്യത്തെയും അവസാനത്തെയും ആയ ഹജ്ജിൽ വിട വാങ്ങൽ പ്രസംഗം നടത്തി , എല്ലാം ഉൾകൊള്ളുന്ന വാക്കുകൾ ""ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക്  മതമായി അംഗീകരിച്ചു  തന്നിരിക്കുന്നു "" എന്ന അവസാന സൂക്തം ഇറങ്ങിയതോടെ  പൂർണതയുണ്ടായി
പിന്നീട് സ്വഫർ മാസത്തിലെ അവസാന ബുധനിൽ തുടങ്ങിയ പനി  കാരണമായി റബീഉൽ അവ്വൽ മാസം തന്നെ ഫജറിനോടടുത്ത സമയം ലോകത്തിനോട് വിട പറഞ്ഞു !!
മഹത്വം പറഞ്ഞു തീരാത്ത ലോകത്തിലെ ഒരേ ഒരു മനുഷ്യൻ ആണ് മുഹമ്മദ്‌ നബി (സ്വ).
പതിനാലു നൂറ്റാണ്ടിൽ ഒരുദിവസം പോലും വിടാതെ ഓരോ ഗ്രാമ പട്ടണ പ്രദേശങ്ങളിൽ അഞ്ചു നേരം മുഴങ്ങി കേൾക്കുന്ന ഒരേ ഒരു വ്യക്തി യുടെ നാമം അത് മുഹമ്മദ്‌ നബിയുടെ മാത്രമാണ്
പറഞ്ഞു തീരാത്ത വിശേഷണത്തിന്റെ ഉടമ
ഒരിക്കൽ മഹാ കവി ഇമാം ബൂസ്വുരി (റ ) കടല കരയിൽ  ഇരുന്നു കൊണ്ട് പ്രവാചകന്റെ മഹിമ എഴുതിത്തീർകാനുള്ള ഒരുക്കത്തിലായിരുന്നു അപ്പോഴാണ് ഒരു കൊച്ചു പക്ഷി തന്റെ ചുണ്ട് കൊണ്ട് കടൽ  വെള്ളം എടുത്തു തൊട്ടപ്പുറത്ത് കൊണ്ട് പോയി ഒഴിക്കുന്നത് കണ്ടത്
ഇമാം ചോദിച്ചു "" അല്ലയോ വിഡ്ഢിയായ പക്ഷീ നീ എന്താണീ കാണിക്കുന്നത് നിന്റെ ചുണ്ടിൽ  കൊള്ളുന്ന വെള്ളമാണോ കടലിലേത് അതെന്നാണ്‌ നീ വറ്റിക്കുക ??"
പക്ഷി പറഞ്ഞു
ഞാനല്ല വിഡ്ഢി  നിങ്ങളാണ് കാരണം ഈ ലോകത്തു  കാണുന്ന കടലിലെ വെള്ളം മുഴുവൻ മഷിയാക്കി എഴുതിയാലും തീരാത്ത ഹബീബിന്റെ മഹത്വം എഴുതി തീർക്കാൻ  നിങ്ങൾ ഉദ്ദേശിക്കുന്നു അപ്പോൾ ഞാൻ എങ്ങനെയാണു വിഡ്ഢി യാവുന്നത് ?
കാര്യം മനസ്സിലായ ഇമാം പിന്നീട് ഹബീബിൻ പറ്റി ഒരുപാട് കീർത്തനങ്ങൾ എഴുതി
എഴുതി തീരാത്ത പ്രവാചക മേൻമ യുടെ ഒരംശം മാത്രമാണിത് ...
എന്റെ  നല്ലവരായ എല്ലാ സുഹുർത്തുക്കൾക്കും നേരുന്നു ,,
ഒരായിരം നബിദിനാശംസകൾ