ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Saturday, December 17, 2016

ഋതു രാഗങ്ങൾ

 പിന്നെയും ഓർമ്മകൾ ഉണർത്തി മഴപെയ്തു തുടങ്ങിയിരിക്കുന്നു, മണ്ണിൽ വീണമീട്ടി മനസ്സിലും ശരീരത്തിനും കുളിരു നൽകി ക്കൊണ്ട്
ഈ മഴയിൽ എത്ര ഓർമകളാണ് മുള പൊട്ടി ഉണരുന്നത്  മഴയുടെ ലാസ്യ ഭാവങ്ങളിൽ പ്രണയത്തിന്റെ രാഗങ്ങൾ തഴുകി തലോടുന്നത്
ആർത്തലച്ചു പെയ്യുന്ന മഴ തൊടിയിലെ ഇലഞ്ഞി മരത്തെ പുൽകുന്നുണ്ട്  എത്ര പുണർന്നാലും മതി വരാത്ത  കാമുക ഭാവത്തോടെ
എത്ര കാലത്തിനു ശേഷമാണ് ഇങ്ങനെ മഴ നോക്കി ഇരിക്കുന്നത്
മഴ തൊടികളെ പുൽകി പെയ്തിറങ്ങുന്നത് കാണുമ്പോൾ ഒരു തേങ്ങൽ കണ്ഠത്തിൽ പിടയുന്നുമുണ്ട് വിരഹതയുടെ നീറ്റലിൽ
ഒരു കണ്ണാടി പോലെ മഴയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട് മനസ്സ് ഓർമകളിലേക്ക്  ചലിക്കുന്നത് കൊണ്ടാവാം
ആ ഇലഞ്ഞിപ്പൂ ഗന്ധം ഇന്നുമുണ്ട്  മൂക്കിൻ തുമ്പിൽ അത് പ്രണയത്തിന്റെ മണമാണ്
പതിയെ ചാരിക്കിടന്നു കൃഷ്ണൻ  കണ്ണുകളടച്ച്‌ , മയങ്ങിക്കിടക്കുന്ന ഓർമകളെ ആവാഹിച്ചെടുത്തു പുനർജീവിപ്പിക്കാനെന്ന പോലെ
ആ പഴയ ഇലഞ്ഞിപ്പൂ ഗന്ധം തന്നെ തലോടുന്ന പോലെ ,വർഷ ശിശിരങ്ങൾ കൊഴിഞ്ഞു വീണിട്ടും ഇന്നലെ പൂത്ത ഇലഞ്ഞിചോട്ടിൽ നിൽക്കുന്ന പോലെ എന്തൊരു വശ്യമായ മണമാണത്,
''നിനക്കെ ഇലഞ്ഞിപ്പൂവിന്റെ മണാ ''  പൂക്കൾ വാഴനാരു കൊണ്ട് കോർത്തു കൊണ്ടിരിക്കുന്ന  രാധയുടെ ചെവിയിൽ ചുണ്ട് ചേർത്ത് പറയുമ്പോൾ നാണത്തിന്റെ പൂത്തിരികൾ അവളുടെ കണ്ണിൽ കാണാമായിരുന്നു
''വട്ടൻ ചെക്കൻ എന്തൊക്കെയാ ഈ പറേണെ ''
''നിനക്കെന്താ മാല കോർത്ത്‌ ഒരെണ്ണം എന്റെ കഴുത്തിലിട്ടാൽ ''
''ഈശ്വരാ ഇത് കൃഷ്ണനുള്ളതാ ''
''പിന്നെ ഞാനാരാ ബലരാമനൊ ''
''അല്ല സുഗ്രീവനാ '' വളകിലുക്കം പോലെ അവൾ ചിരിച്ചുകൊണ്ട് ഓടിപ്പോവുന്നത് മന്ദഹാസത്തോടെ നോക്കി നിൽക്കും
രാധ !!
 ഋതുക്കൾക്കു അപ്പുറത്തു നിന്ന് സ്വരമാധുരമായ ശബ്ദം  തലോടുന്നപോലെ

''പാഴ്മുളം തണ്ടിൽ ഒരു ശ്രീരാഗം
പാല്നിലാവായ് നിൻ മന്ദഹാസം
പാരിജാതം പൊലെ സംഗീതം
.............
ഒരു കുഞ്ഞു സ്വപ്നത്തിൽ വന്നു നീ ചാരെ
പാടിത്തന്നു നീ നിൻ മുരളീ വേണു ഗാനം
മുകുളിത ഹസ്തയായി നാരായണാ നിൻ
ശ്രീപാദത്തിൽ ഞാൻ  നമിച്ചിടുന്നൂ
കായാമ്പൂ വർണാ ദ്വാപര നായകാ
കാലാഗ്നിസാഗര തിരകളിൽ ഉഴറും
പാപിയാം എന്നെ നീ കൈ വിടല്ലേ . . . . . !!"

 ഇലഞ്ഞി ചുവട്ടില്‍ ഇരുന്ന് ആർദ്രമായി പാടുന്ന രാധയെ പ്രണയത്തോടെ നോക്കിയിരിക്കും
മഞ്ഞു പൂക്കള്‍ അടർന്നു വീഴുന്ന പുലർകാലത്തെ അവളുടെ സ്വരമാധുര ശബ്ദം  വശ്യമായ ഭാവം  ആർദ്ര മിഴികളാൽ ഉള്ള നോട്ടം
താന്‍ അതിലലിഞ്ഞ് ഇല്ലാതാവുകയായിരുന്നു
 രാധ . . . !!
 അമ്മയുടെ അകന്ന ബന്ധുവാണ് അച്ചനും അമ്മയും മരിച്ച അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത് അമ്മ തന്നെയാണ്
പതിയെ അവള്‍   വീട്ടിലെ ഒരംഗമായി
എല്ലാവര്‍ക്കും എല്ലാത്തിനും രാധ ആയി
മുത്തശ്ശിയും അമ്മയും അച്ചനും  അവളെ സ്വന്തം മകളെ പോലെ സ്നേഹിച്ചു .
 കൃഷ്ണന് നല്ല കൂട്ടുകാരി
 രാധ അവനെക്കാൾ പ്രായത്തില്‍ കൂടുതല്‍ ആണെങ്കിലും  ഇരുവരും നല്ല കൂട്ടായി
എഞ്ചിനീയറിങ്ങിനു പഠിക്കണം എന്നത് അച്ചന്റെ നിർബന്ധം ആയിരുന്നു
ഡിഗ്രി കഴിഞ്ഞ് ബാംഗ്ലൂരിൽ അച്ഛന്‍ സീറ്റ് ശരിയാക്കി
അച്ചനെയും അമ്മയെയും പിരിയുന്നതല്ല
രാധയെ കാണാതെ ജീവിക്കാന്‍ പറ്റില്ല എന്ന സത്യം അന്നാണ് തിരിച്ചറിഞ്ഞ്.
പക്ഷേ
പിന്നീട് എന്തൊക്കെ ആണ് ജീവിതത്തില്‍ സംഭവിച്ചത്  ദുരന്തങ്ങളുടെ പെരുമഴക്കാാലം.
കൃഷ്ണന്‍ ഒരു ദീർഘ നിശ്വാസത്തോടെ  കണ്ണുകള്‍ വലിച്ചു തുറന്നു ,
 പൊഴിഞ്ഞു വീണ ഇലകൾക്കു മീതെ മഴത്തുള്ളികൾ വീണു പതിക്കുന്നുണ്ട്  മഴയുടെ അവസാന തുള്ളികൾ
ഇലഞ്ഞി മരത്തിന്റ്റെ ചില്ലയിൽ മഴ നനഞ്ഞു കുതിർന്നു ഒരു കാക്ക ഇടയ്ക്കിടെ എന്തിനോ കരയുന്നുണ്ട് ആരെയോ അന്വേഷിക്കുന്നതാവാം
പ്രിയപ്പെട്ട ആരെയോ  ,,,
(തുടരും )