ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Wednesday, April 8, 2015

ആത്മ ബന്ധങ്ങള്‍

മുംബൈയിലെ കസായ്  വാട
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന  ഗല്ലി , ബലിമൃഗങ്ങളുടെ  നിലവിളി മുഴങ്ങുന്ന ഇവിടെ   എപ്പഴോ ആണ് ഞാനും എത്തിപ്പെട്ടത് കൂറ്റൻ മലയുടെ താഴ്വാരമാണ് ക്സായി വാട .
കുർള റെയിൽ വേ സ്റ്റെഷനോട്‌  ചേർന്ന് കിടക്കുന്ന ഈ തെരുവിൽ പലജീവിത വേഷങ്ങൾ കെട്ടിയാടുന്നുണ്ട് 
സായാഹ്നങ്ങളിൽ  ജനങ്ങൾ  നേരിയ റോഡിൽ തടിച്ചു കൂടുന്നത് കാണാം
പഴങ്ങളും പച്ചക്കറികളും  ആടിന്റെയും മാടിന്റെയും മാംസങ്ങൾ കൂടാതെ എണ്ണയിൽ പൊരിച്ചെടുക്കുന്നതും ചുട്ടെടു ക്കുന്നതുമായ ഇറച്ചി വിഭവങ്ങൾ, മുംബൈയുടെ ഇഷ്ട വിഭവമായ പാവ്ബാജി , ഇവയുടെ യൊക്കെ കച്ചവടത്തിരക്ക് അന്തരീക്ഷത്തിൽ നിറയുന്ന ബഹളം പതിവ് കാഴ്ചയാണ് ഒപ്പം അടിപിടികളും കച്ചവടത്തിന് സ്ത്രീകളും കുട്ടികളുമടക്കം കാണാം 
മിക്കപ്പോഴും അവനെ ഞാൻ കണ്ടിട്ടുള്ളത് ആരെങ്കിലുമായി അടികൂടുന്നതാണ് 
ഇരുപതോ മറ്റോ പ്രായമേ കാണൂ അവന് 
എപ്പോഴും എന്തിനാണവൻ വഴക്കിടുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് 
ഒരു ദിവസം കച്ചവടത്തിരക്കുകൾക്കിടയിൽ നിറഞ്ഞു പെയ്ത മഴ 
എല്ലാവരും മഴകൊള്ളാത്തിടം നോക്കി ഓടി  കടത്തിണ്ണയിലും മറ്റുമായി നിന്നു 
ആ സമയത്താണ് അവിടെയൊക്കെ അലഞ്ഞു നടക്കുന്ന ഒരു സ്ത്രീ  മഴയിൽ നനഞ്ഞു കുതിർന്നു വന്ന് . കടകളുടെ മേൽകൂരയിൽ നിന്ന് വീഴുന്ന മഴവെള്ളം കൈനീട്ടി കുടിക്കാൻ തുടങ്ങി  എവിടെ നിന്നോ ആ ചെറുക്കൻ ഓടിവന്ന്  വെള്ളം കുടിച്ചു  കൊണ്ടിരുന്ന അവരുടെ കയ്യിൽ  തട്ടി 
കയ്യിൽ  പിടിച്ചു വലിച്ചുകൊണ്ട് ഞങ്ങളുടെ കടയ്ക്കു മുൻപിലെത്തി  ഒരു കുപ്പി വെള്ളം വാങ്ങി  ആ സ്ത്രീ യെ പിടിച്ച് തിണ്ണയിൽ കയറ്റി നിർത്തി വെള്ളം കയ്യിലോട്ട് ഒഴിച്ച് കൊടുത്തു 
ഒരു നിമിഷം ആ സ്ത്രീ അവന്റെ മുഖത്തേക്ക് നോക്കി  പിന്നെ വെള്ളം കുടിക്കാൻ തുടങ്ങി 
ആ സംഭവത്തിന്റെ ണ്ടു ദിവസത്തിനു ശേഷമാണ് അവിടെ ഒരു അടി നടന്നത് 
ആ പയ്യനും കുറെ പേരും, ആളുകൾ  കൂടി നിന്ന് വീക്ഷിക്കുന്നതിനിടെ 
ആ സ്ത്രീ ഓടിവന്നു ആ ചെറുക്കനെ പൊതിഞ്ഞു പിടിച്ചു  അവർ മറ്റുള്ളവരെ നോക്കി എന്തൊക്കെയോ കുഴഞ്ഞ നാക്ക് കൊണ്ട് പറയുന്നുണ്ട്, അവൻ കുതറിയെങ്കിലും വിട്ടില്ല  അവനെയും വലിച്ചു കൊണ്ട് പോയി 
ജനങ്ങൾ വിസ്മയത്തോടെ അത് നോക്കി നിന്നു 
പിന്നീട് കുറച്ചു ദിവസങ്ങൾക്കു  ശേഷം പുലർച്ചെ മലമുകളിലേക്ക് കയറുന്ന വഴിയിൽ  അവൻ മരിച്ചു കിടക്കുന്ന വാർത്തയാണ് ഞങ്ങളെ  ഉണർത്തിയത് 
കുറെ സമയത്തേക്ക് നടുക്കം വിട്ടു മാറാതെ നിന്നു  എല്ലാവരും , ഞങ്ങൾ അവിടെ എത്തുമ്പോൾ  ജനങ്ങൾ കൂടി നില്പുണ്ട്  നിലവിളിക്കുന്ന 
അവന്റെ അമ്മയെ ആരോ താങ്ങി കൊണ്ട് പോവുന്നത് കണ്ടു  ചുറ്റും ആളുകൾ നിൽകുന്നതിനാൽ ഒന്നും കാണാൻ വയ്യ  ആരുടെയോ കരച്ചിൽ മാത്രം ഉയർ ന്നു  കേൾക്കാം  പതുക്കെ ഇടയിലൂടെ നുഴഞ്ഞു ഞാൻ കണ്ട കാഴ്ച  എന്റെ കണ്മുന്നിൽ ഇപ്പോഴുമുണ്ട് ചോരയിൽ കുളിച്ചുകിടക്കുന്ന അവനരികിൽ ഹൃദയം പൊട്ടിക്കരയുന്ന ആസ്ത്രീ
ജടകെട്ടിയ മുടിയിൽ പിടിച്ചു വലിച്ചു വിലപിച്ചു കൊണ്ടിരിക്കുന്നു ഇടയ്ക്കിടെ കൈകൊണ്ട് തലയിൽ തല്ലിക്കൊണ്ട് കരയുന്നു
കുഴഞ്ഞ ശബ്ദത്തിൽ എന്തൊക്കെയോ പറയുന്നുമുണ്ട്
ആ കാഴ്ചയ്ക്ക് ശക്തിയില്ലാതെ ഞാൻ പിന്തിരിഞ്ഞു .
മൃതുദേഹം ആശുപത്രിയിൽ  നിന്ന് ഏതോ സ്ഥലത്ത് കൊണ്ട് പോയി സംസ്കരിച്ചു
ആ സ്ത്രീ അപ്പോഴും ആ മലയിടുക്കിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു.
എന്ത് ആത്മ ബന്ധ മായിരിക്കും  അവരുതമ്മിൽ
അവനന്ന് ഒഴിച്ച് കൊടുത്തത് സ്നേഹ മായിരിക്കുമെന്നു തോന്നി എനിക്ക്
പിന്നെയും ആസ്ത്രീ ആ തെരുവിലൂടെ അലഞ്ഞു നടക്കുന്നുണ്ടായിരുന്നു
ആരെയോ തിരയുന്ന പോലെ ...!! എന്തൊക്കെയോ മന്ത്രിച്ചുകൊണ്ട് 

Tuesday, March 24, 2015

ചില ജീവിതങ്ങൾ


പൊട്ടിപ്പൊളിഞ്ഞ താര്‍ റോഡിലൂടെ ഓട്ടോ ആടികുലുങ്ങി പോവുമ്പോള്‍ ആലോചിക്കുകയായിരുന്നു
വര്‍ഷങ്ങള്‍ക് മുന്‍പ്‌ ഇത് വഴി വരുമ്പോള്‍ ഇടതൂര്‍ന്ന്‍ നില്‍ക്കുന്ന മരങ്ങളുണ്ടായിരുന്നു ..'കശുമാവിന്‍ കാടുകള്‍ ' ഇന്നിവിടം മരങ്ങള്‍ വെട്ടിമാറ്റി ചുടലപ്പറമ്പ് പോലെ വികൃതമായി കിടക്കുന്നു ...
വര്‍ഷങ്ങള്‍ ഒത്തിരിയായി ഇതുവഴി വന്നിട്ട്
നാല്പതു ദിവസത്തെ അവധിക്ക് നാട്ടില്‍ വരുന്നതിന്‍റെ തലേന്നാണ് പഴയ സഹപാഠിയെ കണ്ടുമുട്ടിയത്‌ ജീവിതത്തിന്‍റെ അനുസരണ ഇല്ലാത്ത യാത്രയില്‍ ഓര്‍മ്മകള്‍ മാത്രമായ ചില ബന്ധങ്ങള്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ഉണ്ട് ആഗ്രഹങ്ങള്‍ക്മീതെബാധ്യതകള്‍ കൂടിയപ്പോള്‍ ജീവിതവേഷങ്ങള്‍ പലതായി കെട്ടി ആടെണ്ടിവരും അതിനിടെ ചിലരെ മനസ്സറിയാതെ മറന്നുപോകും അത് സ്വാഭാവികം
ഞാന്‍ നാട്ടില്‍ പോകുന്നതിന്‍റെ തിരക്കിലായിരുന്നു ഇത്തിരി സാധനങ്ങള്‍ വാങ്ങണം എന്നുള്ളതുകൊണ്ട് കറങ്ങാനിറങ്ങിയ ആ സായാഹ്നത്തില്‍
ഈസ്സ ,, എന്നയോടെ കലാലയ ജിവിതത്തിലെ പഴയ കൂട്ടുകാരന്‍ മുന്നില്‍ വന്നപ്പോള്‍ ഞാനൊന്നു വിസ്മയിച്ചു !!!!
സംസാരത്തില്‍ ഭൂതവും വര്‍ത്തമാനവും ഭാവിയും കലര്‍ന്ന് ഒത്തിരിനേരം ഇരുന്നു അന്നേ മനസിലുറപ്പിച്ചതാണ് അവന്‍റെ വീട് വരെ പോകാന്‍ അവനോട് അത് പറഞ്ഞപ്പോള്‍ നേര്‍ത്ത പുഞ്ചിരിയോടെ അവന്‍ പറഞ്ഞു
അതെ നീ പോണം നീ കാണേണ്ട ചിലര്‍ അവിടുണ്ട്
കാര്യം തിരക്കിയപ്പോള്‍ അവന്‍ പറഞ്ഞു
എന്‍റെ കല്യാണം കഴിഞ്ഞു രണ്ടു കുട്ടികള്‍ ഉണ്ട്
ഹ അപ്പോള്‍ രണ്ടു മക്കളുടെ അപ്പനാണ് മുന്നില്‍ നില്കുന്നത്
പെട്ടന്ന് വണ്ടി ഒന്ന് കുലുങ്ങിയപ്പോള്‍ ഞാന്‍ ഓര്‍മയില്‍ നിന്നുണര്‍ന്നു
ഇതല്ലേ വീട് ....??
ഓട്ടോകാരന്‍ വീടിന്‍റെ മുന്‍പില്‍ നിര്‍ത്തിയിട്ടു ചോദിച്ചു ....
ഞാന്‍ തലകുലുക്കിക്കൊണ്ട് ഇറങ്ങി
പഴയ ഇരുമ്പ് ഗേറ്റ് തള്ളിയപ്പോള്‍ അത് പ്രയാസത്തോടെ മുരണ്ടു
മുറ്റത്തെ ഇലകള്‍ പൊഴിഞ്ഞ പ്ലാവിന്‍ ചോട്ടില്‍ ഉണങ്ങിയ ഇലകള്‍ തപ്പി തിന്നുന്ന ആട്ടിന്‍ കുട്ടി എന്നെ കണ്ടപ്പോള്‍ ' ഇതാരാ ' എന്നര്‍ത്ഥത്തില്‍ നോകിയിട്ടു ഒന്ന് കരഞ്ഞു
പിന്നെ അതിന്‍റെ ജോലി തുടര്‍ന്നു
മുന്‍വശത്ത് ആരെയും കണ്ടില്ല വാതില്‍ തുറന്നിട്ടിരുന്നു ഒന്ന് ശങ്കിച്ച ശേഷം പതിയെ അകത്തു കയറി മുരടനക്കി
വലതു ഭാഗത്തെ ഒരു കട്ടിലില്‍ ചുരുണ്ടുകൂടി ഒരു രൂപം കിടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു
ആ മനുഷ്യന്‍ എന്നെ കണ്ട് എന്തോ പറയാന്‍ തുടങ്ങും മുന്‍പേ ചുമ തുടങ്ങി നിര്‍ത്താതെ അപ്പോഴേക്കും വാതില്‍കല്‍ സ്ത്രീകളുടെ മുഖങ്ങള്‍ പ്രത്യക്ഷപ്പെട്ടു
ഞാന്‍ സ്വയം പരിചയപ്പെടുത്തി
ഒത്തിരി സംസാരിച്ചു കട്ടിലില്‍ കിടക്കുന്ന വൃദ്ധന്‍ അവന്‍റെ വാപ്പയായിരുന്നു
വര്‍ഷങ്ങള്‍ക് മുന്‍പ് ഞാന്‍ ഇദ്ദേഹത്തെ കണ്ടിരുന്നു പഴയ രൂപവുമായി ഇദേഹത്തിനു ഒരു സമ്യവുമുണ്ടായിരുന്നില്ല
ഞാന്‍ വീടാകെ നോക്കി വൃത്തികേടായ ചുമര്‍ , അന്തരീക്ഷത്തില്‍ മരുന്നിന്‍റെ ഗന്ധം തങ്ങി നില്‍പുണ്ട്
"കുഞ്ഞുങ്ങളെവിടെ "
ഞാന്‍ ചോദിച്ചു
"അകത്തുണ്ട് ...കിടക്കുവാണ്"
ഞാനൊന്നു സംശയിച്ചു വല്ലപനിയോ ആയിരിക്കും
"വാ മക്കളെ കാണാം "
അവര്‍ എന്നെ അകത്തെ മുറിയിലേക്ക് ക്ഷണിച്ചു
ഞാന്‍ അവിടെ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു
കട്ടിലില്‍ പായ വിരിച്ചു രണ്ടു പൈതലുകള്‍ കിടക്കുന്നു
ഒരു കുട്ടിയുടെ രണ്ടു കൈകള്‍ വിണ്ടു കീറി കൈപത്തിയുടെ സ്ഥാനത്ത്
വലിയ രണ്ടു വിരല്‍ പോലെ
വീര്‍ത്ത വലിയ കാലുകള്‍ നീട്ടി വെച്ച് കടക്കുന്നു അതിലെ വേദന മുഴുവന്‍ ഹൃദയത്തിലേക്ക് ആവാഹിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്
തലയുടെ വലുപ്പം എന്നെ ഭയപ്പെടുത്തി വികൃതമായ കൈകള്‍ നീട്ടിവെച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ ഞാന്‍ ഇമവെട്ടാതെ നോക്കി
എന്താണ് പറയേണ്ടത് എന്നറിയാതെ നിന്നു പോയി
എന്‍റെ കയ്യിലുണ്ടായിരുന്ന ചോക്ലേറ്റ് പൊതി ഞാന്‍ അവര്‍ക്കരികില്‍ വെച്ചു
എന്‍റെ മൗനം കണ്ടിട്ടാവണം ആ ഉമ്മ സംസാരിച്ചത്
''ആ മരത്തിനടിക്കുന്ന മരുന്ന് കാരണമാ ഇതൊക്കെ ''
എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന്‍റെ ഇരകള്‍ !!!!!!!!
ആ കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കുമ്പോള്‍ കരള്‍ പറിഞ്ഞു പോകുന്ന വേദന തോന്നും
രണ്ടു കുഞ്ഞുങ്ങളുടെ ജീവന്‍ മാത്രമല്ല ഈ വിഷം കാര്‍ന്നു തിന്നുന്നത് ഒരു കുടുംബത്തെ തന്നെയാണ്
ദൈവത്തിന്‍റെ വികൃതിയോ ഭരണകൂടത്തിന്‍റെ പിടിപ്പുകേടോ ??
ആരെയാണ് പഴിക്കേണ്ടത് ....അറിയില്ലായിരുന്നു
ഇത്രമേല്‍ ദുരിതം പേറാന്‍ അവര്‍ എന്ത് തെറ്റായിരിക്കും ചെയ്തിട്ടുണ്ടാവുക,,,,,,,, മുജ്ജന്മ ശാപമെന്ന് പറഞ്ഞൊഴിയാന്‍ പറ്റില്ലല്ലോ
ആ കുഞ്ഞുങ്ങളുടെ ചുണ്ടില്‍ ഒരു കുഞ്ഞു ചിരിയെങ്കിലും വിടരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു .............
അതുണ്ടായില്ല ,,,,,വിഷാദമായ ആനോട്ടം മതി സൂചിമുന നെഞ്ചില്‍ കുത്തിയിറക്കുന്ന വേദനക്ക് ......
ഒരുപാട് ജീവിതങ്ങള്‍ ഇനിയുമുണ്ട് നമ്മള്‍ കാണാത്തത് എന്‍ഡോസള്‍ഫാന്‍
എന്ന വിഷമരുന്നിന്‍റെ ഇരകളായവര്‍
മരണത്തിന്‍റെ നിലവിളി ഒളിഞ്ഞിരിക്കുന്ന ഒത്തിരി വീടുകള്‍ !!!!!!!!!!

Tuesday, January 20, 2015

അറിയുക

അലയുന്നതെന്തിനു നീ മർത്യാ
ദൈവത്തെ തേടി .  . ദൈവം
നിന്നുള്ളിൽ കുടി കൊള്ളവേ .  .
തിരയുന്നതെന്തു നീ സ്നേഹമോ .
തിരിയുക നീ നിൻ ഹൃദയപക്ഷം
തേടുന്നതെന്തു നീ  ശാന്തിയോ
ശാന്തമാക്കുക നിൻ മനസ്സിനെ
ശാന്തി ഭവിച്ചിടും പാരിതിൽ
ചോദിച്ചുവോ നീ സമത്വമെവിടെ
സമമായി കാണുക സകലവും .
വന്നു ചേരും  സമത്വവും .
നന്മ ഇല്ലന്നു നീ നിലവിളിക്കേണ്ട
തിന്മ വെടിയുകിൽ കൈവന്നിടും നന്മകൾ . .
 അറിഞ്ഞിടേണം മതവേദാന്തങ്ങളൊക്കയും  മനുഷ്യത്വ മെന്നതിന്നർത്ഥാന്തരങ്ങളെന്നും
 വേണം നമുക്ക് വർഗ ബോധം
മനുഷ്യ നാണെന്ന ബോധോദയം . .
ചോരയ്കൊക്കയും ഒരേ നിറം
ഇരു കാലി എന്നൊരു വ്യത്യാസവും
 ഞാനെന്ന ഭാവം വെടിഞ്ഞീടുക . .
നമ്മളൊന്നാണെന്ന ചിന്ത വേണം    . .
സത്യം സത്യമായി മാനിക്കുകിൽ
  വിജയം വിദൂരമല്ല നമ്മില്‍ . .

Wednesday, July 23, 2014

തമ്പാട്ടി

ഇരുളിനെ മുറിച്ച് ഇടയ്ക്കിടെ മിന്നുന്ന മിന്നൽ  വെളിച്ചത്തിലേക്ക് ജനാലയിലൂടെ നോക്കിയിരിക്കുന്ന വല്യമ്മ ഇടയ്ക്കിടെ എന്തോ പറയുന്നുമുണ്ട്, ഞാൻ പതിയെ ചെന്ന് വല്യുമ്മയുടെ അടുത്തിരുന്നു,
 കട്ടിലിൽ നീട്ടി വെച്ചിരുന്ന കാൽ തടവിക്കൊടുത്തു അപ്പോഴും പുറത്തെ ഇരുളിലേക്ക് നോക്കിയിരിക്കുകയാണ് അവർ
"നോക്ക് തമ്പാട്ടീടെ വീട് ഇടിഞ്ഞു വീഴാറായി " പുറത്തേക്ക് ചൂണ്ടി എന്നെ നോക്കി വല്യുമ്മ
നേർത്തു പെയ്യുന്ന മഴയിലേക്ക് ഞാനും കണ്ണയച്ചു
ശരിയാണ് മണ്ണ് കൊണ്ട് തീർത്ത ചുമരുകളും പുല്ലു മേഞ്ഞ വീടും വർഷ വേനലുകൾക്ക് സാക്ഷിയായി നിൽക്കാൻ തുടങ്ങീട്ട് കാലമേറെയായി
"നീ ഓർക്കുന്നുണ്ടോടാ തമ്പാട്ടിയെ " വല്യുമ്മയുടെ ചോദ്യം കേട്ട് ഞാൻ കണ്ണുകൾ പിൻവലിച്ചു
"ഉം ചെറിയ ഒരോർമ യുണ്ട് "
എന്റെ ഓർമയിൽ തമ്പാട്ടി യുടെ രൂപം തെളിഞ്ഞു
തിമർത്തു  പെയ്യുന്ന മഴക്കാലത്ത് നീളൻ കുടയും ചൂടി വളഞ്ഞ ശരീരവും ശരീരത്തെ താങ്ങി നിർത്തും പോലെ ഊന്നു  വടിയും പിടിച്ച് മുറുക്കാൻ ചവച്ചു ചുവന്ന ചുണ്ടും വലിയ തുളയുള്ള കാതിൽ ചെറിയ ഒരു വളയം തൂങ്ങി ക്കിടപ്പുണ്ടാവും മുണ്ടും പഴയ ഒരുതരം ബ്ലൗസും അതിനു ''റാഉക്കെ'' എന്നാണത്രേ വിളിക്കാറ് അതും ധരിച്ച് നാട്ടു വഴിയിലൂടെ നടക്കുന്ന ഒരു രൂപമാണ് എന്റെ മനസ്സിൽ
മഴ വെള്ളം തെറിപ്പിച്ചും മാവിൽ കല്ലെറിഞ്ഞും ഓത്തു പള്ളീൽ പോവുന്ന
ഞങ്ങളെ കാണുമ്പോൾ കണ്ണിനു മീതെ കൈപ്പടം വെച്ച് കുഴിഞ്ഞ കണ്ണിലൂടെ നോക്കും എന്നിട്ട് ചോദിക്കും
"എന്തിനാടാ  പിള്ളാരെ കിതാബും കയ്യേപ്പിടിച്ചു കുരുത്തക്കേട്‌ കാട്ടണേ "
പിന്നെ മനസ്സിലോർമയിലുള്ളത് വെള്ളത്തുണിയിൽ പൊതിഞ്ഞ് നിലത്തു കിടത്തിയിരിക്കുന്ന ഒരു രൂപമാണ് , കത്തിച്ചു വെച്ച നിലവിളക്കും പിന്നെ ചന്ദനത്തിരികളും , ആരും ഒന്നും ഉരിയാടാതെ മൗനമായി നിൽകുന്നതും കുറച്ചു കഴിഞ്ഞപ്പോൾ ആരൊക്കെയോ ചേർന്ന് കൊണ്ട് പോവുന്നതും
ഞങ്ങൾ ഉമ്മറത്ത് നോക്കി നിന്നിട്ടുണ്ട്
പിന്നീട് കുറെ നാൾ പുറത്തിറങ്ങാൻ പേടിയായിരുന്നു
"തമ്പാട്ടീടെ പ്രേതം  ഇവടൊക്കെ കറങ്ങി നടപ്പുണ്ടാവും" എന്ന കൊച്ചേച്ചിയുടെ കണ്ടു പിടിത്തം എത്ര രാത്രികളിലാണ് ഉറക്കം പോയിട്ടുള്ളത്
ആരോ വാതിലിൽ തട്ടുന്ന ഒച്ച കേൾക്കും ഞെട്ടിയെണീറ്റ്‌ നോക്കുമ്പോൾ ചുറ്റും ഇരുട്ടായിരിക്കും ,എന്റെ നിലവിളി കാരണം എല്ലാരും എണീക്കും
ഉമ്മച്ചി തലക്കിട്ടു ഒരെണ്ണം തന്ന് "ന്റെ കൂടെ കെടക്ക്‌ ബലാലെ" എന്നും പറഞ്ഞ്
തിരിഞ്ഞു കിടന്നുറങ്ങും , ഉമ്മച്ചിയെ ചേർത്തു പിടിച്ചാണ് പിന്നെ ഉറക്കം
അതോർത്തപ്പോൾ എന്റെ ചിരി പുറത്തേക്ക് വമിച്ചത് കൊണ്ടാവണം
വല്യുമ്മ എന്നെ തട്ടി വിളിച്ചത്
"യ്യ് ന്താ ആലോയിക്കണേ "
ഞാൻ ചുമൽ കൂചി ഒന്നൂല്ലാന്നു ആംഗ്യം കാട്ടി
പിന്നെ പതിയെ ചോദിച്ചു ,
''ആരായിരുന്നു ഈ തമ്പാട്ടി''
വല്യുമ്മ എന്നെ ഒന്ന് നോക്കി ഗമയിൽ പഴയ വീര സാഹസികത പറയുന്ന പട്ടാളക്കാരനെ പോലെ
"തമ്പാട്ടീന്നല്ല അവൾടെ പേര് ലഷ്മീന്നാ" ,
"ലഷ്മിയല്ല വല്യുമ്മ ലക്ഷിമി ഞാൻ തിരുത്തി"
അതെന്തേലുമാവട്ടെ യ്യ് ഞാൻപറെണതു കേക്ക്
ഒരു കഥ കേൾക്കാനുള്ള തയ്യാറെടുപ്പോടെ ഞാൻ ഇരുന്നു
  പണ്ട് കമ്മ്യുനിസ്റ്റു പാർട്ടിക്ക് വേണ്ടി കുറെ ആളുകൾ ഇവ്ടെന്നു തെക്കോട്ട്‌ പോയിരുന്നു ആ കൂടെ പോയതാ വേലുവും ,വേലായുധൻ ന്നാ പേര്
ന്റുപ്പാന്റെ കൂടെ കണ്ടത്തില് പണിയെടുക്കണ സൂത ന്റെ മോൻ
സൂതനെ പോലോന്നുവല്ല വേലു കാണാനൊക്കെ നല്ല ചുറുക്കായിരുന്നു,
സൂതന് അവൻ മാത്രേ ഉണ്ടായിരുന്നുള്ളൂ , കെട്ടിയോളൊക്കെ മരിച്ചു പോയിരുന്നു വേറെ ബന്ധുക്കളാരും ഇല്ല ,
കുറെ നാള് കഴിഞ്ഞാ വേലു മടങ്ങി വന്നത് കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു
നല്ല മൊഞ്ചത്തി, ഏതോ നല്ല വീട്ടിലെ പെണ്ണാണെന്ന് കണ്ടപ്പഴേ തോന്നി
വട്ട മുഖവും വല്യ മുടിയൊക്കെയായിട്ട് , അവര് വന്നേന്റെ പിറ്റേന്നാ ന്റെ നികാഹും കയിഞ്ഞത് ,
വല്യുമ്മ ഓർമയിലേക്ക് ആഴ്ന്നിറങ്ങുന്നത്  ഞാൻ അറിഞ്ഞു
 തമ്പുരാട്ടി കുട്ടി ആണ് എന്ന് വേലുവാ പറഞ്ഞത് അതറിഞ്ഞു പേടിച്ച് സൂതൻ കുട്ടിയെ തിരിച്ചയാക്കാൻ പറഞ്ഞു ബഹളമൊക്കെ ഉണ്ടായിരുന്നു
 സൂതന്റെ എതിർപ്പ് ന്റുപ്പ ഇടപെട്ട് ശരിയാക്കി,
പതിയെ ഞങ്ങളോടൊക്കെ നല്ല കൂട്ടായി
അവളു തന്നെയാ പറഞ്ഞത് കുടുംബ കാര്യങ്ങളൊക്കെ
നല്ല തറവാടിലെ ഏക പെണ്‍ സന്തതി രണ്ടാങ്ങളമാർ ,
 ആയിടെക്കാ വേലുവും കൂട്ടരും അറസ്റ്റു പേടിച്ച് ഒളിത്താവളം തേടി എത്തിയത് , തറവാടിനു അടുത്തുള്ള ചെറിയ വീട്ടിൽ  ഇവരൊക്കെ താമസിച്ചിരുന്നത് , നിത്യവും അമ്പലത്തിൽ തൊഴുതു വരുന്ന ലക്ഷിമിയെ നോക്കി വേലു പടിപ്പുരയിലുണ്ടാവും , അങ്ങനെ ബന്ധം വളർന്നു
അതികം താമസിയാതെ ലക്ഷിമിയും വേലുവും ഇഷ്ടത്തിലായി
വേലൂനെപ്പോലൊരുത്തനുമായി സംബന്തത്തിനു ബന്ധുക്കൾ ഒരിക്കലും സമ്മദിക്കില്ലാ എന്നറിയാവുന്നതു കൊണ്ട് കൂടെയുള്ളവരെ സഹായത്തോടെ  പാർട്ടി ആപ്പീസിൽ  കൊണ്ടോയി മാലയിട്ടു  പാർട്ടിയെ പേടിച്ചു അവളുടെ കുടുംബക്കാർ ഒന്നും മിണ്ടിയില്ല
ഞങ്ങൾകൊക്കെ അതിശയാര്ന്നു , അത് കേട്ടപ്പോ , ആദ്യായിട്ട് കേൾക്കുവായിരുന്നു ഇങ്ങനൊരു കല്യാണം ,അതിനു അതികം ആയുസ്സുണ്ടായിരുന്നില്ല , വേലൂനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ട് പോയി പിന്നെ ഒരു വിവരവുമില്ലായിരുന്നു , കുറെ നാള് കഴിഞ്ഞ് ആരോ പറയുന്ന കേട്ടു അറസ്റ്റു ചെയ്തവരൊക്കെ കൊല്ലപ്പെട്ടൂന്നു, എന്ത് എന്നോ  എങ്ങനെ എന്നോ ആർക്കും അറീല്ല,
കുറച്ചു നാൾ കഴിഞ്ഞ് ന്റുപ്പയും സൂതനും കൂടെ ലഷ്മിയുടെ വീട്ടിലേക്ക് പോയി കാര്യങ്ങൾ പറഞ്ഞെങ്കിലും , ആങ്ങളമാരുടെ മനസ്സലിഞ്ഞില്ല , അവർ വിഷമത്തോടെ തിരിച്ചു വന്നു
അതികം വൈകാതെ സൂതനും മരിച്ചു ഒറ്റയ്ക്ക് സൂതന്റെ വീട്ടിൽ കഴിയാൻ അവൾക്കും പേടിയായിരുന്നു
അപ്പഴാ ഉപ്പ പറഞ്ഞത്
താമസം വീട്ടിലേക്ക് മാറാൻ , അവൾ മടിച്ചെങ്കിലും ഉപ്പ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു വന്നു , പിന്നെയാ അവിടൊരു കുടിൽ പണിതെ , വെറുതെ ഒരു വീട് അത്രേയുള്ളൂ , പകൽ ഞങ്ങൾകൊപ്പം പാടത്ത് പണിയും  രാത്രിയാവുമ്പോ ഇങ്ങോട്ട് വരും ഭക്ഷണവും കിടത്തവുമൊക്കെ ഇവ്ടെന്നെ ,
ഇവടെ ഞങ്ങടെ കുടുംബത്തിൽ ഒരാളായിരുന്നു അവളും ,
അവളാ അവിടെ കാട് പിടിച്ചു കിടന്ന കാവ് വൃത്തിയാക്കി വിളക്കൊക്കെ വെച്ചോണ്ടിരുന്നത്,   അന്നാരും ചോദിച്ചില്ല ഏതാ ജാതീ ഏതാ മതം എന്നൊന്നും , ഇന്നങ്ങനെ പറ്റ്വോ ,
വല്യുമ്മ , ഒരു നിമിഷം നിർത്തി എന്നെ നോക്കി , ഞാൻ വെറുതെ തലയാട്ടി
പിന്നെ ചോദിച്ചു
 'എന്നിട്ട് '
ഒരു ദിവസം രാത്രി കാവിൽ വിളക്ക് വെച്ച് തിരിച്ചു വരുമ്പോ വീണു, ആരോ തല്ലീന്നാ അവള് പറഞ്ഞെ , ഏതോ ശൈതാനോ മറ്റോ ആവും , കുറെ നാൾ ഒന്നും ചെയ്യാനാവാതെ കിടന്നു , സുഖായപ്പോ നടു നിവരാതായി ,
വളഞ്ഞാ നടന്നോണ്ടിരുന്നെ , എങ്കിലും എല്ലാ പണിയും ചെയ്യും
പിന്നെ കുട്ടികളൊക്കെ പ്രയായപ്പഴാ കിടത്തം അവിടെ തന്നെ ആക്കിയത്
എല്ലാരും തമ്പുരാട്ടീന്നു വിളിച്ചു വിളിച്ചു അത് തമ്പാട്ടിയായി ഒടുക്കം അവളും മറന്നു ലഷ്മി എന്ന പേര്
ഇപ്പൊ എത്ര  കൊല്ലായി അവള് മരിച്ചിട്ട് , എല്ലാം  ഇന്നലെ  കഴിഞ്ഞ പോലെ ഒരു ദീർഘ നിശ്വാസത്തോടെ വല്യുമ്മ പറഞ്ഞവസാനിപ്പിക്കും പോലെ താടിക്ക് കൈ കൊടുത്തിരുന്നു ,
മഴ നനഞ്ഞ് കാട് വളർന്നു വീഴാറായി കിടക്കുന്ന വീട് ഞാൻ ജനലിലൂടെ നോക്കി , ഊർന്നു വീഴുന്ന മഴയിൽ ആ വീടിനു മുന്നില് തംബാട്ടി നിൽകുന്ന പോലെ തോന്നി ,
വളഞ്ഞ ശരീരത്തെ താങ്ങി നിർത്തുന്ന  വടിയുമായി മുറ്റത്തേക്ക് മുറുക്കാൻ ചുവപ്പ് നീട്ടി തുപ്പുന്ന തംബാട്ടി .


Thursday, July 10, 2014

ഗാസാ ,,,


ഗാസാ ,,, 
നിനക്ക് മേൽ  ആർത്തി പൂണ്ട  കഴുകന്റെ 
നിഴലുകൾ  പിന്നെയും പതിക്കുന്നു 
നിണ മൊഴുകി പ്പരന്ന നിന്റെ തെരുവ് 
പിന്നെയും തീക്കാറ്റാൽ എരിയുന്നു 
ഹൃദയം വിറയ്ക്കുന്ന നിന്റെ നിലവിളി 
സയനിസത്തിൻ യന്ത്ര ദ്രംഷ്ടകളാൽ മുറിയുന്നു  
ഗാസാ
ഒന്നു തേങ്ങും മുൻപേ നിന്റെ   പൈതലുകൾ 
തീ തുപ്പും കുഴലിൻ ഇരയായി 
രക്തച്ചുവപ്പിൽ കിടന്നു പിടയുന്നത് 
കണ്ടെൻ ഹൃദയം പിളരുന്നു 
നിന്റെ മുറിപ്പാടിൽ നിന്നൊഴുകുന്ന ചുടു കണം
കണ്ടു ഞങ്ങൾ സുഷുപ്തിയിലല്ല,,ഗാസാ 
നിറയുന്ന മിഴി യാൽ കേഴുകയാണ് നാഥനോട് 
നിന്നെ ബാലാൽകരിച്ചു നിനക്കുമേൽ 
താണ്ഡവ മാടുന്ന നപുംസകങ്ങൾ 
,, ഒരു നിമിഷമെങ്കിലും ഭയക്കുന്നുണ്ട് 
മനക്കണ്ണിൽ കാണുന്ന നിന്റെ ഉയിർത്തെഴുന്നേൽപ്പിനെ
നിനക്ക് മേൽ രക്ഷകനായി 
ഇനിയുമൊരു സ്വലാഹുദ്ധീൻ അയ്യൂബിയുടെ വരവിനെ 
അതിനാലല്ലെ നിന്റെ കുഞ്ഞു പൈതലുകൾക്കു മേൽ 
ജൂതപ്പിശാച്ചുക്കൾ അഗ്നി നൃത്തം ചെയ്യുന്നത് 
പക്ഷെ ഗാസാ ,,,,,,
നിന്റെ പ്രധിഷേധ ജ്വാല മനക്കരുത്ത് തരുന്നുവെങ്കിലും 
നിന്റെ രക്തമൊലിക്കുന്ന മണലിനുമേൽ ചേതനയറ്റ്
ചോരപ്പൂക്കൾ പുതച്ചുറങ്ങുന്ന പിന്ജോമന മുഖം 
എന്റെ കരളലിയിപ്പിക്കുന്നു 
നിന്റെ കരച്ചിലിന്റെ അലകൾ കേട്ട് 
ഹൃദയം വിങ്ങുന്നു മിഴികൾ നിറയുന്നു 
ഇനി ഞാൻ ഒന്നു കരഞ്ഞോട്ടെ നിനക്ക് വേണ്ടി 
എന്റെ കണ്ണ് നീർ വറ്റും വരെ

Friday, June 27, 2014

പൂക്കാലമായി

പരിശുദ്ധി നിറഞ്ഞ വൃതാനുഷ്ടാനത്തിന്റെ ഒരു പൂക്കാലം കൂടി വിശ്വാസികൾ വരവേൽക്കുന്നു, മനുഷ്യ ഹൃദയങ്ങളിൽ  പുതിയ പ്രതീക്ഷകളും നന്മകളും ഉണർത്തിക്കൊണ്ട്..
പ്രാർത്ഥന നിർഭരമായ നിമിഷങ്ങളിലൂടെ കടന്നു പോവുന്ന രാവുകൾ , നന്മയിൽ ഉരുക്കിയെടുക്കുന്ന ഹൃദയത്തെ ദൈവവുമായി കൂട്ടി വെയ്ക്കുന്നു ,
ദൈവത്തെ കുറിച്ചുള്ള ജ്ഞാനം കുടി കൊള്ളുന്നത്‌ മനുഷ്യനും  അവന്റെ ഹൃദയത്തിനിടയിലുമാണ്
പരിശുദ്ധ ഗ്രന്ഥം ഇങ്ങനെയാണ് പഠിപ്പിച്ചു തരുന്നത്
ഒരുപാട് പ്രത്യേകതകൾ നിറഞ്ഞു നിൽകുന്നു ഈ മുപ്പതു ദിന രാത്രങ്ങൾ
മഹാ സംഭവങ്ങളിൽ ബഹുലമാണ് ഈ മാസത്തിന്റെ ചരിത്രം ,
ഒരു മാസത്തെ മൂന്നായി വേർതിരിക്കുന്നു
ആദ്യ പത്ത് നടുവിലെ പത്ത് ഒടുവിലെ പത്ത് , ഇങ്ങനെയാണ് അത് ,
ആദ്യ പത്ത്  ദൈവത്തോട് കരുണ തേടുന്നു  രണ്ടാമത്തേതിൽ പാപ മോചനവും ഒടുവിലെ പത്തിൽ നരക മുക്തിയും തേടുന്നു ,
മനുഷ്യന്റെ ആത്മീയമായ പ്രവർത്തിയെ റമസാൻ മാസവുമായി ചേർത്തു നിർത്തുന്നു, അതിങ്ങനെ തരം തിരിക്കാം
ഉപവാസം , പ്രാർത്ഥന , വായന , മൗനം, ചിന്ത , സ്നേഹം, ത്യാഗം
ആത്മീയമായ പരിത്യാഗങ്ങളാൽ ഇവ ഓരോന്നും ബന്ധിച്ചിരിക്കുന്നു
വൃതാനുഷ്ടാനം പ്രാർത്ഥനയിലും പരിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നതിലും  അനാവശ്യമായ സംസാരം ഒഴിവാക്കുന്നതിലും പാരത്രിക ലോകത്തെ കുറിച്ച് ചിന്തിക്കുന്നതിലും പരസ്പര സ്നേഹിക്കുന്നതിലും സഹകരിക്കുന്നതിലും ,
ഒന്നുകൂടി വ്യക്തമാക്കിയാൽ
വൃതം അഥവാ നോമ്പ് ,,
ഉദയത്തിനു മുൻപുള്ള കൃത്യമായ ഒരു സമയ സീമയിൽ ജലപാനം അവസാനിപ്പിച്ചിരിക്കണം, നിർണിതമായ നിമിഷങ്ങളിൽ ആരാധന  കർമങ്ങൾ കൃത്യമായി നിർവഹിച്ചിരിക്കണം, കൃത്യമായ അസ്തമയ നേരത്ത്  ഉപവാസം അവസാനിപ്പിച്ചിരിക്കണം'' വളരെ ചുരുക്കത്തിൽ ഇതാണ് വൃതത്തിന്റെ അർത്ഥം,
വായന എന്നാൽ
വിശുദ്ധ ഖുർആൻ അവതരിച്ച മാസമാണിത്
ഖുർആൻ ആദ്യം പറഞ്ഞു തുടങ്ങുന്നത്  വായിക്കാനാണ് ,
പ്രഥമ അവതരണം  ഇങ്ങനെയാണ്
 " നീ വായിക്കുക  നിന്നെ ബ്രൂണത്തിൻ നിന്നും സൃഷ്ടിച്ചവന്റെ നാമത്തിൽ , നീ വായിക്കുക നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔതാര്യവാനാകുന്നു , പേന കൊണ്ട് പഠിപ്പിച്ചവൻ ,""
അത് കൊണ്ട് തന്നെയാണ് ഖുർആൻ പാരായണം  മറ്റു ദിനരാത്രങ്ങളെക്കാൾ  കൂടുതൽ ഈ മാസത്തിൽ പാരായണം  ചെയ്യപ്പെടുന്നത്,
ദൈവം ഈ ഗ്രന്ഥത്തിനു നൽകിയതും  വളരെ ലഘുവായ നാമമാണ് ,,   ""വായിക്കപ്പെടുന്നത്""  അറബി ഭാഷയിൽ ഖുർആൻ ന്റെ നിർവചനം  അങ്ങനെയാണ്,
മാത്രമല്ല
 ജൂത ക്രൈസ്തവ സമുദായത്തിന്റെയെല്ലാം വേദങ്ങൾ വെളിപ്പെട്ടത് ഈ മാസത്തിലാണ് , ഇതെല്ലാം ഈ മാസത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്, എന്ന് വെച്ചാൽ ഈ മഹാ സംഭവങ്ങൾ റമസാൻ മാസത്തിന്റെ വിശുദ്ധ രാപകലുകളിൽ നടന്നുവെന്നാണ് നാം മനസ്സിലകേണ്ടത്,  മറിച്ചല്ല ,( അഥവാ അവ നടന്നത് കൊണ്ടല്ല ഈ മാസത്തിനു പ്രത്യേകത ഉണ്ടായതു എന്നല്ല , )
ആ സംഭവങ്ങൾക്കെല്ലാമുള്ള ആത്മീയ പാശ്ചാത്തലം ഈ മാസം സംജാതമാക്കി എന്നർത്ഥം ,
ത്യാഗം സ്നേഹം   ,
ഇതിനെ പല തരത്തിൽ വർണിക്കാം .. അതിനേറ്റവും നല്ല പദം കരുണ എന്ന് വിശേഷിപ്പിക്കലാണ്, കാരുണ്യം ഇസ്‌ലാമിന്റെ  മഹത്തായൊരാശയമാണ് , കരുണാ വാരിധിയായ ദൈവത്തെ അനുസ്മരിച്ച് ഏതു കാര്യവും ചെയ്തു തുടങ്ങുന്നു , വ്യക്തമായി പറഞ്ഞാൽ , ത്യാഗം ചെയ്യേണ്ടത് കരുണ യിലൂടെയാണ് , അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് , പ്രവാചക ശ്രേഷ്ടർ പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ ,,
കയ്യിൽ ഉള്ളതിന്റെ ശതമാനം തിരിച്ച് ദൈവ നാമത്തിൽ ദാനം ചെയ്യൽ നിർബന്ധമാക്കി അത് റമസാൻ മാസത്തിലാവുമ്പോൾ , പ്രതിഫലം ഏറെയാണ്‌, ദാനം മാത്രമല്ല കരുണയിൽ ഒതുങ്ങുന്നത്  , താനാൽ കഴിയുന്നതെന്തും മറ്റുള്ളവന് ചെയ്തു കൊടുക്കുന്ന ഏതു  നന്മയും അതൊരു നല്ല ലളിതമായ  വാക്കാണെങ്കിൽ പോലും ഏറെ മഹത്തരമാണ് ,
,,ചിന്ത,
ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് എന്ന ദൈവ വചനം തന്നെയാണ് ചിന്തിക്കാൻ പഠിപ്പിക്കുന്നത്‌ , ഏതു  തരം ചിന്തയാണ് അത് , പ്രപഞ്ചത്തിന്റെ ചലനം  ജനനം മുതൽ  മരണം വരെ തുടങ്ങുന്ന  ചിന്ത അതിനു ശേഷമുള്ള , ഉയിർത്തെഴുന്നെൽപ്പ് വിചാരണ നരക സ്വർഗ്ഗ മാറ്റങ്ങൾ വരെയുള്ള ചിന്ത അതിലൂടെ അദൃശ്യനായ ദൈവമെന്ന മഹാത്ഭുതത്തെ  കുറിച്ചും അവന്റെ  കഴിവിനെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട് ,
മറ്റൊന്ന് നിർണയത്തിന്റെ രാത്രി , ഈ രാത്രിയാണ് ഏറെ പ്രസക്തം
അവസാന പത്തിലെ ഒരു രാത്രിയാണ് അത് ,
ഖുർആൻ അവതീർണമായ രാത്രി , ഒരു നന്മയ്ക്ക് ആയിരം മാസത്തിന്റെ പ്രതിഫലം ലഭിക്കുന്ന രാവ്,
ഒറ്റയായ രാത്രിയാണത്രെ ( 21,23 25 27 29 ) അത് ലൈലത്തുൽ ഖദർ എന്ന് വിശേഷിപ്പിക്കുന്ന രാത്രി
ഇതിനു പുറമേ യാണ് , ഇസ്ലാമിന്റെ നിലനിൽപിനു  വേണ്ടി നടന്ന ആദ്യ യുദ്ധം ബദർ,  ഇസ്ലാം മതത്തിന്റെ നിർണായക മായ യുദ്ധം ഈ മാസത്തിലാണ്  വെറും മുന്നൂറ്റി പതിമൂന്ന്  പടയാളികൾ നോമ്പ് കാരായി  തൊള്ളായി രത്തിലേറെ വരുന്ന ശത്രുക്കളോട് പൊരുതി ജയിച്ചതിന്റെ ഓർമ്മകൾ  വിശ്വാസികൾക്ക് ആത്മ വീര്യം നൽകുന്നു
ഇങ്ങനെയുള്ള രാപ്പകലുകൾ കൊണ്ട് പരിശുദ്ധമാണ് റമസാൻ പകലിരവുകൾ ,
റമസാൻ വൃതത്തിന്റെ  യുക്തി അന്വേഷിച്ച ഹിശാമുബിൻ ഹകമിനു  പണ്ഡിത ശ്രേഷ്ടനായ ജഹ്ഫർ ബിൻ മുഹമ്മദ്‌ (റ ) നൽകിയ മറുപടി ഇപ്രകാരമായിരുന്നു
''ധനികന് ദാരിദ്രന്റെതിനു തുല്യമായ അനുഭവമുണ്ടാക്കി കൊടുക്കുക എന്നത് നോമ്പിന്റെ ഒരു താല്പര്യമാണ് , ധനികന് വിശപ്പിന്റെ സ്പർശനമേൽക്കുമ്പോൾ അയാളിൽ പട്ടിണി ക്കാരനോട് കരുണയുയരും'' ;;
മറ്റുള്ളവരുടെ വേദനകളോടും പ്രശ്നങ്ങളോടും സഹാനുഭൂതി പരമായ സമീപനം സ്വീകരിക്കാനുള്ള ഒരടിസ്ഥാന പാഠമാണ്  നോമ്പുകാരൻ ഇത് വഴി പഠിക്കുന്നത് അത് തന്നെയാണ് മുത്ത്‌ ഹബീബ് മുഹമ്മദുന്നബി ലോകത്തിനു കാണിച്ചു തന്ന കരുണയുടെ പാടവം
ലോക ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം എല്ലാവർക്കും
 നന്മ നിറഞ്ഞ നല്ലൊരു റമസാൻ ആശംസിക്കുന്നു ,

Tuesday, June 24, 2014

ചരമമായി പ്രകൃതിക്ക്



മുറ്റത്തെ കാവിൽ ഇരുളിൽ കിടന്നൊരു 
നാഗം സ്വസ്ഥമായൊന്നു ഉറങ്ങിയിരുന്നു ,,,
ആൽമരത്തിൻ വിശാലമാം ശിഖിരത്തിൽ
കാക്കകൾ കൂടും പണിതിരുന്നു 
പച്ചപ്പുൽ നിറഞ്ഞൊരു തൊടിയിലെങ്ങും 
നാൽക്കാലികൾ മേഞ്ഞു നടന്നിരുന്നു 
കുഞ്ഞോളങ്ങൾ തഴുകി വരുന്നൊരു 
പുഴയും അരികത്തുണ്ടായിരുന്നു,,
നീന്തിത്തുടിച്ചു രസിക്കുന്ന കുഞ്ഞുങ്ങൾ
തുണി വലയിൽ മീനുകൾ പിടിച്ചിരുന്നു 
അക്കരെ നിന്നും വരുന്നൊരു ഈറൻ
കാറ്റിൻ കുളിരിൽ വിറച്ചിരുന്നു ,,
പാടത്ത് ഞാറു നടുന്നൊരാ പെണ്ണുങ്ങൾ 
വയൽ പാട്ടിനീണത്തിൽ ലയിച്ചിരുന്നു 
പോക്കുവെയിലിൻ തലോടലിൽ 
നെൽകതിരുകൾ താളമിട്ടിരുന്നു...
കർഷക ഹൃത്തിൻ സുഗന്ധമായി 
വിളക്കാല ഭംഗിയും നിറഞ്ഞിരുന്നു 
കൂട്ടിനായി കിളികളും വന്നിരുന്നു 
മണ്ണിൽ നർത്തനം ചെയ്യും മഴകൂട്ടിൻ 
തവരകൾ സ്വാഗതം ചെയ്തിരുന്നു 
വർഷ മേഘങ്ങൾ പെയ്തൊഴിയാൻ 
ഇടവപ്പാതിയും വന്നിരുന്നു ,,
പച്ചപ്പിൻ കേശവുമായി മലനിരകൾ ,,
ഇരുൾ കമ്പളം മൂടിപ്പുതച്ചു
ധനുമാസ കുളിരിൽ മയങ്ങിയിരുന്നു 
,, 
ഇന്നില്ല മണ്ണിൽ ഇഴജീവികൾക്ക്
സ്വസ്തമാം ആവാസ യോഗ്യതയും 
പറവകൾക്ക് കൂട്ടുകൂട്ടാൻ 
മരങ്ങൾ പാടെ മറഞ്ഞതാണ് 
ജലധാരയില്ല ധരണിയിൽ 
തൊടികളിന്നില്ല തോടുകളും 
കാറ്റും കുളിരും തീരെയില്ല 
പാടവും പാട്ടും പൈങ്കിളി യും 
എന്നോ ഓർമയായി പോയി മറഞ്ഞു 
കതിര് വിളഞ്ഞ മണ്ണിൽ വറുതിയും
കാർഷികത്തിൻ ചുടലയായി
പെയ്യുന്ന മഴയ്കിന്നു കാലമില്ല 
ഇടവവും കർക്കിടകവുമില്ല..
മലകളില്ല പകരം കെട്ടിടങ്ങൾ,,
മണ്ണിലെങ്ങും അഴുക്കുചാലും,,
പ്രകൃതി തകൃതിയാൽ നശിച്ചീടുകയാൽ
മർത്ത്യാ ഓർത്ത്‌ കൊൾക നിനക്കു സർവ്വ നാശം