ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Saturday, June 27, 2015

പ്രണയിച്ചിരുന്നു നാം

പ്രണയിച്ചിരുന്നു നാം പൂവിതൾ തുമ്പിലെ
തേൻ തുള്ളി നുകരുന്ന പോലെ
പ്രണയിച്ചിരുന്നു നാം പൂവും കിളികളും
വസന്തമായി വന്നൊരു നാളിൽ
കാതോർത്തിരുന്നു ഞാൻ നിൻ കൊലുസിന്റെ
താളവും മൃദുലമാം പാദസ്വരവും
കടമിഴിക്കോണിലെ നിറയുന്ന
പ്രണയത്തിനോളവും കാണാൻ
നുണക്കുഴി വിരിയുന്ന നിൻ ഇളം കവിളിൽ
ഞാൻ ആദ്യമായി ചുംബനം തന്നൂ
നാണിച്ചിരുന്ന നിൻ മിഴികളിൽ ഒഴുകുന്ന
പ്രണയത്തിൻ അരുവിയും കണ്ടു
പ്രണയിച്ചിരുന്നു നാം അകലെ മലകളിൽ
   തൂമഞ്ഞു പെയ്യുന്ന കാലം
പ്രാണൻ അകലും വരെ നീയെനിക്കെന്നു
 നിന്നെ പുണർന്നു ഞാൻ പറഞ്ഞു
മരണം വിളിച്ചാലും അകലില്ല ഞാനെന്നു
എന്നിൽ അലിഞ്ഞു നീ മൊഴിഞ്ഞു
മാനത്തു തൂവെള്ളി പ്രഭയായി
 നിലാവിൻ പുഞ്ചിരി വിടർന്നു
ആ നേരമെവിടെനിന്നറിയാതെ
രാകുയിലിൻ നാദവും കേട്ടു
ആരോ വരച്ചൊരു പ്രണയ ചിത്രത്തിൽ
 ഞാൻ നമ്മുടെ പേരും കുറിച്ചു
ഹൃദയത്തിൽ എന്നേ കുറിച്ചിരുന്നെന്നു
 അത് അതു കണ്ടു  നീ പറഞ്ഞൂ
ഹൃദയം നിനക്കായി പകുത്തു
 ഞാൻ തന്നപ്പോൾ ഇളം കാറ്റു വീശിയകന്നു
പുലരിയിൽ പുഴയുടെ തീരത്തിരുന്നു
 നാം സ്വപ്‌നങ്ങൾ നെയ്തിരുന്നു
പിരിയുവാൻ വയ്യാത്ത നമ്മുടെ പ്രണയത്തിൽ
 പുഴയെന്നും സാക്ഷിയായി
 കൈകോർത്തു നടന്നു നാം പാടവരമ്പിലും
 ഇളം വെയിൽ ചായുന്ന നേരം
കൈകളിൽ പൂക്കളും കണ്ണിൽ
 പ്രണയവുമായി കാലമേറെ കഴിഞ്ഞു
പ്രണയമാം സ്വപ്നത്തിൽ ഉണരുന്ന
 ചിത്രങ്ങളിൽ നീ നിറഞ്ഞു
പ്രണയം വിരിയുന്ന
കവിതകളെന്നുള്ളിലെ  കിളികളും പാടി
മഴ പെയ്തു തോർന്നൊരു
പകലിലെ വാകമരച്ചുവട്ടിൽ
മിഴിനീരിൻ നനവ്‌ പോൽ
 മഴത്തുള്ളിയും  നമ്മിൽ പതിഞ്ഞു
വഴി പിരിയുവാൻ പറയാതെ പറഞ്ഞു
 നീ മുന്നിൽ മൂകമായി നിന്നൂ
വാക്കുകൾ തപ്പി എടുക്കുന്നതിൻ മുൻപേ
 നീ യാത്രാ മൊഴിയും പറഞ്ഞു
വഴിയറിയാതെ നിന്നെനിക്കുമേൽ
 മഴ പിന്നെയും പൊഴിഞ്ഞു
വാടിയ പൂക്കൾ പൊഴിച്ച്
നിന്നെന്തിനോ  വാക മരവും കരഞ്ഞു
 പ്രണയിച്ചിരുന്നു നാം ,,,,,,,,
, നഷ്ട സ്വരങ്ങളെ വിരഹത്തിനാഴം അളക്കാൻ ,,,,,,


Thursday, June 25, 2015

എവിടെനീ

എവിടെയെൻ ജന്മസാഫല്യമേ ,, നീ
എവിടെയെൻ  ഹൃദ്യമൊരു പ്രണയ പുഷ്പം
മോഹങ്ങളാൽ നെയ്തൊരു പട്ടുചേല,,,,,
അതിൽ സ്വപ്നം കൊണ്ട് ഞാൻ വരച്ചൊരു പ്രണയചിത്രം
എവിടെ കളഞ്ഞുപോയി ഞാനാ പട്ടുചേലാ
എവിടെയെൻ ആർദ്രമാം പ്രിയമൊരു കവിത ശകലം
എവിടെയെൻ മണ്‍ചിറാതിലേ പൊൻതിരി വെട്ടം
എവിടെയെൻ മഴമുകിലിൻ സപ്തസ്വരം ,,
എവിടെയെൻ ജീവന്റെ ആശാ നാളം
എവിടെ എവിടെയെൻ നിത്യമാം ആത്മ ശാന്തി ,,
എവിടെ എവിടെനീ
എന്റെ അനുരാഗ ലയഭാവ താളാത്മകമേ,,,,, 

Monday, June 8, 2015

ഇനി ഞാൻ

ഇനി ഞാൻ ചിരിക്കും
മരണത്തിന്റെ ചുംബനം ആസ്വദിച്ച്
ഒരു മഞ്ഞു തുള്ളി മണ്ണിൽ വീണു 
മറയുന്നത് പോലെ ഞാൻ മറഞ്ഞു പോകും 
എന്നെ പ്രണയിച്ചവൾക്കുള്ള
എന്റെ അന്ത്യ സമ്മാനമായി
നിശ്ചലമായ ഹൃദയത്തിന് മീതെ
ഒരു ചുവന്ന റോസാപൂവ് വിരിഞ്ഞിരിക്കും
ഒരു തുള്ളി കണ്ണീരിന്റെ അകമ്പടിയോടെ
മരണത്തിനു സാക്ഷിയായി നീ വരരുത്
നിന്റെ മിഴി തുടയ്കാൻ ഞാൻ
പുനർജനിച്ചു പോകും ....... അത് വേണ്ട
ആറടി മണ്ണിനു കീഴെ എനിക്ക് മഞ്ജമൊരുങ്ങും
മണ്ണറ മണിയറയാക്കി എകാന്തമായൊരു
ഇരുളിലേക്ക് ഞാൻ യാത്രയാകും
ഞാനെന്ന ഓർമയ്ക്ക്‌ മേൽ ഒരു കല്ലും
മൈലാഞ്ചി ചെടിയും അവശേഷിക്കും .....

Wednesday, April 8, 2015

ആത്മ ബന്ധങ്ങള്‍

മുംബൈയിലെ കസായ്  വാട
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന  ഗല്ലി , ബലിമൃഗങ്ങളുടെ  നിലവിളി മുഴങ്ങുന്ന ഇവിടെ   എപ്പഴോ ആണ് ഞാനും എത്തിപ്പെട്ടത് കൂറ്റൻ മലയുടെ താഴ്വാരമാണ് ക്സായി വാട .
കുർള റെയിൽ വേ സ്റ്റെഷനോട്‌  ചേർന്ന് കിടക്കുന്ന ഈ തെരുവിൽ പലജീവിത വേഷങ്ങൾ കെട്ടിയാടുന്നുണ്ട് 
സായാഹ്നങ്ങളിൽ  ജനങ്ങൾ  നേരിയ റോഡിൽ തടിച്ചു കൂടുന്നത് കാണാം
പഴങ്ങളും പച്ചക്കറികളും  ആടിന്റെയും മാടിന്റെയും മാംസങ്ങൾ കൂടാതെ എണ്ണയിൽ പൊരിച്ചെടുക്കുന്നതും ചുട്ടെടു ക്കുന്നതുമായ ഇറച്ചി വിഭവങ്ങൾ, മുംബൈയുടെ ഇഷ്ട വിഭവമായ പാവ്ബാജി , ഇവയുടെ യൊക്കെ കച്ചവടത്തിരക്ക് അന്തരീക്ഷത്തിൽ നിറയുന്ന ബഹളം പതിവ് കാഴ്ചയാണ് ഒപ്പം അടിപിടികളും കച്ചവടത്തിന് സ്ത്രീകളും കുട്ടികളുമടക്കം കാണാം 
മിക്കപ്പോഴും അവനെ ഞാൻ കണ്ടിട്ടുള്ളത് ആരെങ്കിലുമായി അടികൂടുന്നതാണ് 
ഇരുപതോ മറ്റോ പ്രായമേ കാണൂ അവന് 
എപ്പോഴും എന്തിനാണവൻ വഴക്കിടുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് 
ഒരു ദിവസം കച്ചവടത്തിരക്കുകൾക്കിടയിൽ നിറഞ്ഞു പെയ്ത മഴ 
എല്ലാവരും മഴകൊള്ളാത്തിടം നോക്കി ഓടി  കടത്തിണ്ണയിലും മറ്റുമായി നിന്നു 
ആ സമയത്താണ് അവിടെയൊക്കെ അലഞ്ഞു നടക്കുന്ന ഒരു സ്ത്രീ  മഴയിൽ നനഞ്ഞു കുതിർന്നു വന്ന് . കടകളുടെ മേൽകൂരയിൽ നിന്ന് വീഴുന്ന മഴവെള്ളം കൈനീട്ടി കുടിക്കാൻ തുടങ്ങി  എവിടെ നിന്നോ ആ ചെറുക്കൻ ഓടിവന്ന്  വെള്ളം കുടിച്ചു  കൊണ്ടിരുന്ന അവരുടെ കയ്യിൽ  തട്ടി 
കയ്യിൽ  പിടിച്ചു വലിച്ചുകൊണ്ട് ഞങ്ങളുടെ കടയ്ക്കു മുൻപിലെത്തി  ഒരു കുപ്പി വെള്ളം വാങ്ങി  ആ സ്ത്രീ യെ പിടിച്ച് തിണ്ണയിൽ കയറ്റി നിർത്തി വെള്ളം കയ്യിലോട്ട് ഒഴിച്ച് കൊടുത്തു 
ഒരു നിമിഷം ആ സ്ത്രീ അവന്റെ മുഖത്തേക്ക് നോക്കി  പിന്നെ വെള്ളം കുടിക്കാൻ തുടങ്ങി 
ആ സംഭവത്തിന്റെ ണ്ടു ദിവസത്തിനു ശേഷമാണ് അവിടെ ഒരു അടി നടന്നത് 
ആ പയ്യനും കുറെ പേരും, ആളുകൾ  കൂടി നിന്ന് വീക്ഷിക്കുന്നതിനിടെ 
ആ സ്ത്രീ ഓടിവന്നു ആ ചെറുക്കനെ പൊതിഞ്ഞു പിടിച്ചു  അവർ മറ്റുള്ളവരെ നോക്കി എന്തൊക്കെയോ കുഴഞ്ഞ നാക്ക് കൊണ്ട് പറയുന്നുണ്ട്, അവൻ കുതറിയെങ്കിലും വിട്ടില്ല  അവനെയും വലിച്ചു കൊണ്ട് പോയി 
ജനങ്ങൾ വിസ്മയത്തോടെ അത് നോക്കി നിന്നു 
പിന്നീട് കുറച്ചു ദിവസങ്ങൾക്കു  ശേഷം പുലർച്ചെ മലമുകളിലേക്ക് കയറുന്ന വഴിയിൽ  അവൻ മരിച്ചു കിടക്കുന്ന വാർത്തയാണ് ഞങ്ങളെ  ഉണർത്തിയത് 
കുറെ സമയത്തേക്ക് നടുക്കം വിട്ടു മാറാതെ നിന്നു  എല്ലാവരും , ഞങ്ങൾ അവിടെ എത്തുമ്പോൾ  ജനങ്ങൾ കൂടി നില്പുണ്ട്  നിലവിളിക്കുന്ന 
അവന്റെ അമ്മയെ ആരോ താങ്ങി കൊണ്ട് പോവുന്നത് കണ്ടു  ചുറ്റും ആളുകൾ നിൽകുന്നതിനാൽ ഒന്നും കാണാൻ വയ്യ  ആരുടെയോ കരച്ചിൽ മാത്രം ഉയർ ന്നു  കേൾക്കാം  പതുക്കെ ഇടയിലൂടെ നുഴഞ്ഞു ഞാൻ കണ്ട കാഴ്ച  എന്റെ കണ്മുന്നിൽ ഇപ്പോഴുമുണ്ട് ചോരയിൽ കുളിച്ചുകിടക്കുന്ന അവനരികിൽ ഹൃദയം പൊട്ടിക്കരയുന്ന ആസ്ത്രീ
ജടകെട്ടിയ മുടിയിൽ പിടിച്ചു വലിച്ചു വിലപിച്ചു കൊണ്ടിരിക്കുന്നു ഇടയ്ക്കിടെ കൈകൊണ്ട് തലയിൽ തല്ലിക്കൊണ്ട് കരയുന്നു
കുഴഞ്ഞ ശബ്ദത്തിൽ എന്തൊക്കെയോ പറയുന്നുമുണ്ട്
ആ കാഴ്ചയ്ക്ക് ശക്തിയില്ലാതെ ഞാൻ പിന്തിരിഞ്ഞു .
മൃതുദേഹം ആശുപത്രിയിൽ  നിന്ന് ഏതോ സ്ഥലത്ത് കൊണ്ട് പോയി സംസ്കരിച്ചു
ആ സ്ത്രീ അപ്പോഴും ആ മലയിടുക്കിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു.
എന്ത് ആത്മ ബന്ധ മായിരിക്കും  അവരുതമ്മിൽ
അവനന്ന് ഒഴിച്ച് കൊടുത്തത് സ്നേഹ മായിരിക്കുമെന്നു തോന്നി എനിക്ക്
പിന്നെയും ആസ്ത്രീ ആ തെരുവിലൂടെ അലഞ്ഞു നടക്കുന്നുണ്ടായിരുന്നു
ആരെയോ തിരയുന്ന പോലെ ...!! എന്തൊക്കെയോ മന്ത്രിച്ചുകൊണ്ട് 

Tuesday, March 24, 2015

ചില ജീവിതങ്ങൾ


പൊട്ടിപ്പൊളിഞ്ഞ താര്‍ റോഡിലൂടെ ഓട്ടോ ആടികുലുങ്ങി പോവുമ്പോള്‍ ആലോചിക്കുകയായിരുന്നു
വര്‍ഷങ്ങള്‍ക് മുന്‍പ്‌ ഇത് വഴി വരുമ്പോള്‍ ഇടതൂര്‍ന്ന്‍ നില്‍ക്കുന്ന മരങ്ങളുണ്ടായിരുന്നു ..'കശുമാവിന്‍ കാടുകള്‍ ' ഇന്നിവിടം മരങ്ങള്‍ വെട്ടിമാറ്റി ചുടലപ്പറമ്പ് പോലെ വികൃതമായി കിടക്കുന്നു ...
വര്‍ഷങ്ങള്‍ ഒത്തിരിയായി ഇതുവഴി വന്നിട്ട്
നാല്പതു ദിവസത്തെ അവധിക്ക് നാട്ടില്‍ വരുന്നതിന്‍റെ തലേന്നാണ് പഴയ സഹപാഠിയെ കണ്ടുമുട്ടിയത്‌ ജീവിതത്തിന്‍റെ അനുസരണ ഇല്ലാത്ത യാത്രയില്‍ ഓര്‍മ്മകള്‍ മാത്രമായ ചില ബന്ധങ്ങള്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ഉണ്ട് ആഗ്രഹങ്ങള്‍ക്മീതെബാധ്യതകള്‍ കൂടിയപ്പോള്‍ ജീവിതവേഷങ്ങള്‍ പലതായി കെട്ടി ആടെണ്ടിവരും അതിനിടെ ചിലരെ മനസ്സറിയാതെ മറന്നുപോകും അത് സ്വാഭാവികം
ഞാന്‍ നാട്ടില്‍ പോകുന്നതിന്‍റെ തിരക്കിലായിരുന്നു ഇത്തിരി സാധനങ്ങള്‍ വാങ്ങണം എന്നുള്ളതുകൊണ്ട് കറങ്ങാനിറങ്ങിയ ആ സായാഹ്നത്തില്‍
ഈസ്സ ,, എന്നയോടെ കലാലയ ജിവിതത്തിലെ പഴയ കൂട്ടുകാരന്‍ മുന്നില്‍ വന്നപ്പോള്‍ ഞാനൊന്നു വിസ്മയിച്ചു !!!!
സംസാരത്തില്‍ ഭൂതവും വര്‍ത്തമാനവും ഭാവിയും കലര്‍ന്ന് ഒത്തിരിനേരം ഇരുന്നു അന്നേ മനസിലുറപ്പിച്ചതാണ് അവന്‍റെ വീട് വരെ പോകാന്‍ അവനോട് അത് പറഞ്ഞപ്പോള്‍ നേര്‍ത്ത പുഞ്ചിരിയോടെ അവന്‍ പറഞ്ഞു
അതെ നീ പോണം നീ കാണേണ്ട ചിലര്‍ അവിടുണ്ട്
കാര്യം തിരക്കിയപ്പോള്‍ അവന്‍ പറഞ്ഞു
എന്‍റെ കല്യാണം കഴിഞ്ഞു രണ്ടു കുട്ടികള്‍ ഉണ്ട്
ഹ അപ്പോള്‍ രണ്ടു മക്കളുടെ അപ്പനാണ് മുന്നില്‍ നില്കുന്നത്
പെട്ടന്ന് വണ്ടി ഒന്ന് കുലുങ്ങിയപ്പോള്‍ ഞാന്‍ ഓര്‍മയില്‍ നിന്നുണര്‍ന്നു
ഇതല്ലേ വീട് ....??
ഓട്ടോകാരന്‍ വീടിന്‍റെ മുന്‍പില്‍ നിര്‍ത്തിയിട്ടു ചോദിച്ചു ....
ഞാന്‍ തലകുലുക്കിക്കൊണ്ട് ഇറങ്ങി
പഴയ ഇരുമ്പ് ഗേറ്റ് തള്ളിയപ്പോള്‍ അത് പ്രയാസത്തോടെ മുരണ്ടു
മുറ്റത്തെ ഇലകള്‍ പൊഴിഞ്ഞ പ്ലാവിന്‍ ചോട്ടില്‍ ഉണങ്ങിയ ഇലകള്‍ തപ്പി തിന്നുന്ന ആട്ടിന്‍ കുട്ടി എന്നെ കണ്ടപ്പോള്‍ ' ഇതാരാ ' എന്നര്‍ത്ഥത്തില്‍ നോകിയിട്ടു ഒന്ന് കരഞ്ഞു
പിന്നെ അതിന്‍റെ ജോലി തുടര്‍ന്നു
മുന്‍വശത്ത് ആരെയും കണ്ടില്ല വാതില്‍ തുറന്നിട്ടിരുന്നു ഒന്ന് ശങ്കിച്ച ശേഷം പതിയെ അകത്തു കയറി മുരടനക്കി
വലതു ഭാഗത്തെ ഒരു കട്ടിലില്‍ ചുരുണ്ടുകൂടി ഒരു രൂപം കിടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു
ആ മനുഷ്യന്‍ എന്നെ കണ്ട് എന്തോ പറയാന്‍ തുടങ്ങും മുന്‍പേ ചുമ തുടങ്ങി നിര്‍ത്താതെ അപ്പോഴേക്കും വാതില്‍കല്‍ സ്ത്രീകളുടെ മുഖങ്ങള്‍ പ്രത്യക്ഷപ്പെട്ടു
ഞാന്‍ സ്വയം പരിചയപ്പെടുത്തി
ഒത്തിരി സംസാരിച്ചു കട്ടിലില്‍ കിടക്കുന്ന വൃദ്ധന്‍ അവന്‍റെ വാപ്പയായിരുന്നു
വര്‍ഷങ്ങള്‍ക് മുന്‍പ് ഞാന്‍ ഇദ്ദേഹത്തെ കണ്ടിരുന്നു പഴയ രൂപവുമായി ഇദേഹത്തിനു ഒരു സമ്യവുമുണ്ടായിരുന്നില്ല
ഞാന്‍ വീടാകെ നോക്കി വൃത്തികേടായ ചുമര്‍ , അന്തരീക്ഷത്തില്‍ മരുന്നിന്‍റെ ഗന്ധം തങ്ങി നില്‍പുണ്ട്
"കുഞ്ഞുങ്ങളെവിടെ "
ഞാന്‍ ചോദിച്ചു
"അകത്തുണ്ട് ...കിടക്കുവാണ്"
ഞാനൊന്നു സംശയിച്ചു വല്ലപനിയോ ആയിരിക്കും
"വാ മക്കളെ കാണാം "
അവര്‍ എന്നെ അകത്തെ മുറിയിലേക്ക് ക്ഷണിച്ചു
ഞാന്‍ അവിടെ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു
കട്ടിലില്‍ പായ വിരിച്ചു രണ്ടു പൈതലുകള്‍ കിടക്കുന്നു
ഒരു കുട്ടിയുടെ രണ്ടു കൈകള്‍ വിണ്ടു കീറി കൈപത്തിയുടെ സ്ഥാനത്ത്
വലിയ രണ്ടു വിരല്‍ പോലെ
വീര്‍ത്ത വലിയ കാലുകള്‍ നീട്ടി വെച്ച് കടക്കുന്നു അതിലെ വേദന മുഴുവന്‍ ഹൃദയത്തിലേക്ക് ആവാഹിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്
തലയുടെ വലുപ്പം എന്നെ ഭയപ്പെടുത്തി വികൃതമായ കൈകള്‍ നീട്ടിവെച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ ഞാന്‍ ഇമവെട്ടാതെ നോക്കി
എന്താണ് പറയേണ്ടത് എന്നറിയാതെ നിന്നു പോയി
എന്‍റെ കയ്യിലുണ്ടായിരുന്ന ചോക്ലേറ്റ് പൊതി ഞാന്‍ അവര്‍ക്കരികില്‍ വെച്ചു
എന്‍റെ മൗനം കണ്ടിട്ടാവണം ആ ഉമ്മ സംസാരിച്ചത്
''ആ മരത്തിനടിക്കുന്ന മരുന്ന് കാരണമാ ഇതൊക്കെ ''
എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന്‍റെ ഇരകള്‍ !!!!!!!!
ആ കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കുമ്പോള്‍ കരള്‍ പറിഞ്ഞു പോകുന്ന വേദന തോന്നും
രണ്ടു കുഞ്ഞുങ്ങളുടെ ജീവന്‍ മാത്രമല്ല ഈ വിഷം കാര്‍ന്നു തിന്നുന്നത് ഒരു കുടുംബത്തെ തന്നെയാണ്
ദൈവത്തിന്‍റെ വികൃതിയോ ഭരണകൂടത്തിന്‍റെ പിടിപ്പുകേടോ ??
ആരെയാണ് പഴിക്കേണ്ടത് ....അറിയില്ലായിരുന്നു
ഇത്രമേല്‍ ദുരിതം പേറാന്‍ അവര്‍ എന്ത് തെറ്റായിരിക്കും ചെയ്തിട്ടുണ്ടാവുക,,,,,,,, മുജ്ജന്മ ശാപമെന്ന് പറഞ്ഞൊഴിയാന്‍ പറ്റില്ലല്ലോ
ആ കുഞ്ഞുങ്ങളുടെ ചുണ്ടില്‍ ഒരു കുഞ്ഞു ചിരിയെങ്കിലും വിടരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു .............
അതുണ്ടായില്ല ,,,,,വിഷാദമായ ആനോട്ടം മതി സൂചിമുന നെഞ്ചില്‍ കുത്തിയിറക്കുന്ന വേദനക്ക് ......
ഒരുപാട് ജീവിതങ്ങള്‍ ഇനിയുമുണ്ട് നമ്മള്‍ കാണാത്തത് എന്‍ഡോസള്‍ഫാന്‍
എന്ന വിഷമരുന്നിന്‍റെ ഇരകളായവര്‍
മരണത്തിന്‍റെ നിലവിളി ഒളിഞ്ഞിരിക്കുന്ന ഒത്തിരി വീടുകള്‍ !!!!!!!!!!

Tuesday, January 20, 2015

അറിയുക

അലയുന്നതെന്തിനു നീ മർത്യാ
ദൈവത്തെ തേടി .  . ദൈവം
നിന്നുള്ളിൽ കുടി കൊള്ളവേ .  .
തിരയുന്നതെന്തു നീ സ്നേഹമോ .
തിരിയുക നീ നിൻ ഹൃദയപക്ഷം
തേടുന്നതെന്തു നീ  ശാന്തിയോ
ശാന്തമാക്കുക നിൻ മനസ്സിനെ
ശാന്തി ഭവിച്ചിടും പാരിതിൽ
ചോദിച്ചുവോ നീ സമത്വമെവിടെ
സമമായി കാണുക സകലവും .
വന്നു ചേരും  സമത്വവും .
നന്മ ഇല്ലന്നു നീ നിലവിളിക്കേണ്ട
തിന്മ വെടിയുകിൽ കൈവന്നിടും നന്മകൾ . .
 അറിഞ്ഞിടേണം മതവേദാന്തങ്ങളൊക്കയും  മനുഷ്യത്വ മെന്നതിന്നർത്ഥാന്തരങ്ങളെന്നും
 വേണം നമുക്ക് വർഗ ബോധം
മനുഷ്യ നാണെന്ന ബോധോദയം . .
ചോരയ്കൊക്കയും ഒരേ നിറം
ഇരു കാലി എന്നൊരു വ്യത്യാസവും
 ഞാനെന്ന ഭാവം വെടിഞ്ഞീടുക . .
നമ്മളൊന്നാണെന്ന ചിന്ത വേണം    . .
സത്യം സത്യമായി മാനിക്കുകിൽ
  വിജയം വിദൂരമല്ല നമ്മില്‍ . .

Wednesday, July 23, 2014

തമ്പാട്ടി

ഇരുളിനെ മുറിച്ച് ഇടയ്ക്കിടെ മിന്നുന്ന മിന്നൽ  വെളിച്ചത്തിലേക്ക് ജനാലയിലൂടെ നോക്കിയിരിക്കുന്ന വല്യമ്മ ഇടയ്ക്കിടെ എന്തോ പറയുന്നുമുണ്ട്, ഞാൻ പതിയെ ചെന്ന് വല്യുമ്മയുടെ അടുത്തിരുന്നു,
 കട്ടിലിൽ നീട്ടി വെച്ചിരുന്ന കാൽ തടവിക്കൊടുത്തു അപ്പോഴും പുറത്തെ ഇരുളിലേക്ക് നോക്കിയിരിക്കുകയാണ് അവർ
"നോക്ക് തമ്പാട്ടീടെ വീട് ഇടിഞ്ഞു വീഴാറായി " പുറത്തേക്ക് ചൂണ്ടി എന്നെ നോക്കി വല്യുമ്മ
നേർത്തു പെയ്യുന്ന മഴയിലേക്ക് ഞാനും കണ്ണയച്ചു
ശരിയാണ് മണ്ണ് കൊണ്ട് തീർത്ത ചുമരുകളും പുല്ലു മേഞ്ഞ വീടും വർഷ വേനലുകൾക്ക് സാക്ഷിയായി നിൽക്കാൻ തുടങ്ങീട്ട് കാലമേറെയായി
"നീ ഓർക്കുന്നുണ്ടോടാ തമ്പാട്ടിയെ " വല്യുമ്മയുടെ ചോദ്യം കേട്ട് ഞാൻ കണ്ണുകൾ പിൻവലിച്ചു
"ഉം ചെറിയ ഒരോർമ യുണ്ട് "
എന്റെ ഓർമയിൽ തമ്പാട്ടി യുടെ രൂപം തെളിഞ്ഞു
തിമർത്തു  പെയ്യുന്ന മഴക്കാലത്ത് നീളൻ കുടയും ചൂടി വളഞ്ഞ ശരീരവും ശരീരത്തെ താങ്ങി നിർത്തും പോലെ ഊന്നു  വടിയും പിടിച്ച് മുറുക്കാൻ ചവച്ചു ചുവന്ന ചുണ്ടും വലിയ തുളയുള്ള കാതിൽ ചെറിയ ഒരു വളയം തൂങ്ങി ക്കിടപ്പുണ്ടാവും മുണ്ടും പഴയ ഒരുതരം ബ്ലൗസും അതിനു ''റാഉക്കെ'' എന്നാണത്രേ വിളിക്കാറ് അതും ധരിച്ച് നാട്ടു വഴിയിലൂടെ നടക്കുന്ന ഒരു രൂപമാണ് എന്റെ മനസ്സിൽ
മഴ വെള്ളം തെറിപ്പിച്ചും മാവിൽ കല്ലെറിഞ്ഞും ഓത്തു പള്ളീൽ പോവുന്ന
ഞങ്ങളെ കാണുമ്പോൾ കണ്ണിനു മീതെ കൈപ്പടം വെച്ച് കുഴിഞ്ഞ കണ്ണിലൂടെ നോക്കും എന്നിട്ട് ചോദിക്കും
"എന്തിനാടാ  പിള്ളാരെ കിതാബും കയ്യേപ്പിടിച്ചു കുരുത്തക്കേട്‌ കാട്ടണേ "
പിന്നെ മനസ്സിലോർമയിലുള്ളത് വെള്ളത്തുണിയിൽ പൊതിഞ്ഞ് നിലത്തു കിടത്തിയിരിക്കുന്ന ഒരു രൂപമാണ് , കത്തിച്ചു വെച്ച നിലവിളക്കും പിന്നെ ചന്ദനത്തിരികളും , ആരും ഒന്നും ഉരിയാടാതെ മൗനമായി നിൽകുന്നതും കുറച്ചു കഴിഞ്ഞപ്പോൾ ആരൊക്കെയോ ചേർന്ന് കൊണ്ട് പോവുന്നതും
ഞങ്ങൾ ഉമ്മറത്ത് നോക്കി നിന്നിട്ടുണ്ട്
പിന്നീട് കുറെ നാൾ പുറത്തിറങ്ങാൻ പേടിയായിരുന്നു
"തമ്പാട്ടീടെ പ്രേതം  ഇവടൊക്കെ കറങ്ങി നടപ്പുണ്ടാവും" എന്ന കൊച്ചേച്ചിയുടെ കണ്ടു പിടിത്തം എത്ര രാത്രികളിലാണ് ഉറക്കം പോയിട്ടുള്ളത്
ആരോ വാതിലിൽ തട്ടുന്ന ഒച്ച കേൾക്കും ഞെട്ടിയെണീറ്റ്‌ നോക്കുമ്പോൾ ചുറ്റും ഇരുട്ടായിരിക്കും ,എന്റെ നിലവിളി കാരണം എല്ലാരും എണീക്കും
ഉമ്മച്ചി തലക്കിട്ടു ഒരെണ്ണം തന്ന് "ന്റെ കൂടെ കെടക്ക്‌ ബലാലെ" എന്നും പറഞ്ഞ്
തിരിഞ്ഞു കിടന്നുറങ്ങും , ഉമ്മച്ചിയെ ചേർത്തു പിടിച്ചാണ് പിന്നെ ഉറക്കം
അതോർത്തപ്പോൾ എന്റെ ചിരി പുറത്തേക്ക് വമിച്ചത് കൊണ്ടാവണം
വല്യുമ്മ എന്നെ തട്ടി വിളിച്ചത്
"യ്യ് ന്താ ആലോയിക്കണേ "
ഞാൻ ചുമൽ കൂചി ഒന്നൂല്ലാന്നു ആംഗ്യം കാട്ടി
പിന്നെ പതിയെ ചോദിച്ചു ,
''ആരായിരുന്നു ഈ തമ്പാട്ടി''
വല്യുമ്മ എന്നെ ഒന്ന് നോക്കി ഗമയിൽ പഴയ വീര സാഹസികത പറയുന്ന പട്ടാളക്കാരനെ പോലെ
"തമ്പാട്ടീന്നല്ല അവൾടെ പേര് ലഷ്മീന്നാ" ,
"ലഷ്മിയല്ല വല്യുമ്മ ലക്ഷിമി ഞാൻ തിരുത്തി"
അതെന്തേലുമാവട്ടെ യ്യ് ഞാൻപറെണതു കേക്ക്
ഒരു കഥ കേൾക്കാനുള്ള തയ്യാറെടുപ്പോടെ ഞാൻ ഇരുന്നു
  പണ്ട് കമ്മ്യുനിസ്റ്റു പാർട്ടിക്ക് വേണ്ടി കുറെ ആളുകൾ ഇവ്ടെന്നു തെക്കോട്ട്‌ പോയിരുന്നു ആ കൂടെ പോയതാ വേലുവും ,വേലായുധൻ ന്നാ പേര്
ന്റുപ്പാന്റെ കൂടെ കണ്ടത്തില് പണിയെടുക്കണ സൂത ന്റെ മോൻ
സൂതനെ പോലോന്നുവല്ല വേലു കാണാനൊക്കെ നല്ല ചുറുക്കായിരുന്നു,
സൂതന് അവൻ മാത്രേ ഉണ്ടായിരുന്നുള്ളൂ , കെട്ടിയോളൊക്കെ മരിച്ചു പോയിരുന്നു വേറെ ബന്ധുക്കളാരും ഇല്ല ,
കുറെ നാള് കഴിഞ്ഞാ വേലു മടങ്ങി വന്നത് കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു
നല്ല മൊഞ്ചത്തി, ഏതോ നല്ല വീട്ടിലെ പെണ്ണാണെന്ന് കണ്ടപ്പഴേ തോന്നി
വട്ട മുഖവും വല്യ മുടിയൊക്കെയായിട്ട് , അവര് വന്നേന്റെ പിറ്റേന്നാ ന്റെ നികാഹും കയിഞ്ഞത് ,
വല്യുമ്മ ഓർമയിലേക്ക് ആഴ്ന്നിറങ്ങുന്നത്  ഞാൻ അറിഞ്ഞു
 തമ്പുരാട്ടി കുട്ടി ആണ് എന്ന് വേലുവാ പറഞ്ഞത് അതറിഞ്ഞു പേടിച്ച് സൂതൻ കുട്ടിയെ തിരിച്ചയാക്കാൻ പറഞ്ഞു ബഹളമൊക്കെ ഉണ്ടായിരുന്നു
 സൂതന്റെ എതിർപ്പ് ന്റുപ്പ ഇടപെട്ട് ശരിയാക്കി,
പതിയെ ഞങ്ങളോടൊക്കെ നല്ല കൂട്ടായി
അവളു തന്നെയാ പറഞ്ഞത് കുടുംബ കാര്യങ്ങളൊക്കെ
നല്ല തറവാടിലെ ഏക പെണ്‍ സന്തതി രണ്ടാങ്ങളമാർ ,
 ആയിടെക്കാ വേലുവും കൂട്ടരും അറസ്റ്റു പേടിച്ച് ഒളിത്താവളം തേടി എത്തിയത് , തറവാടിനു അടുത്തുള്ള ചെറിയ വീട്ടിൽ  ഇവരൊക്കെ താമസിച്ചിരുന്നത് , നിത്യവും അമ്പലത്തിൽ തൊഴുതു വരുന്ന ലക്ഷിമിയെ നോക്കി വേലു പടിപ്പുരയിലുണ്ടാവും , അങ്ങനെ ബന്ധം വളർന്നു
അതികം താമസിയാതെ ലക്ഷിമിയും വേലുവും ഇഷ്ടത്തിലായി
വേലൂനെപ്പോലൊരുത്തനുമായി സംബന്തത്തിനു ബന്ധുക്കൾ ഒരിക്കലും സമ്മദിക്കില്ലാ എന്നറിയാവുന്നതു കൊണ്ട് കൂടെയുള്ളവരെ സഹായത്തോടെ  പാർട്ടി ആപ്പീസിൽ  കൊണ്ടോയി മാലയിട്ടു  പാർട്ടിയെ പേടിച്ചു അവളുടെ കുടുംബക്കാർ ഒന്നും മിണ്ടിയില്ല
ഞങ്ങൾകൊക്കെ അതിശയാര്ന്നു , അത് കേട്ടപ്പോ , ആദ്യായിട്ട് കേൾക്കുവായിരുന്നു ഇങ്ങനൊരു കല്യാണം ,അതിനു അതികം ആയുസ്സുണ്ടായിരുന്നില്ല , വേലൂനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ട് പോയി പിന്നെ ഒരു വിവരവുമില്ലായിരുന്നു , കുറെ നാള് കഴിഞ്ഞ് ആരോ പറയുന്ന കേട്ടു അറസ്റ്റു ചെയ്തവരൊക്കെ കൊല്ലപ്പെട്ടൂന്നു, എന്ത് എന്നോ  എങ്ങനെ എന്നോ ആർക്കും അറീല്ല,
കുറച്ചു നാൾ കഴിഞ്ഞ് ന്റുപ്പയും സൂതനും കൂടെ ലഷ്മിയുടെ വീട്ടിലേക്ക് പോയി കാര്യങ്ങൾ പറഞ്ഞെങ്കിലും , ആങ്ങളമാരുടെ മനസ്സലിഞ്ഞില്ല , അവർ വിഷമത്തോടെ തിരിച്ചു വന്നു
അതികം വൈകാതെ സൂതനും മരിച്ചു ഒറ്റയ്ക്ക് സൂതന്റെ വീട്ടിൽ കഴിയാൻ അവൾക്കും പേടിയായിരുന്നു
അപ്പഴാ ഉപ്പ പറഞ്ഞത്
താമസം വീട്ടിലേക്ക് മാറാൻ , അവൾ മടിച്ചെങ്കിലും ഉപ്പ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു വന്നു , പിന്നെയാ അവിടൊരു കുടിൽ പണിതെ , വെറുതെ ഒരു വീട് അത്രേയുള്ളൂ , പകൽ ഞങ്ങൾകൊപ്പം പാടത്ത് പണിയും  രാത്രിയാവുമ്പോ ഇങ്ങോട്ട് വരും ഭക്ഷണവും കിടത്തവുമൊക്കെ ഇവ്ടെന്നെ ,
ഇവടെ ഞങ്ങടെ കുടുംബത്തിൽ ഒരാളായിരുന്നു അവളും ,
അവളാ അവിടെ കാട് പിടിച്ചു കിടന്ന കാവ് വൃത്തിയാക്കി വിളക്കൊക്കെ വെച്ചോണ്ടിരുന്നത്,   അന്നാരും ചോദിച്ചില്ല ഏതാ ജാതീ ഏതാ മതം എന്നൊന്നും , ഇന്നങ്ങനെ പറ്റ്വോ ,
വല്യുമ്മ , ഒരു നിമിഷം നിർത്തി എന്നെ നോക്കി , ഞാൻ വെറുതെ തലയാട്ടി
പിന്നെ ചോദിച്ചു
 'എന്നിട്ട് '
ഒരു ദിവസം രാത്രി കാവിൽ വിളക്ക് വെച്ച് തിരിച്ചു വരുമ്പോ വീണു, ആരോ തല്ലീന്നാ അവള് പറഞ്ഞെ , ഏതോ ശൈതാനോ മറ്റോ ആവും , കുറെ നാൾ ഒന്നും ചെയ്യാനാവാതെ കിടന്നു , സുഖായപ്പോ നടു നിവരാതായി ,
വളഞ്ഞാ നടന്നോണ്ടിരുന്നെ , എങ്കിലും എല്ലാ പണിയും ചെയ്യും
പിന്നെ കുട്ടികളൊക്കെ പ്രയായപ്പഴാ കിടത്തം അവിടെ തന്നെ ആക്കിയത്
എല്ലാരും തമ്പുരാട്ടീന്നു വിളിച്ചു വിളിച്ചു അത് തമ്പാട്ടിയായി ഒടുക്കം അവളും മറന്നു ലഷ്മി എന്ന പേര്
ഇപ്പൊ എത്ര  കൊല്ലായി അവള് മരിച്ചിട്ട് , എല്ലാം  ഇന്നലെ  കഴിഞ്ഞ പോലെ ഒരു ദീർഘ നിശ്വാസത്തോടെ വല്യുമ്മ പറഞ്ഞവസാനിപ്പിക്കും പോലെ താടിക്ക് കൈ കൊടുത്തിരുന്നു ,
മഴ നനഞ്ഞ് കാട് വളർന്നു വീഴാറായി കിടക്കുന്ന വീട് ഞാൻ ജനലിലൂടെ നോക്കി , ഊർന്നു വീഴുന്ന മഴയിൽ ആ വീടിനു മുന്നില് തംബാട്ടി നിൽകുന്ന പോലെ തോന്നി ,
വളഞ്ഞ ശരീരത്തെ താങ്ങി നിർത്തുന്ന  വടിയുമായി മുറ്റത്തേക്ക് മുറുക്കാൻ ചുവപ്പ് നീട്ടി തുപ്പുന്ന തംബാട്ടി .