ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Tuesday, November 17, 2015

ഫഖീർ സാബ് ... (കഥ)

  ഭൂമിയെ വിറപ്പിച്ച്  ഒരു തീവണ്ടി കൂടി പാഞ്ഞു പോയി,ഫ്ലാറ്റ് ഫോമിലെ  അണഞ്ഞും കത്തിയും ഇരുന്ന ഒരു വിളക്ക്  നിശ്ചലമായി ,വിളക്കിനു ചുറ്റും പൊതിഞ്ഞിരുന്ന ഈയാം പാറ്റകൾ  അടുത്തതിലേക്ക് കൂട്ടത്തോടെ പറന്നു ,
ആറര  മണി കഴിഞ്ഞതേയുള്ളൂ ഇരുട്ടിത്തുടങ്ങിയിരിക്കുന്നു
ദൂരെ നിന്നെവിടെയോ അമ്പലത്തിലെ കീർത്തനം കേൾക്കാം
ഫ്ലാറ്റ് ഫോമിലൂടെ ആളുകൾ ധൃതിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു നീങ്ങുന്നുണ്ട് .റെയിൽവേ യിലെ  മുഷിപ്പിക്കുന്ന ഗന്ധം കാറ്റിലലിഞ്ഞു വീശുന്നു ,
ഇനിയുമുണ്ട് ഒരുപാട് സമയം  തീവണ്ടിക്ക് ,  ആന്ദ്രയിലെ ,പാർവ്വതിപുരം   റെയിൽവേ സ്റ്റേഷൻ ആണ് സ്ഥലം
ഇവിടുന്നു ശ്രീകാകുളം പോയി അവിടെനിന്നു ബംഗ്ലൂർ വഴി  നാട്ടിലേക്ക് പോവാൻ
കയ്യിലുണ്ടായിരുന്ന ബാഗ് എടുത്ത് സിമന്റു ബെഞ്ചിൽ വെച്ച് അതിലേക്ക് തല ചായിക്കാൻ ഒരുങ്ങുമ്പോഴാണ് ആ ശബ്ദം കേട്ടത് ,,
''മേരാ  ബേട്ടാ ഗലത് കാം  നഹീ കരേഗ ''(എന്റെ മകൻ തെറ്റായിട്ടൊന്നും ചെയ്യില്ല )
ഞാൻ ചെവി കൂർപിച്ചു
പിന്നെയും അതേ വാക്കുകൾ !!!
ഒന്നു  പകച്ചു  ,
ഒരു നിമിഷം ചിന്തകൾ വർഷങ്ങൾക്ക് പിന്നിലേക്കോടി  , കിതപ്പുകൾ നിലവിളികൾ പൊടിപടലങ്ങൾ , ഇരമ്പുന്ന പോലീസ് വാഹനങ്ങൾ അതിനിടയിൽ തേങ്ങലിനൊപ്പം അലിഞ്ഞു ചിലമ്പിച്ച ആ വാക്കുകൾ
 '' സാബ് മേരാബേട്ടാ നഹീ കരേഗ അയിസ കാം '' ( എന്റെ മകൻ അങ്ങനെയൊന്നും ചെയ്യില്ല സാർ )
 ഒരു  കുതിപ്പിന് ആ ശബ്ദത്തിന് അരികിലെത്തി
ഒരു വയോധികൻ..!!.              
കയ്യിലെ തസ്ബീഹ് മാല , തലയിൽ മുഷിഞ്ഞ തലപ്പാവ് , നെറ്റിയിൽ നിസ്കാര തഴമ്പ് , നീട്ടി വളർത്തിയ നരച്ച താടി, തോളിൽ ഒരു തുണി സഞ്ചി , കറുത്ത് നരച്ച വേഷം
അത്  അയാൾ തന്നെ ! ഫഖീർ സാബ് എന്ന് വിളിക്കുന്ന
''നിസാം അലി ഫഖീർ "
വർഷങ്ങൾക്കു  ശേഷം ഇവിടെ പിന്നെയും എന്റെ മുന്നിൽ
ഒരുപാട് മാറ്റമുണ്ട് , അന്നത്തെ ആരോഗ്യമൊന്നുമില്ല , ആകെ മുഷിഞ്ഞ കോലം ''
ചലിക്കുന്ന ചുണ്ടിൽ അന്ന് പോലീസ് പിടിച്ചു തള്ളുമ്പോഴും അതെ വാക്കുകൾ ആയിരുന്നു
''എന്റെ മകൻ തെറ്റായിട്ടൊന്നും ചെയ്യില്ല ''
നടന്നു വന്നതിന്റെ കിതപ്പ് ഒന്ന് മാറ്റാൻ അയാൾ കൈ ഇടുപ്പിൽ കുത്തി ശ്വാസം ആഞ്ഞു വലിച്ചു , ശേഷം സഞ്ചി നിലത്തിട്ടു അതിനു മുകളിൽ ഇരുന്നു ,
ഞാൻ വിറയ്ക്കുന്ന കാൽപാദം വലിച്ചു നടന്നു ചെന്ന്  ഫഖീർ സാബിന് മുന്നിലിരുന്നു
''സാബ്'' , നേർത്ത ശബ്ദത്തിൽ വിളിച്ചു  അയാളിൽ ഒരു ചലനവും സൃഷ്ടിച്ചില്ല
ശ്വാസ നിശ്വാസത്തിന്റെ മൂളൽ ഒരിരമ്പൽ പോലെ അയാളിൽ നിന്ന് ഉയർന്നു  കൊണ്ടിരുന്നു
ഫഖീർ സാബ് '' എന്റെ വിളിയുടെ ഒച്ച  തുലോം  ഉയർന്നു
തല ചെരിച്ചു എന്നെ നോക്കി , ചത്തമീനിന്റെ കണ്ണുകൾ പോലെയുള്ള കണ്ണ് കൊണ്ട് നിർവികാരനായി ,
സാബ് എന്താ ഇവിടെ ..??
ചോദ്യം കേട്ട് എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി
ചുണ്ടിൽ എന്തിനോ ഒരു ചിരി വിടർന്നു , അടുത്ത നിമിഷം അത് അസ്തമിക്കുകയും ചെയ്തു
ഞാൻ സ്വയം പരിചയപ്പെടുത്തി ..
ഓർമകളിൽ അലയാനെന്നപോലെ തലപ്പാവിനു മുകളിലൂടെ തല തടവി , പിന്നെ തലയാട്ടുക മാത്രം ചെയ്തു ചില നിമിഷത്തെ നിശബ്ദതക്കു ശേഷം ഫഖീർ സാബ് സംസാരിച്ചു
''മകനെ ഇവിടടുത്തു ആരോ കണ്ടൂന്നു പറഞ്ഞു അങ്ങനെ   വന്നതാ ''  ചിലമ്പിച്ച വാക്കുകൾ
എന്നിട്ട് കണ്ടോ .??  ഉദ്യോഗത്തോടെ ഞാൻ ചോദിച്ചു  പോയി
പൊതുവെ തളർന്ന മുഖത്തു ദയനീയമായൊരു ഭാവം നിഴലിച്ചു
നീല ഞരമ്പുകൾ പ്രത്യക്ഷമായ കൈകൾ മലർത്തി കാണിച്ചു ,
എന്ത് പറയണമെന്നറിയാതെ ഇരുന്നു ഞാൻ ..
തികഞ്ഞ നിശബ്ദതയിലേക്ക് അടുത്ത ട്രെയിൻ വരുന്നതിന്റെ അനൌണ്‍സ് മുഴങ്ങി
അത് നിലച്ചപ്പോൾ ഞാൻ ചോദിച്ചു
അപ്പോൾ നൂർജ ബാബി എവിടെയുണ്ട് ??
എന്റെ ചോദ്യം കേട്ട് വൈദ്യുതി പ്രവാഹമേറ്റ പോലെ ആ ശരീരം ഒന്ന് പിടഞ്ഞ  പോലെ തോന്നി
കണ്ണുകൾ ശൂന്യതയിൽ നിന്ന് അടർത്തി മുകളിലേക്ക് നോക്കി കൈകൾ രണ്ടും ആകാശത്തേക്ക് ഉയർത്തി ,,
''ആരും ആരും  ഇല്ല ഞാൻ മാത്രം ഉണ്ട് , ഇങ്ങനെ അലഞ്ഞുകൊണ്ട്  എന്റെ സമയം ആയിട്ടില്ല ''
ഒന്നും ചോദിക്കാനോ പറയാനോ തോന്നിയില്ല
അകലെ നിന്ന് വണ്ടി വരുന്നതിന്റെ ചൂളം വിളി കേട്ടു ,
നിമിഷങ്ങൾക്കകം അത് സ്റ്റേഷനിൽ വന്നു കിതച്ചു നിന്നു
പ്രയാസപ്പെട്ടു എഴുനേറ്റു ഫഖീർ സാബ് പിന്നെ നടന്നു തുടങ്ങി ,
എങ്ങോട്ടാ സാബ് പോവുന്നെ ,,??
''അറിയില്ല ഒരറ്റത്ത് എത്തുന്നത് വരെ പോകും എന്റെ മോനെ അന്വേഷിച്ച് ഇനി അങ്ങനെ കുറെ കാലം കാണില്ല.. പോവ്വാ ,,, ഖുദാഫിസ് ''
അയാൾ വേച്ചു  വേച്ചു നടന്നു നീങ്ങി ഒരു കമ്പാർട്ട് മെന്റിൽ കയറി
ഞാൻ നിന്നിടത്തു നിന്ന് അനങ്ങാനാവാതെ ചില നിമിഷം നിന്നു
എന്നെ കടന്നു ആ ട്രെയിൻ ചലിച്ചു തുടങ്ങി ""നിസാം അലി ഫഖീർ'' എന്ന ഫഖീർ സാബിനെയും വഹിച്ച് ..
****        
വണ്ടിയുടെ നേർത്ത മൂളൽ എന്നെ അലോസരപ്പെടുത്തി , ഉറക്കിന്റെ കണിക പോലും കണ്ണിലില്ല
 ,പുറത്തെ  നിറഞ്ഞ  ഇരുളിൽ ഇടയ്ക്കിടെ പൂച്ചയുടെ കണ്ണുകൾ  പോലെ വെളിച്ചം തിളങ്ങുന്നത് കാണാം
എന്തിനായിരിക്കും ''നിസാം അലി ഫഖീർ" എന്ന  ആ മനുഷ്യൻ , പിന്നെയും എന്റെ മുൻപിൽ എത്തപ്പെട്ടത് ..??
ഒരുപാട് കാലങ്ങൾക്ക് ശേഷം ,
 ഉത്തരമില്ലാതെ  എന്റെ മനസ്സിലെ ചോദ്യങ്ങൾ  ഇരുളിൽ  വീണു ചിതറി മറഞ്ഞു .
   മുംബൈ നഗരത്തിന്റെ സാധാരണ ജീവിതത്തിലേക്കു ഒരശനിപാതമായി പിന്നെയും ആക്രമണമുണ്ടായി  രണ്ടായിരത്തി ആറിൽ , ഏഴിടത്താണ് ഒരേ സമയം ട്രെയിനിൽ ബോംബ്‌ പൊട്ടിയത് . മരിച്ചവരും പരിക്കേറ്റവരും അനവധി , അതിലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയി , സംശയത്തിന്റെ നിഴലിൽ ,
അതിനു രണ്ടു ദിവസം കഴിഞ്ഞ്
ബോറിവലി യിലെ ഫ്ലാറ്റിൽ അന്ന് ഞങ്ങൾ എല്ലാവരും ഉണ്ടായിരുന്നു തൊട്ടു അപ്പുറത്ത് താമസിക്കുന്ന ഫഖീർ സാബും ,
ആരോ നാട്ടിൽ  നിന്നും കൊണ്ടുവന്ന പലഹാരം കഴിക്കുന്നതിനിടയിലാണ് ഫഖീർ സാബിന്റെ ബീവി നൂർജഹാൻ കിതച്ചു വന്നത്
''വേഗം വാ വീട്  പോലീസ് ''  വെപ്രാളത്തോടെ അവർ പറഞ്ഞു കൊണ്ടിരുന്നു
ഫഖീർ സാബും ഞങ്ങളും അങ്ങോട്ട്‌ ഓടി
അവിടെയെത്തുമ്പോൾ അദ്ദേഹത്തിന്റെ മകൻ നൗഷാദ് അലി ഫഖീറിനെ വലിച്ചു കൊണ്ട് പുറത്തിറങ്ങുന്ന പോലീസുകാരെയാണ് കണ്ടത്
അവന്  അന്ന് ഇരുപതോ മറ്റോ ആണ് പ്രായം  ,  കംബ്യുട്ടർ സയൻസ് രണ്ടാം വർഷ  വിദ്യാർഥി ''
എന്താ എന്താ ,,നിങ്ങൾ എന്താ ഈ കാണിക്കുന്നേ ,,??  കിതപ്പോടെ ഫഖീർ സാബിന്റെ ശബ്ദം അവർക്കു നേരെ ഉയർന്നു
നിങ്ങൾ ആരാ , ഒരാൾ  അദേഹത്തിന് നേരെ തിരിഞ്ഞു
ഞാൻ ഇവന്റെ അച്ഛൻ നിസാം അലി ഫഖീർ
ശരി , കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ നിങ്ങളുടെ മകന് പങ്കുള്ളതായി സംശയിക്കുന്നു , നേരിട്ടല്ല നെറ്റ്‌വർക്ക് വഴി , അതുകൊണ്ട് ചോദ്യം ചെയ്യലിനായി കൊണ്ടുപോവ്വാ
ഒരു നടുക്കമുണ്ടായി ഭീകരാക്രമണത്തിൽ നൗഷാദിനു പങ്കുണ്ടെന്ന് !!
ചില നേരത്തെ നടുക്കത്തിന് ശേഷം , ഫഖീർ സാബ് അവർക്ക് നേരെ ഓടി
''ഇല്ല സാബ് അവൻ അങ്ങനെ ചെയ്യില്ല , അവൻ കുട്ടിയാണ് , അവനു പേടിയാവും ഞാൻ കൂടെ വരാം ''
''അത് പറ്റില്ല , ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും ''
അവർ അദ്ദേഹത്തെ തള്ളിമാറ്റി , നൗഷാദ് ബാബാ ബാബാ എന്ന് ഉറക്കെ വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു
പിറകിൽ നൂർജഹാൻ തളർന്നു  വീണു,  ആരൊക്കെയോ അവരെ താങ്ങി ഇരുത്തി
ഫഖീർ സാബ് അപ്പോഴും പോലീസുകാരോട് യാചിച്ചു കൊണ്ടിരുന്നു
'' സാബ് മേരാബേട്ടാ നഹീ കരേഗ അയിസ കാം''
ഒടുക്കം പോലീസുകാരന്റെ  കാലിൽ പിടിച്ചു കരഞ്ഞു
''അവനെ കൊണ്ട് പോവരുത് ഞങ്ങൾക്ക്  അവനേ ഉള്ളൂ ''
അയാൾ കാൽ കുടഞ്ഞപ്പോൾ ഫഖീർ സാബ് തെറിച്ചു വീണു
ഞങ്ങൾ ഓടിയെത്തി എഴുന്നേല്പിച്ചെങ്കിലും ഞങ്ങളെ തള്ളി മാറ്റി നീങ്ങി തുടങ്ങിയ പോലീസ് വണ്ടികൾക്കു പിറകെ ഓടി ..
വണ്ടികൾ പൊടി  പറത്തി  പാഞ്ഞു പോയി. നൂർജഹാന്റെ  നിലവിളി മാത്രം ഉയർന്നു കേൾക്കാമായിരുന്നു , ഫഖീർ സാബ് ആ മണ്ണിൽ തളർന്നിരുന്നു ,,
ഫഖീർ സാബിനൊപ്പം സ്റ്റേഷൻ വരെ ഞങ്ങളുടെ കൂട്ടത്തിൽ  നിന്ന് ഒരാളും പോയിരുന്നു
പക്ഷെ  നൗഷാദ് നെ കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല
അടുത്ത ദിവസം വക്കീലുമായി പോയെങ്കിലും  ഫലമുണ്ടായില്ല
ഓരോ ദിവസവും ഇത് തുടർന്നു , നൗഷാദിനെ ഏതോ ജയിലിലേക്ക് മാറ്റി എന്നറിഞ്ഞു .
ഫഖീർ സാബും ബീവിയും ആകെ തളർന്നു ,  വക്കീലിന്റെ മുൻപിൽ അയാൾ
മാനസിക നില തെറ്റിയവനെ പോലെ കരഞ്ഞു
'മേരാ  ബേട്ടാ ഗലത് കാം  നഹീ കരേഗ സാബ് ''
ഞങ്ങൾക്ക്‌  വിഷമത്തോടെ അത്  നോക്കി നിൽക്കാനേ ആവുമായിരുന്നുള്ളൂ ,
''നാടിനു ദോഷം വരുന്നത് ഒന്നും അവൻ ചെയ്യില്ല സാബ് ''  വക്കീലിനെ നോക്കി അയാൾ പറഞ്ഞു കൊണ്ടിരുന്നു , ആശ്വസിപ്പിക്കും മട്ടിൽ തോളത്തു തട്ടി വക്കീൽ പോയി ,,
ദിവസങ്ങൾ കൊഴിഞ്ഞു വീണു , ഫഖീർ ഭായിയും ബീവിയും മരിച്ചു ജീവിക്കുന്ന രണ്ടു പേർ മാത്രമായി , ചുരുക്കം സമയം മാത്രം പുറത്തെ  നടപ്പടിയിൽ ഇരിക്കുന്നത് കാണാം , മിക്ക സമയവും പോലീസ് സ്റ്റെഷനിലൊ , മറ്റോ ആയിരിക്കും ,
രണ്ടു മാസത്തിനു ശേഷം നൗഷാദിനു ജാമ്യം അനുവദിച്ചു , ആ ദമ്പതികൾക്കു ആത്മാവ് തിരിച്ചു കിട്ടിയത് പോലെ ആയിരുന്നു ,
പക്ഷെ അതിനു അധികം ആയുസ്സ് ഉണ്ടായില്ല
കാണുന്നവർ ഭീകരജീവിയെ പോലെ നോക്കി അവനെ , കോളേജിൽ നിന്ന് പുറത്താക്കി ,
പോലിസ് ഭീകരാക്രമണത്തിനു അറസ്റ്റ് ചെയ്ത ഒരു വിദ്യാർത്ഥിയെ പഠിപ്പിക്കാൻ അവർ തയ്യാറായില്ല , ബന്ധുക്കൾ വെറുപ്പോടെ മുഖം തിരിച്ചു .. അതൊക്കെ കാരണമാവാം
മൂന്നാം നാൾ നൗഷാദ് അലി ഫഖീർ അപ്രത്യക്ഷനായി ''
എങ്ങോട്ട് പോയി എന്ന് ആർക്കും അറിയില്ല , അന്വേഷണം പലവഴിക്കു നടന്നെങ്കിലും ഫലമുണ്ടായില്ല
...
ഏതോ സ്റ്റേഷനിൽ ട്രെയിൻ കിതപ്പോടെ നിന്നു , ഓർമകളിലൂടെ ചലിച്ചത് കൊണ്ടാവാം എന്റെ കണ്ണുകളിൽ മയക്കം നിഴലിച്ചു തുടങ്ങിയത് , ചില മിനിറ്റുകൾക്ക് ശേഷം വണ്ടി പിന്നെയും ഓടിത്തുടങ്ങി തൊട്ടപ്പുറത്തെ ബർത്തിൽ കിടന്നുറങ്ങുന്നയാളുടെ കൂർക്കം വലി വണ്ടിയുടെ ശബ്ദത്തിനും മീതെ ഉയർന്നു കേട്ടു ,
അതിനു ശേഷം ഫഖീർ സാബ് ഇങ്ങനെയാണ് '' എപ്പോഴും ചുണ്ടിൽ മന്ത്രം പോലെ ആ വാക്കുകൾ മൊഴിഞ്ഞു കൊണ്ടിരിക്കും ,,
''എന്റെ മകൻ തെറ്റായിട്ടൊന്നും ചെയ്യില്ല ''
ഋതു സംക്രമണത്തിന്റെ ഒഴുക്കിൽ കാലമേറെ കഴിഞ്ഞിരിക്കുന്നു
ഭൂതകാലത്തിന്റെ നെടുവീർപ്പുകളിൽ അലിഞ്ഞു പോയ ഒരു ജീവിതമായി അവശേഷിക്കുന്നുണ്ട് ഇന്നും ''നീസാം അലി ഫഖീർ ''
ആരോ ചെയ്ത  തെറ്റിന്  ശിക്ഷിക്കപ്പെട്ട ഒരാൾ അല്ലെങ്കിൽ മകൻ ചെയ്ത തെറ്റിന് സ്വയം  ശിക്ഷിക്കുന്ന അച്ഛൻ ....!!!
ഒരു പക്ഷെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണിൽ പിന്നെയും കണ്ടു മുട്ടിയേക്കാം  പേരിനെ അന്വർത്ഥമാക്കിയ ആ ഫഖീറിനെ ,,
ചിലമ്പിച്ച ആ വാക്കുകളുമായി
''മേരാ  ബേട്ടാ ഗലത് കാം  നഹീ കരേഗ''  

Tuesday, October 13, 2015

ഒരു യാത്ര കൂടി ......

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidUY_GFOsk2ic_2boBjT5nNoBPcLjNFRPEvM7iCLLDTLUJoYKvpbRiSiTKWQshW_sQ3RqQnqejetST1ZKoNkEk8XH89mA0IGDD89ifGxnpw1g7SKLdShxGsh-GAkN_hFzOo6xM7KHitdk/s640/
ചെറിയ ഒരെഴുത്ത് ,,,,,, വഴക്ക്പക്ഷിയിൽ ,,,,,,,, വായിക്കുമല്ലോ

http://vazhakkupakshi.blogspot.in/ 

Wednesday, October 7, 2015

എനിക്കൊന്നു ഉറങ്ങണം

എനിക്കൊന്നു ഉറങ്ങണം ,,,, ഉണരാതിരിക്കുവാൻ
നിൻ മടിയിൽ തലചായ്ച്
പറയാൻ ബാക്കി വെച്ച പ്രണയ മന്ത്രങ്ങളാം
നിന്റെ മൃദു സ്വനം കേട്ട് ,,,,
പ്രണയമെരിയുന്ന നിൻ മിഴിതലോടലേറ്റ് ,,,,
നിന്റെ കരങ്ങളിൽ കവിൾ ചേർത്ത് ,
നിന്റെ മുടിനാരിഴയുടെ തൂവൽ സ്പർഷമേറ്റ് ,,
എനിക്കൊന്നുറങ്ങണം പുനർജന്മമില്ലാതെ ,,,
ഏതോ കല്പടവിൽ വീണു തകർന്ന
പ്രണയത്തിൻ കുപ്പി വള കിലുക്കം കേട്ട് ,,,,,
അണയാൻ വെമ്പി നില്കുന്ന
മണ്‍ ചിരാതിലെ തൂവെളിച്ചം പോലുള്ള
നിന്റെ മുഖത്തു കണ്ണ് നട്ട്,,,,,,,,,
നിനക്ക് മുന്നിൽ,,,,,,,
ജനിയിലെ ഈ ജീർണ വസ്ത്രമുപേക്ഷിച്ചു,,
,, മൃതിയിലെ ആത്മാവ് മാത്രമായി
യാത്ര പോകണം ,,,,
ഒരു ജന്മത്തിന്റെ പ്രണയ കനലിലെരിഞ്ഞു
നീറുന്ന ഹൃദയ നോവ്‌ മാത്രം ബാക്കി വെച്ച് ,,,,,

Thursday, October 1, 2015

മാപ്പ് മഹാത്മാവേ

മാപ്പ് മഹാത്മാവേ ,,,,,,,
ഇന്നീ ഭാരതത്തിനു അങ്ങു കണ്ട സ്വപ്നത്തിന്റെ
സർവ്വ സമ നീതിയുടെ തൂവെളിച്ചമില്ല,,
വെളിച്ചമേകാൻ ശ്രമിച്ച അങ്ങയുടെ നെഞ്ചിൽ
തീ കുഴലിനാൽ രക്തപ്പൂക്കളിട്ടവർ ,,
ഇന്നുമീ മണ്ണിനെ കാർന്നു തിന്നു കൊണ്ടിരിക്കുന്നു
അധികാര ഭ്രമത്തിന്റെ അന്ധതയാണെങ്ങും
വർഗ്ഗീയ വിഷത്തിന്റെ നീറ്റലുകളിൽ പുളയുന്നുണ്ട്
ഭാരത മണ്ണിന്റെ മക്കൾ ,,,,,,,,,
പല മതം പല ജാതി പല വർഗ്ഗമായി പരിണമിച്ചു
പല നിറമുള്ള കൊടിക്കീഴിൽ
പലതരം ചിഹ്നങ്ങളാൽ അണി നിരന്ന്
പലതരം വാക്യങ്ങളാൽ ഘോഷിക്കുന്നുണ്ട്
തെരുവിൽ പട്ടിണിപ്പാവങ്ങൾ അലയുമ്പോൾ
സ്വർഗീയ ആരാമം പണിയുന്നുണ്ട്
അങ്ങയുടെ പിൻഗാമികൾ ,,,,,
അധികാരമെന്നൽ ധാർഷ്ട്യമെന്നവർ
മാറ്റിക്കുറിച്ചു,,,,
ജനങ്ങളാം ഞങ്ങൾക്കിന്നു പ്രധിനിധിയില്ല ,,
അവർ നിധികളാൽ സന്തുഷ്ടർ
ഞങ്ങൾ പ്രതികളാണിന്നു ,,
തിരഞ്ഞെടുത്തു ജയിപ്പിച്ചതിനു ,,,,,
പൊറുക്കുക ,, പിതാവേ ,,
ഭാരത മക്കളോട് ,,,, ഭാരത മണ്ണിനോട് ,,,,,,,

Wednesday, August 26, 2015

അവകാശി ,,,,,,,,

,,,,,
അവസാനമായി ഒരു ദീർഗ നിശ്വാസമുണരും
അനന്തതയിൽ മറഞ്ഞൊരാത്മാവിനായി
മണ്ണിന്റെ മണവുമായി മണ്ണിൽ ജനിച്ചു നാം
മണ്ണായി മാറുന്നൊരു കാലം വിദൂരമല്ല
ഒരു പിടി മണ്ണ് മാത്രം കവിളിൽ ചേർത്ത് വെക്കും
ഒരു തുള്ളി കണ്ണു നീര് ആരോ പൊഴിചെന്നിരിക്കും
കൂട്ടി ക്കിഴിച്ചു ഗുണിച്ചു നീ ചേർത്തു വെച്ചതൊക്കെയും
കൂട്ടിനുണ്ടാവില്ല കൂരിരുളല്ലാതെ
നേടിയ നേട്ടങ്ങളൊക്കെയും വീണിടിയും
നേരിന്റെ നെറിവിന്റെ വെളിച്ചം മാത്രമുണരും
ഇനി മണ്ണറ നിനക്കായി പണിയും
ഇരുളിനാൽ അതലങ്കരിക്കും,,,,,,
കല്ലിനാൽ മേൽകൂരയുയരും
കാലടികൾ അകന്നു പോവും ,,,,,,,,,,,
ചെടികളാൽ നിറഞ്ഞൊരു പള്ളിക്കാട്ടിൽ
ചെത്തി മിനുക്കിയൊരു മീസാൻ കല്ല്‌ ബാക്കി നിൽക്കും
,,,,,,,,, നാം ഓരോരുത്തരും അവകാശികളാണ്,, ആറടി മണ്ണിന്റെ അവകാശികൾ ,,,,,

Thursday, July 30, 2015

മൂകമീ ,,,,,ലോകം

എന്റെ കാഴ്ചകൾ മങ്ങിത്തുടങ്ങിയിരിക്കുന്നു ,,,,
എന്റെ കേൾവി കൊട്ടിയടച്ചു
ഞാനിന്നു മൌനനാണ് ,,,,,,,,,,,,,,,
എന്റെ ഹൃദയം സ്പന്ദിക്കുന്നില്ല
എന്റെ ശരീരം നിശ്ചലം
എന്റെ ആത്മാവ് മയങ്ങിക്കിടക്കുന്നു
എനിക്ക്  ചുറ്റും കൂരിരുൾ
ഈ ഇരുളിൽ നിറയുന്നുണ്ട്
സമരമുഖം കണക്കെ ,,,,,,,,,,
അമ്മയുടെ തേങ്ങൽ
അനിയത്തിയുടെ നിലവിളി
ഭാര്യയുടെ അടക്കിയ കരച്ചിൽ
കാമക്കണ്ണിൻ ജ്വാലയിൽ
 പിഞ്ചു കുഞ്ഞിന്റെ പിടച്ചിൽ
വാളിൻ സീൽകാരം
പൊടിപടലങ്ങളും അഗ്നി ഗോളങ്ങളും
അതിൽ ചിതറുന്ന ശരീരാവയവങ്ങളും
നപുംസകത്തിൻ പൊട്ടിച്ചിരികളും
ക്രൂരമാം മന്ദഹാസവും
ബാല്യത്തിൻ വിയർപ്പുമണം
വിശപ്പിന്റെ അഗ്നിയിൽ
വേവുന്ന .....ദുർഗന്ധം
ദേവാലയത്തിൽ നിറയുന്ന പുക
ഒട്ടിച്ചു വെച്ച പുഞ്ചിരിക്കുള്ളിൽ
അലറുന്ന വ്യഗ്രവും
ഇതും മനുഷ്യൻ ,,,,,,,,,
ഞാൻ മൂകനാണ് .....
എന്റെ പഞ്ചഭൂതങ്ങൾ മരിച്ചിരിക്കുന്നു
ഉരിയടനാവതില്ല ........
മാപ്പ് ,,,ദൈവമേ........ മാപ്പ് 

Saturday, June 27, 2015

പ്രണയിച്ചിരുന്നു നാം

പ്രണയിച്ചിരുന്നു നാം പൂവിതൾ തുമ്പിലെ
തേൻ തുള്ളി നുകരുന്ന പോലെ
പ്രണയിച്ചിരുന്നു നാം പൂവും കിളികളും
വസന്തമായി വന്നൊരു നാളിൽ
കാതോർത്തിരുന്നു ഞാൻ നിൻ കൊലുസിന്റെ
താളവും മൃദുലമാം പാദസ്വരവും
കടമിഴിക്കോണിലെ നിറയുന്ന
പ്രണയത്തിനോളവും കാണാൻ
നുണക്കുഴി വിരിയുന്ന നിൻ ഇളം കവിളിൽ
ഞാൻ ആദ്യമായി ചുംബനം തന്നൂ
നാണിച്ചിരുന്ന നിൻ മിഴികളിൽ ഒഴുകുന്ന
പ്രണയത്തിൻ അരുവിയും കണ്ടു
പ്രണയിച്ചിരുന്നു നാം അകലെ മലകളിൽ
   തൂമഞ്ഞു പെയ്യുന്ന കാലം
പ്രാണൻ അകലും വരെ നീയെനിക്കെന്നു
 നിന്നെ പുണർന്നു ഞാൻ പറഞ്ഞു
മരണം വിളിച്ചാലും അകലില്ല ഞാനെന്നു
എന്നിൽ അലിഞ്ഞു നീ മൊഴിഞ്ഞു
മാനത്തു തൂവെള്ളി പ്രഭയായി
 നിലാവിൻ പുഞ്ചിരി വിടർന്നു
ആ നേരമെവിടെനിന്നറിയാതെ
രാകുയിലിൻ നാദവും കേട്ടു
ആരോ വരച്ചൊരു പ്രണയ ചിത്രത്തിൽ
 ഞാൻ നമ്മുടെ പേരും കുറിച്ചു
ഹൃദയത്തിൽ എന്നേ കുറിച്ചിരുന്നെന്നു
 അത് അതു കണ്ടു  നീ പറഞ്ഞൂ
ഹൃദയം നിനക്കായി പകുത്തു
 ഞാൻ തന്നപ്പോൾ ഇളം കാറ്റു വീശിയകന്നു
പുലരിയിൽ പുഴയുടെ തീരത്തിരുന്നു
 നാം സ്വപ്‌നങ്ങൾ നെയ്തിരുന്നു
പിരിയുവാൻ വയ്യാത്ത നമ്മുടെ പ്രണയത്തിൽ
 പുഴയെന്നും സാക്ഷിയായി
 കൈകോർത്തു നടന്നു നാം പാടവരമ്പിലും
 ഇളം വെയിൽ ചായുന്ന നേരം
കൈകളിൽ പൂക്കളും കണ്ണിൽ
 പ്രണയവുമായി കാലമേറെ കഴിഞ്ഞു
പ്രണയമാം സ്വപ്നത്തിൽ ഉണരുന്ന
 ചിത്രങ്ങളിൽ നീ നിറഞ്ഞു
പ്രണയം വിരിയുന്ന
കവിതകളെന്നുള്ളിലെ  കിളികളും പാടി
മഴ പെയ്തു തോർന്നൊരു
പകലിലെ വാകമരച്ചുവട്ടിൽ
മിഴിനീരിൻ നനവ്‌ പോൽ
 മഴത്തുള്ളിയും  നമ്മിൽ പതിഞ്ഞു
വഴി പിരിയുവാൻ പറയാതെ പറഞ്ഞു
 നീ മുന്നിൽ മൂകമായി നിന്നൂ
വാക്കുകൾ തപ്പി എടുക്കുന്നതിൻ മുൻപേ
 നീ യാത്രാ മൊഴിയും പറഞ്ഞു
വഴിയറിയാതെ നിന്നെനിക്കുമേൽ
 മഴ പിന്നെയും പൊഴിഞ്ഞു
വാടിയ പൂക്കൾ പൊഴിച്ച്
നിന്നെന്തിനോ  വാക മരവും കരഞ്ഞു
 പ്രണയിച്ചിരുന്നു നാം ,,,,,,,,
, നഷ്ട സ്വരങ്ങളെ വിരഹത്തിനാഴം അളക്കാൻ ,,,,,,