ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Tuesday, October 4, 2016

അമീർ സുഹൈൽ


ജോലിത്തിരക്കിനിടെ  വീണു കിട്ടിയ അല്പ വിശ്രമ സമയത്ത് ഫോണ്‍ എടുത്ത് നോക്കുമ്പോള്‍ കുറെ മിസ്സ്ഡ് കോളുകൾ !!
അപരിചിത നമ്പര്‍
 എന്റെ ഫോണ്‍ മിക്കപ്പോഴും സൈലന്റ് മോഡിൽ ആയിരിക്കും
കോൾ വരുന്നത് അറിയില്ല
തിരിച്ചു വിളിക്കണോ എന്ന് സംശയിച്ചു നിൽക്കുമ്പോൾ ആണ്‌ സ്ക്രീനിൽ വെളിച്ചം മിന്നിയത്
അതേ നമ്പര്‍
ഞാന്‍ അതെടുത്ത് കാതോട് ചേര്‍ത്തു
ഇക്കാ . .   പതിഞ്ഞ ശബ്ദം
എവിടെയോ കേട്ടു മറന്നതു പോലെ
എന്റെ നിശബ്ദത തിരിച്ചറിഞ്ഞത് കൊണ്ടാവണം മറുവശത്ത് നിന്ന് സ്വയം പരിചയപ്പെടുത്തി
"ഞാന്‍ അമീർ "
 വിസ്മയിച്ചു പോയി
അമീർ നീ ഇതെവിടുന്നാ
റിയാദിലുണ്ട് . . ഇക്ക ഫ്രീ ആണോ ഇപ്പോള്‍
ഞാന്‍ റെസ്റ്റോറെന്റിലാണ് രാത്രി തിരിച്ചു വിളിക്കാമെന്നു പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു
ജോലിക്കിടെ എന്റെ ചിന്ത മുഴുവന്‍ അവനെ പറ്റി ആയിരുന്നു
എവിടെയോ അവസാനിച്ചെന്നു കരുതിയ കഥയുടെ പുനർജന്മം പോലെ തോന്നി , മായാതെ കിടക്കുന്ന കുറെ ചിത്രങ്ങള്‍ ഉണ്ട് അവന്‍ പകർന്നു നൽകിയ നോവിക്കുന്ന ചിത്രങ്ങള്‍
അമീർ സുഹൈൽ !!
ഉത്തർ പ്രദേശിലെ ഫിറൊസാബാദുകാരൻ
മുഗൾ ചരിത്രത്തില്‍ എവിടെയോ വായിച്ചു മറന്ന ഫിറൊസാബാദ് പട്ടണം
ആഗ്രയോടും രാജസ്ഥാനോടും ചേര്‍ന്ന് നിൽക്കുന്ന നഗര പ്രദേശം
അവന്‍ വാതോരാതെ സംസാരിച്ചിരുന്നു ആ പട്ടണത്തെ പറ്റി
 പ്രണയഭൂമിയായ ആഗ്രയും യമുനയും താജ്മഹലും അവന്റെ സംസാരങ്ങളിൽ നിറഞ്ഞു നിന്നിരുന്നു
എറണാകുളത്തെ ഒരു ചെരുപ്പ് കമ്പനിയില്‍ ജോലി ചൈത് വരുന്നതിനിടെയാണ് സുഹൃത്ത് വഴി റിയാദിലെത്തുന്നത്
ഒരു റെൻ്റ് എ കാർ കമ്പനിയില്‍
നന്നായി മലയാളം സംസാരിക്കും.
റിയാദിലെ ഞങ്ങളുടെ വില്ലയുടെ എതിർ വശത്തെ കെട്ടിടത്തിലായിരുന്നു അവന്‍ താമസിച്ചിരുന്നത്
ഗസലുകൾ അവന് ഏറെ പ്രിയപ്പെട്ടതാണ്
എന്റെ മുറിയില്‍  മുഹമ്മദ് റാഫിയുടെയും അഭിജിത്ത് സിംഗിന്റെയും മൗലാനാ മൊഹാനിയുടെയും  പാട്ടുകള്‍ കേട്ട് മതി മറന്നിരിക്കും,
ഒഴിവ് ദിവസങ്ങള്‍ കൂടുതലും എന്റെ അടുത്തായിരിക്കും
തമാശകൾ പറഞ്ഞും ചിരിച്ചും
എങ്കിലും അവന്‍  ഇടയ്ക്കിടെ പറയുമായിരുന്നു
" ആത്മഹത്യ തെറ്റല്ലാ എങ്കില്‍ ഞാനെന്നേ ആത്മഹത്യ ചെയ്തേനെ"  എന്ന്
കാരണങ്ങള്‍ ചോദിക്കുമ്പോഴൊക്കെ അവന്‍ ഒഴിഞ്ഞു മാറും
 അവനെ വേദനിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടാവാം മറ്റുള്ളവര്‍ അറിയാന്‍ പാടില്ലാത്തത്
ജോലി കഴിഞ്ഞെത്തി ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവന്‍ ഓടിക്കിതച്ച് വന്നത്
കരഞ്ഞു കലങ്ങിയ കണ്ണും മുഖവും
"ഇക്കാ എനിക്ക് ഒരു ഇരുനൂറ് റിയാൽ തരുമോ അത്യാവശ്യമായി ഞാന്‍ ഒന്ന് നാട്ടില്‍ പോവാ "
എന്തു പറ്റി  അന്ധാളിപ്പോടെ ഞാന്‍ ചോദിച്ചു
"മമ്മയും അബുവും ആത്മഹത്യയ്ക്ക് ശ്രമിച്ചു ഇപ്പോ ആശുപത്രിയിലാണ് കയ്യില്‍ ഉണ്ടായിരുന്ന പൈസക്ക് ടിക്കറ്റ് എടുത്തു "
എന്തോ എന്റെ കൈകാലുകൾ തളരുന്ന പോലെ തോന്നി
പോക്കറ്റില്‍ കിടന്ന പൈസ എടുത്ത് അവന് കൊടുത്തു
പോകും മുൻപ് അവനെന്നെ കെട്ടിപ്പിടിച്ചു തോളില്‍ ചുടു നനവ് അറിഞ്ഞപ്പോള്‍ അടർത്തി മാറ്റി
സമാധാനിപ്പിക്കാൻ വാക്കുകള്‍ അന്യമായിരുന്നു
വർഷങ്ങൾ അപ്പുറത്ത് നിന്ന് അവന്റെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങി
"നമ്മള്‍ തമ്മില്‍ ഇനി കാണുമോ എന്നറിയില്ല എനിക്ക് ഇനി തിരിച്ചു വരാനാവില്ല ഈ പൈസ എന്റെ കയ്യില്‍ ഉണ്ടാവും എപ്പോഴെങ്കിലും കാണുമ്പോള്‍ തിരിച്ചു തരാന്‍ "
അവന്‍ ഓടിമറയുന്നത് നിർനിമേഷനായി നോക്കി നിന്നു
 കണ്ണില്‍ നിന്ന് മറഞ്ഞപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു
*********     **** ******    *****=
അമീർ സുഹൈൽ ( തുടർഭാഗം)
.......
ആകാശം ശൂന്യമായിരുന്നു നക്ഷത്രങ്ങള്‍ ഇല്ലാതെ, ഏതോ ലക്ഷ്യം തേടി അകന്നു പോകുന്ന ഉരുക്കു പക്ഷിയുടെ വെട്ടം മിന്നാമിനുങ്ങു പോലെ തോന്നിച്ചു , താഴ്വാരത്തെ കെട്ടിടങ്ങളിലെ വെളിച്ചം തട്ടി  മല നിരകളുടെ മുകളറ്റം കാണാം , നേർത്തു വീശുന്ന കാറ്റിന് ചൂടിന്റെ അംശമുണ്ട്

കുറേസമയം ബെല്ലടിച്ചു നിന്നതല്ലാതെ മറുതലയ്ക്കൽ മറുപടി ഇല്ല വീണ്ടും ഇതാവർത്തിച്ചപ്പോൾ നിരാശയോടെ ഞാന്‍ മുറിയിലേക്ക് നടന്നു,

ചിന്തകൾ അമീറിലൂടെ സഞ്ചരിച്ചു

വർഷങ്ങൾ മൂന്ന് കഴിഞ്ഞിരിക്കുന്നു

ഈ ഇടവേളയിൽ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു ജീവിതത്തില്‍ ,

എന്റെ ചിന്തകളെയും നിശബ്ദതയെയും ഭേദിച്ച് ഫോണ്‍ ശബ്ദിച്ചു

അമീറിന്റെ നമ്പര്‍

ഫോണെടുത്ത് ചെവിയോട് ചേര്‍ത്ത് ഞാന്‍ മുറി വിട്ടിറങ്ങി

"ഇക്കാ"അവന്റെ പതിഞ്ഞ ശബ്ദം

പഴയ വാതോരാതെയുള്ള സംസാരമൊന്നുമില്ല ചോദ്യങ്ങള്‍ക്കുള്ള മറുപടി അത്ര മാത്രം

മമ്മയും അബുവും  . . ? എനിക്ക് ചോദിക്കാതിരിക്കാനായില്ല

മറുവശത്ത് നിശബ്ദത പരന്നു  പിന്നെ

അവന്റെ വാക്കുകള്‍ കനലുകളായി എന്റെ ചെവിയില്‍ വീണ് പൊള്ളി

ഇവിടെ നിന്ന് പോയ അമീറിനെ വരവേറ്റത് ചേതനയറ്റ ശരീരങ്ങളായിരുന്നു,

എന്തിനാണ് അവരത് ചെയ്തത് എന്ന എന്റെ ചോദ്യം അവനെ വിഷമിപ്പിച്ചിട്ടുണ്ടാവാം

അതായിരിക്കും അവന്‍ കോൾ കട്ട് ചെയ്തത്

നിശ്ചലമായ ഫോണില്‍ അവന്റെ തേങ്ങല്‍ ശേഷിക്കുന്നുണ്ടെന്ന് തോന്നി

ചില നിമിഷങ്ങള്‍ ഞാന്‍ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു

പിന്നെ അവനെ തിരിച്ചു വിളിച്ചു

പർവ്വതങ്ങൾ കടന്ന് ഒരിളം കാറ്റ് വീശിയകന്നു

ഫിറോസാബാദ് !!

ഉന്തു വണ്ടിയില്‍ കൊണ്ട് പോകുന്ന കുപ്പിവളകളുടെ കിലുക്കം ജീവന്റെ താളം പോലെ ഉയര്‍ന്നു കേൾക്കാം,

പ്രസിദ്ധമാണ് ഇവിടുത്തെ ഗ്ലാസ് ഫാക്ടറി,

കുപ്പിവളകളുടെ നാട് എന്നറിയപ്പെടുന്നു ഇവിടം

മനോഹരമായ നിറങ്ങൾ ചാർത്തി വേർതിരിച്ചെടുക്കുന്ന വളകൾ നേരിയ കയറിൽ കോർത്ത് കെട്ടുകളാക്കി വെക്കുന്നത് ഭംഗിയുള്ള കാഴ്ചകളാണ് .

മഹാസിംഗ് പൂരിലെ കൊച്ചു വീട്ടില്‍
അമീർ എത്തുമ്പോള്‍
സൂര്യന്‍ ചാഞ്ഞു തുടങ്ങിയിരുന്നു.
കൂടി നിൽക്കുന്ന ആളുകള്‍ക്കിടയിലൂടെ അകത്തേക്ക് ചെന്നു
ചലനമറ്റ മൂന്ന് ശരീരങ്ങൾ  !!
ഇലയനക്കങ്ങൾ പോലുമില്ലാത്ത നിശബ്ദത
ഈ നിമിഷം മുതല്‍ തനിക്ക് ആരുമില്ല
അനാഥൻ
അമ്മയുടെ യാത്രാ മൊഴിയായി ഒരു കടലാസ് തുണ്ടിൽ എഴുതിയ ഏതാനും വാക്കുകള്‍ മാത്രം

എന്റെ മോന്‍ എന്നോട് പൊറുക്കണം
ഇനിയും ഇതു കാണാന്‍ എനിക്ക് വയ്യ
നമ്മുടെ മോളിങ്ങനെ വേദന സഹിക്കാതെ നിലവിളിക്കുന്നത്  ഞങ്ങള്‍ പോവാ പ്രാർത്ഥിക്കണം"

അമീറിന്റെ ഇടറിയ ശബ്ദം കാതില്‍ വീണു കൊണ്ടിരുന്നു

അവസാന കാലത്ത് മമ്മയ്കും തീരെ വയ്യായിരുന്നു
തളർന്നു കിടക്കുന്ന അബുവും അനിയത്തിയും ,
ഗ്ലാസ് ഫാക്ടറി യിലായിരുന്നു അബു ജോലി ചെയ്തിരുന്നത്,
ഒരു ദിവസം ജോലിക്കിടെ ഉണ്ടായ വീഴ്ച, പിന്നീട് എഴുന്നേറ്റില്ല കുറെ ചികിത്സിച്ചു

അബുന്റെ ചികിത്സിക്കാൻ വേണ്ടിയാ ഞാന്‍ സ്കൂളില്‍ പോവുന്നത് നിർത്തി കേരളത്തില്‍ ജോലിക്ക് വന്നത്
അവിടെ നിന്ന് ഗൾഫിലേക്കും ,
ഒരു പനി വന്നതാണ് അനുജത്തിക്ക് ഒരാഴ്ചയോളം ആശുപത്രിയില്‍ കിടന്നു
പക്ഷേ ശരീര വേദന കൂടുകയും മുഖം ഒരു വശത്തേക്ക് കോടിപ്പോവുകയും ചെയ്തു  പതിയെ ശരീരം അങ്ങാൻ പറ്റാത്ത അവസ്ഥയായി

ഇടയ്ക്കിടെ അവൾ വേദന സഹിക്കാതെ നിലവിളിക്കും ഫോണ്‍ ചെയ്യുമ്പോഴൊക്കെ മമ്മ അതു പറഞ്ഞ് കരയും , വീടാകെ ഓടിക്കളിച്ചിരുന്ന അവള്‍ ഒരു കൈ അനക്കാൻ പോലും പറ്റാതെയുള്ള കിടപ്പ് !!

ഉണ്ടായിരുന്നതൊക്കെ വിറ്റു ചികിത്സക്കായി, ആ വീട് സര്‍ക്കാര്‍ സ്ഥലത്ത് കുടില് കെട്ടിയതായിരുന്നു

അന്ന് രാത്രിയും ഞാന്‍ വിളിച്ചതായിരുന്നു മമ്മ കുറേ കരയുകയും സംസാരിക്കുകയും ചെയ്തിരുന്നു , കാലില് നീര് കെട്ടി നടക്കാൻ പ്രയാസം ഉണ്ടെന്നും പറഞ്ഞ്

ഭക്ഷണത്തിൽ വിഷം ചേര്‍ത്ത് രണ്ട് പേർക്കും കൊടുത്ത് മമ്മയും കഴിച്ചതാ"

ഞാന്‍ പോകുമ്പോള്‍ അവിടെ ബാക്കി ഉണ്ടായിരുന്നു കഴിച്ച ഭക്ഷണത്തിന്റെ ബാക്കി  ഒരു പിടി വാരി കഴിക്കാന്‍ തോന്നിയതാ അറിയില്ല എന്താണ്  ഞാന്‍ കഴിക്കാത്തതെന്ന്"

അവന്‍ പറയുന്നത് വെറുതേ കേട്ടിരുന്നു എനിക്ക് വാക്കുകള്‍ നഷ്ടപ്പെട്ടിരുന്നു

ജീവിതം അങ്ങനെയാണ് നാമറിയാത്ത ദിശകളിലേക്ക് ചലിച്ചു കൊണ്ടിരിക്കും
 വീണ്ടും വിളിക്കാമെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്ത് ഞാന്‍ മുറിയിലേക്ക് മടങ്ങി.
അസീസ് ഈസ

Tuesday, September 13, 2016

ഓർമയായി മറയുന്നിതോണം

ഓർമയായി മറയുന്നിതോണം
ഓരോ നിനവിലും നിറയുന്നിതോണം 
മഴ പെയ്തു തോർന്നൊരാ  മുറ്റത്തെ 
മണ്ണിൽ പൂക്കളമിട്ടു കളിച്ചരോണം 
ഊഞ്ഞാലിലാടി രസിച്ചരോണം 
പൂവിളികളാൽ പൂക്കാലമാക്കി 
ഞാനുമൊരു പൂവായി മാറിയൊരോണം
ഓണക്കിളി പെണ്ണ് പാടിയ പാട്ടിൽ 
തിരുവാതിര നൃത്തമിട്ടരോണം 
മാനത്തു തൂവെള്ള കിരണം പൊഴിക്കുന്ന
ഉത്രാട ചന്ദ്രനെ കാട്ടി മുത്തശ്ശി 
മാവേലിക്കഥകൾ പറഞ്ഞരോണം 
മാമല മണ്ണിന്റെ ഉത്സവമാണോണം
എന്നു പാടി പതിഞ്ഞൊരോണം,,,
മഞ്ഞപ്പൂ ചേലാ ഞൊറിഞ്ഞുടുത്തു
ആവണിപ്പാടങ്ങൾ ആടിയുലഞ്ഞരോണം
ഓർമയായി മറയുന്നിതോണം
ഇന്നലെ കണ്ട കിനാവുപോലെ
ഇന്നെന്റെ ഉള്ളിൽ ഒരോർമ  മാത്രം ,,
മറവിയിൽ മയങ്ങിക്കിടക്കുന്ന ചിത്രങ്ങൾ
എന്തിനോ തേങ്ങിക്കരഞ്ഞിടുന്നു
അത്തപ്പൂക്കള മൊരുക്കിയ മുറ്റം
ചുടല പോൽ ഉണങ്ങി കരിഞ്ഞു നില്പൂ
പൂക്കളില്ലാത്തോരാ  തൊടിയിലെങ്ങുമേ
ഓണക്കിളികൾ വരാറു മില്ല
തുംബിയില്ല തുംബപ്പൂവുമില്ല
തൂശനില എന്നത് കേൾപ്പതില്ല
കഥകൾ പറയാൻ മുത്തശ്ശിയില്ലാതെ
ഓണ നിലാവിന്നു വിഷാദ ഭാവം........
ആവണി പ്പാടം മറഞ്ഞു  മണ്ണിൽ ,,
ആനന്ദ മില്ലാത്ത ഓണമുണ്ട് ,,,
ഇനിയേതു  കാലം തിരികെ വരും
മാവേലി ക്കഥകൾ പറഞ്ഞുണരാൻ
ഓണമാണിന്നു  പൊന്നോണ മാണ്
ഒരുമയില്ലാത്ത ഒരോണമാണ്




Wednesday, June 29, 2016

ഇനിയൊരു യാത്രാ മൊഴി

ഇനിയൊരു യാത്രാ മൊഴി ചൊല്ലാം
ഞാന്‍ പറയാന്‍ മറന്ന മൊഴികൾ
നീ കേൾക്കുകില്ലെന്നറിയാമെങ്കിലും
എൻ നോവുകൾ ഞാനൊന്നു പറഞ്ഞു
പോവാം !!!
വീടുണഞ്ഞു പ്രണയ ശില്പം
ഹൃദയം
നിണമൊഴുകി നിന്നൂ
വിരഹം എരിഞ്ഞു നിന്ന നേരം ....
വിട ചൊല്ലി നീ അകലേ മറഞ്ഞൂ
മറുവാക്കു കേൾക്കാൻ
കാത്തു നിൽക്കാതെ നീ യകന്നൂ
വിങ്ങും ഹൃദയവുമായി ഞാൻ നിന്നൂ
വെറുതെ ഞാനൊന്നു വന്നിരുന്നു
നിൻ പാദ മുദ്ര തീർത്ത വഴിയേ
ശൂന്യമാം ആ പാതി വഴിയേ
നിൻ നിശ്വാസമകന്ന വഴിയേ
ഇനിയാരുമീ വഴി വരുവാനില്ല
ന്നറിഞ്ഞിട്ടു മെന്തിനൊ ഞാൻ
കാത്തു നിൽപൂ . . .
ഇലകള്‍ കൊഴിഞ്ഞും പൂക്കള്‍
പൊഴിഞ്ഞും കാലം
തീർത്തൊരാ ശൂന്യതയിൽ
മൗനം ചേര്‍ത്തു ഞാന്‍
നിനക്കായി കുറിച്ചൊരു
കവിത വെറുതെ മൂളി വെയ്ക്കാം
"ഇനിയും ജന്മങ്ങൾ മണ്ണില്‍ ജനിച്ചിടാം
ശലഭ ജീവിതം പോൽ
തുച്ചമായി . . . .
സുന്ദരമായി . . . !!!"

Sunday, April 17, 2016

ഒരിക്കല്‍ കൂടി

ഇനിയൊരു യാത്രയാവാം
ഓർമ്മകൾ ചിതറിക്കിടക്കുന്ന
ഇന്നലെയുടെ കല്പടവിലൂടെ
ആദ്യാനുരാഗം ഒഴുകിത്തുടങ്ങിയ
പ്രണയപുഴയുടെ തീരത്തുകൂടി
പിന്നീടെപ്പോഴോ വിരഹാഗ്നിയിൽ
എരിഞ്ഞടങ്ങി ചാരം മാത്രമായി
ശേഷിക്കുന്ന ചുടല പറമ്പിന്റെ അരികിലൂടെ  . . . .
പ്രണയ മന്ത്രങ്ങൾ ഉരുകി വീണൊലിച്ച് സർപ്പപ്പുല്ലുകളായി മുളപൊട്ടിയ ഇടവഴിയിലൂടെ . .
ചുംബനപ്പൂക്കൾ ചിതറി വീണ്
കരിഞ്ഞുണങ്ങിയ ഇലഞ്ഞിച്ചുവട്ടിലൂടെ . .
 ഒടുവില്‍ നമ്മള്‍ വേർപിരിഞ്ഞ
മഴ ചിത്രങ്ങൾ തീർത്തിരുന്ന കുളക്കടവിലെ മിഴിനീരു കലർന്ന
വെള്ളത്തിന്റെ ശ്വാസ നിശ്വാസം
കേൾക്കാൻ . . .
പ്രണയവും വിരഹവും ചേര്‍ത്ത് നീ എഴുതിയ അവസാന കവിതയുടെ
വരികള്‍ ഒന്നുകൂടി കേൾക്കാൻ . . . .
കണ്ണു നീരു പോലെ പെയ്യുന്ന മഴയിലൂടെ ഭൂതകാലത്തു നിന്ന് വർത്തമാനത്തിലേക്ക് തിരികെ നടക്കാന്‍ . . . . .

Monday, February 8, 2016

എന്തിനീ ഓര്‍മകള്‍

എന്റെ ഓർമകളേ . . .
അല്പ നേരത്തേക്ക് എങ്കിലും വിട തരുമോ എനിക്ക്
അടക്കിപ്പിടിച്ചു ഞാന്‍ മറക്കുവാൻ
ശ്രമിക്കുമ്പൊഴൊക്കെയും
ഹൃദയം നീറ്റി കണ്ണുകള്‍ നനയിച്ചു ഉണർന്നു വരുന്നവ
അമ്മതൻ താരാട്ടായി
ബാല്യത്തിൻ കുസൃതികളായി
കലാലയത്തിൻ ശബ്ദമുഖരിതമായി
ചൂരലിൻ നൊമ്പരമായി
 മഴക്കാല ഈറൻ കാറ്റായി
മേടപ്പുലരിതൻ കുളിരായി
ഇടവ മാസ സന്ധ്യായായി
കർക്കിടകത്തെയ്യമായി
പ്രണയത്തിൻ പൂക്കളായി
 പിന്നെ ശോകമൂകമാം നോവായി
പോക്കു വെയില്‍ പക്ഷിതൻ മധുര ഗീതമായി
നാട്ടു വഴിയോര പുൽനാമ്പായി
സ്വപ്നങ്ങള്‍ ബാക്കിവെച്ച ഇന്നലെകളായി  . . . .
നിഴലായി ഈ ഓർമ്മകൾ എനിക്കെന്തിനു കൂട്ടിന് . .


Monday, January 18, 2016

വീട് .

അന്നത്തെ പാലു കാച്ചൽ ചടങ്ങില്‍ ഞാനും പങ്കെടുത്തിരുന്നു
നല്ല വീട് . . . അകത്തും പുറത്തുമായി ആറു ബാത്ത്റൂം മുകളിലും താഴെയും പുറത്തുമായി മൂന്നു അടുക്കള . . .
അതു കൂടാതെ പലതരം പേരില്‍ കുറെ ബെഡ്റൂം . . ഹാള്‍ അങ്ങനെ പോകുന്നു . . . വികസിപ്പിച്ചെടുത്ത കൊട്ടാരത്തിന്റെ അകത്തളം 
പുറത്ത് കാർ പാർക്കിങ്ങിനു വിശാലമായ മൈതാനം . 
കേന്ദ്ര റെയില്‍വേ ക്കു പോലുമില്ലാത്ത പാർക്കിങ്ങ് സൗകര്യം മുറ്റം കല്ലു പാകി മനോഹരമാക്കിയിട്ടുണ്ട് പലതരം വിദേശ ചെടികളാൽ അലങ്കരിച്ച ഗാർഡൻ . കൂറ്റന്‍ കവാടം അതിനു കീഴെ ഗേയ്റ്റ് . . 
കുറെ നാൾ എന്റെ മനസ്സില്‍ ആവീടായിരുന്നു .
പിന്നെ അവിടുത്തെ പ്രായമുള്ള അപ്പച്ചനും അമ്മച്ചിയും . . നല്ല സ്വഭാവം പെരുമാറ്റം . കാശിന്റെ യാതൊരു ജാഡയുമില്ലാത്തവർ . . .
പിന്നീട് കുറെ നാളുകള്‍ക്ക് ശേഷം ഞാന്‍ ആ വഴിയേ പോകുമ്പോള്‍ ആണ് വീട്ടില്‍ കണ്ണുടക്കിയത് . ഞാന്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനോട് ഗമയോടെ പറഞ്ഞു ഒന്നാന്തരം വീട് ഞാനും പോയിരുന്നു പാലുകാച്ചൽ ചടങ്ങിന് . . .
കൂട്ടുകാരന്റെ മുഖത്ത്‌ വിസ്മയത്തിനു പകരം പുച്ചം . .
വീട് തേങ്ങാക്കുല . .
എന്തു പറ്റി .
വീട് എന്തിനാണ്
താമസിക്കാന്‍ . .
ങാ . എന്നാ അവിടെ ആരും താമസമില്ല . .
ങേ . . അതെന്താ . .
ആ വീട്ടുകാരൻ അമേരിക്കയില്‍ .
അതേ അതെനിക്കറിയാം .
രണ്ട് കുട്ടികള്‍ ബോർഡിങ്ങിൽ . .
ബാക്കിയുള്ളവരോ . .
പ്രായമുള്ള തന്തേം തള്ളേം വൃദ്ധസദനത്തിൽ . . അവിടുത്തെ ചേച്ചി ക്ലബ്ബില്‍ ബാക്കി സമയം അവരുടെ വീട്ടില്‍ . . .
അപ്പോ അവിടെ ആരാ . . .
ങേ . അതല്ലേ പറഞ്ഞത് അവിടെ ആരൂല്ലാന്ന് . . .
. . . .
പാവം വീട് അനാഥനായി മഴയും വെയിലുമേറ്റ് അവിടുണ്ട് . . മോക്ഷം കാത്ത് 
http://keralahousedesigns.in/wp-content/uploads/2013/10/

Friday, December 18, 2015

വഴികാട്ടിയായ ...തിരു ദൂതര്‍ .

യേശു തന്‍റെ ശിഷ്യ ഗണത്തോട് അരുള്‍ ചെയ്തു 
  ''നിങ്ങളുടെ നന്മക്ക് വേണ്ടിയാണു ഞാന്‍ പോകുന്നത് ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക് വരുകയില്ല ഞാന്‍ പോയാല്‍ നിങ്ങളുടെ അടുക്കലേക് ഞാന്‍ അയക്കും അവന്‍ വന്നു പാപത്തെ കുറിച്ചും നീതിയെ   കുറിച്ചും ന്യായ വിധിയെ കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും ഇനിയും വളരെ കാര്യങ്ങള്‍ എനിക്ക് നിങ്ങളോട്‌ പറയാനുണ്ട് എന്നാല്‍ അവ ഉള്‍കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിയില്ല സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണതയിലേക്ക് നയിക്കും അവന്‍ സ്വമേധയാ ആയിരിക്കില്ല  സംസാരിക്കുന്നത് അവന്‍ കേള്‍ക്കുന്നത് മാത്രം സംസാരിക്കും ...,,,,

''ഏതസ്മിന്നതരെ മ്ലേച്ച ആചാരണ്യ സമന്യിത 
മഹാമദ ഇതിക്യാദ ശിഷ്യശാഖ സമന്യിതം ''
അപ്പോള്‍ അന്യദേശക്കാരന്‍ ആയ ഒരു ആചാര്യന്‍ അദേഹത്തിന്‍റെ ശിഷ്യ ഗണങ്ങളോടൊപ്പം പ്രത്യക്ഷപ്പെടും അദേഹത്തിന്‍റെ നാമം മഹാമദ്‌ എന്നായിരിക്കും ...
തുടര്‍ന്ന് ഗീതയില്‍ ഇതുകൂടി പരാമര്‍ശിക്കുന്നു 
അവര്‍ മരുഭൂ നിവാസികളായിരിക്കും ചേലാകര്‍മ്മം ചെയ്തിരിക്കും താടിവളര്‍ത്തും പ്രാര്‍ത്ഥനയ്ക്ക് ഉച്ചയിസ്തര്യം ഉദ്ഗോഷിക്കും ഇത്തരം സവിശേഷതകളാല്‍ അവര്‍ മുസല്ലേ എന്ന നാമത്തില്‍ അറിയപ്പെടും .....,,,,''

''മോശ പറയുന്നു നിന്‍റെ ദൈവമായ കര്‍ത്താവ്‌ നിന്‍റെ സഹോദരങ്ങളുടെ ഇടയില്‍ നിന്നും എന്നെപോലെയുള്ള ഒരു പ്രവാചകനെ നിനക്ക് വേണ്ടി അയക്കും അവന്‍റെ വാക്കാണ്  നീ ശ്രവിക്കേണ്ടത്,, കര്‍ത്താവ്‌ എന്നോട് അരുള്‍ ചെയ്തു 
എന്‍റെ വാക്കുകള്‍ ഞാന്‍ അവന്‍റെ നാവില്‍ നിക്ഷേപിക്കും ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോട് പറയും എന്‍റെ നാമത്തില്‍ അവന്‍ പറയുന്ന എന്‍റെ വാക്കുകള്‍ ശ്രവിക്കത്തവരോട് ഞാന്‍ തന്നെ കണക്കു ചോദിക്കും ..,'',

ആദ്യ ഗ്രന്ഥങ്ങളാല്‍ ഏറെ വാഴ്ത്തപ്പെട്ട ആ പരദേശിയായ പ്രവാചകന്‍ 
എല്ലാ പ്രമാണങ്ങളെയും സത്യപ്പെടുത്തുന്ന സമന്വയത്തിന്‍റെ പവിത്ര ദര്‍ശനവുമായാണ് മുഹമ്മദിന്‍റെ വരവ് 
ഓരോ മനുഷ്യന്‍റെയും പിടലി ഞരമ്പിനെക്കാളും അവനോട അടുത്തവനാണ് ഈശ്വരനെന്നും ശൂന്യതയില്‍ നിന്ന് ശൂന്യതയിലേകുള്ള നിരര്‍ഥകമായ പ്രയാണമല്ല ജീവിതമെന്നും മരണത്തിന്‍റെ മറവില്‍ ജിവിതം സാര്‍ഥകമായ ഉയിര്‍പ്പാണെന്നും പഠിപ്പിച്ച പ്രവാചകന്‍ 
അറബിയും അനറബിയും തമ്മിലും വെളുത്തവനും കറുത്തവനും തമ്മിലും വ്യത്യാസമില്ലെന്നും അടിമകള്‍ക് അവകാശങ്ങള്‍ ഉണ്ടെന്നും മോചനത്തിന് വഴിയുണ്ടെന്നും വിളംബരം ചയ്തു . 
പലിശയും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും വിലക്കി സമ്പത്തിന്‍റെ ഒരു നിശ്ചിത വിഹിതത്തില്‍ ആശരനരണരെയും അഗതികളെയും അടിമകളെയും അവകാശികളാക്കി .
മനുഷ്യന്‍റെ വ്യാമോഹങ്ങള്‍ക്കും ഊഹങ്ങള്‍ക്കും അതീതനാണ് ഈശ്വരനെന്നും ജനങ്ങള്‍ മുഴുവന്‍ ചീര്‍പ്പിന്‍റെ പല്ലുകള്‍ പോല്‍ സമന്മാരനെന്നും പുരുഷനും  സ്ത്രീയും ഒരേ ആത്മാവില്‍ നിന്നാണെന്നും ഇണകള്‍ തമ്മില്‍ വസ്ത്രങ്ങളാണെന്നും സഹകാരികളാണെന്നും സ്ത്രീകള്‍ക്ക് സ്വത്തില്‍  അവകാശമുണ്ടെന്നും  പ്രവാചകന്‍ പഠിപ്പിച്ചു .
വിജ്ഞാനത്തോടും വിവര വിനിമയത്തോടുമുള്ള പ്രവാചകന്‍റെ സമീപനമാണ് ആഗോള നാഗരികതയെ പരിവര്‍ത്തിച്ചത്, വിദ്യസമ്പാദനം വിശുദ്ദ കര്‍മ്മമാണ്‌ പ്രവാചകരുടെ മതത്തില്‍.  അക്ഷരം പഠിപ്പിക്കാമെന്ന വ്യവസ്ഥയില്‍ യുദ്ധത്തടവുകാരെ വിട്ടയച്ച വേറൊരു നേതാവിനെയും ചരിത്രത്തിനറിയില്ല . 
ലോകാവസാനം അടുത്തെന്നറിഞ്ഞാലും വിത്തുകളെറിഞ്ഞു കൃഷിയിറക്കണമെന്നും  നീര്‍ തടങ്ങളും പൊതുവഴികളും മലിനമാക്കരുതെന്നും കര്‍ശന നിര്‍ദേശങ്ങള്‍.
  എല്ലാ മാരികള്‍ക്കും മരുന്നുണ്ടെന്നും പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് മനുഷ്യ ജനന മരണവുമായി യാതൊരു ബന്ധമില്ലെന്നും  പഠിപ്പിച്ചു തന്നു .
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു  ഉണ്ണുന്നവന്‍ നമ്മളില്‍ പെട്ടവനല്ലെന്നും താനിഷ്ടപ്പെടുന്നത് തന്‍റെ സഹോദരനിഷ്ടപ്പെടണമെന്നും അരുള്‍ ചെയ്തു
 നിരാംബലരായ മനുഷ്യര്‍ക്കുള്ള ദൈവ കാരുണ്യത്തിന്‍റെ തീര്‍തകമായി വര്‍ണ  വൈരത്തിന്‍റെ മറു മരുന്നായി കിഴക്കിനും പടിഞ്ഞാറിനും മദ്ധ്യേ ഒരു പാലമായി പ്രവാചക സന്ദേശം നിലകൊള്ളുന്നു 
ആദുനികശാസ്ത്ര വൈജ്ഞാനികലോകം  പ്രഥമമായും പ്രവാചക സന്ദേശത്തിന്‍റെ അനന്തര ഫലങ്ങളാണെന്ന് സാക്ഷ്യപ്പെടുത്തുന്നത്  മാര്‍ക്ക്‌ ഗ്രഹാം,മൈക്കല്‍ ഹാമില്‍ട്ടന്‍ ,മോര്‍ഗന്‍ തുടങ്ങിയ  ചിന്തകന്മാരാണ് 
സൌമ്യമായി മന്ദഹസിച്ചു കൊണ്ടും ആര്‍ദ്രമായി ഉണര്‍ത്തിക്കൊണ്ടും പ്രവാചകന്‍ നമ്മെ പുണരുന്നു മഴ തോര്‍ന്നാലും പെയ്തു കൊണ്ടിരിക്കുന്ന മഴക്കാടുകള്‍ പോലെ പ്രവാചകന്‍റെ കാരുണ്യം പെയ്തു കൊണ്ടേയിരിക്കുന്നു .
أسلام عليكم يا سيدي يا رسولالله 
നബിദിനാശംസകൾ ,,,