ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Sunday, April 17, 2016

ഒരിക്കല്‍ കൂടി

ഇനിയൊരു യാത്രയാവാം
ഓർമ്മകൾ ചിതറിക്കിടക്കുന്ന
ഇന്നലെയുടെ കല്പടവിലൂടെ
ആദ്യാനുരാഗം ഒഴുകിത്തുടങ്ങിയ
പ്രണയപുഴയുടെ തീരത്തുകൂടി
പിന്നീടെപ്പോഴോ വിരഹാഗ്നിയിൽ
എരിഞ്ഞടങ്ങി ചാരം മാത്രമായി
ശേഷിക്കുന്ന ചുടല പറമ്പിന്റെ അരികിലൂടെ  . . . .
പ്രണയ മന്ത്രങ്ങൾ ഉരുകി വീണൊലിച്ച് സർപ്പപ്പുല്ലുകളായി മുളപൊട്ടിയ ഇടവഴിയിലൂടെ . .
ചുംബനപ്പൂക്കൾ ചിതറി വീണ്
കരിഞ്ഞുണങ്ങിയ ഇലഞ്ഞിച്ചുവട്ടിലൂടെ . .
 ഒടുവില്‍ നമ്മള്‍ വേർപിരിഞ്ഞ
മഴ ചിത്രങ്ങൾ തീർത്തിരുന്ന കുളക്കടവിലെ മിഴിനീരു കലർന്ന
വെള്ളത്തിന്റെ ശ്വാസ നിശ്വാസം
കേൾക്കാൻ . . .
പ്രണയവും വിരഹവും ചേര്‍ത്ത് നീ എഴുതിയ അവസാന കവിതയുടെ
വരികള്‍ ഒന്നുകൂടി കേൾക്കാൻ . . . .
കണ്ണു നീരു പോലെ പെയ്യുന്ന മഴയിലൂടെ ഭൂതകാലത്തു നിന്ന് വർത്തമാനത്തിലേക്ക് തിരികെ നടക്കാന്‍ . . . . .