ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Tuesday, October 25, 2016

ഏകാകിനി ഭാഗം 2

കൊഴിഞ്ഞു വീഴുന്ന ദിനങ്ങൾ എണ്ണി  റസിയ ആ കൊച്ചു ഫ്ലാറ്റില്‍ കഴിഞ്ഞു കൂടി,
കുറഞ്ഞ ദിവങ്ങൾ കൊണ്ട് തന്നെ അവള്‍ക്ക് വീർപ്പു മുട്ടി തുടങ്ങി.
കട അടച്ച് അലി എത്തുമ്പോള്‍ രാവേറെ വൈകും, ക്ഷീണത്തോടെ വന്നു കയറി കുളിയും  പിന്നെ ഭക്ഷണവും  കഴിച്ച് കിടക്കും.
മിക്കപ്പോഴും അലി എത്തുമ്പോള്‍ ഫാത്തിമ മോൾ ഉറങ്ങിക്കാണും.
ഒരു മാസം ഒരു യുഗം പോലെയായിരുന്നു,
ഒന്നും ചെയ്യാന്‍ ഇല്ലാതെ ചുട്ടു പൊള്ളുന്ന വെയിലില്‍ തെളിയുന്ന അദൃശ്യ ചിത്രങ്ങള്‍ നോക്കി ജനാലയോട് ചേര്‍ന്ന് നിൽക്കും,
ഇഴഞ്ഞു നീങ്ങുന്ന നിമിഷ സൂചിക തന്നെ നോക്കി ചിരിക്കുന്ന പോലെ,
ഇങ്ങോട്ട് വരേണ്ടി ഇരുന്നില്ല എന്ന് തോന്നി അവള്‍ക്ക്‌
ഒരു ദിവസം നാലു തവണ എങ്കിലും ഇക്ക വിളിക്കാറുണ്ടായിരുന്നു.
മനസ്സ് തുറന്ന് സംസാരിക്കാനും പരാതി കേട്ട് തന്നെ സമാധാനിപ്പിക്കാനും കഴിഞ്ഞിരുന്നു,
മോളുടെ വിശേഷങ്ങളും കുറുമ്പുകളും പറയാനും  വീട്ടിലെ ആടുകളുടെയും കോഴികളുടെയും  അടുക്കള തോട്ടത്തില്‍ നട്ടു പിടിപ്പിച്ച് വിളഞ്ഞു നിൽക്കുന്ന പച്ചക്കറികളുടെയും മൊട്ടിടാൻ തുടങ്ങുന്ന മുല്ല വള്ളിയുടെ വിശേഷങ്ങള്‍ വരെ പറഞ്ഞിരുന്നു,
ഇവിടെ വന്നതിനു ശേഷം   കൂടെ ചേര്‍ന്ന് കിടക്കുമ്പോൾ പോലും  തനിക്ക് വിശേഷങ്ങള്‍ ഒന്നും പറയാനോ കേൾക്കാനോ ഇല്ല എന്ന് അവള്‍ അത്ഭുതത്തോടെ ഓർത്തു,
താനാണ് നിർബന്ധിച്ചത്
ഗൾഫിലേക്ക് കൂട്ടി കൊണ്ട് പോവണമെന്ന് അപ്പോഴെല്ലാം അലി പറഞ്ഞ് നിരുത്സാഹപ്പെടുത്താൻ ശ്രമിക്കും
വേണ്ട റസിയ നിനക്ക് ഇവിടെ പറ്റില്ല നാട് പോലെ അല്ല ഇവിടെ"
അതൊന്നും അവളുടെ മനസ്സിലെ സ്വപ്നങ്ങളെെ തകര്‍ക്കാന്‍ ആയില്ല
മൂന്ന് പെൺമക്കളുള്ള കുടുംബത്തിലെ മൂത്തവളായ റസിയ ആറ് വർഷം മുൻപാണ് അലിയുടെ ജീവിതത്തിലേക്ക് എത്തിയത്
അലിയുടെ വീട്ടില്‍ പ്രായമുള്ള  ഉമ്മ മാത്രം,
അസുഖം വന്നു ഉമ്മ മരിച്ച ശേഷം റസിയ വീട്ടില്‍ ഒറ്റയ്ക്ക് ആയി
അങ്ങനെയാണ് ഇക്കയുടെ കൂടെ ഗൾഫിൽ പോവണമെന്ന മോഹം ഉള്ളില്‍ നാമ്പിട്ടത്,
അത് വളര്‍ന്നു ഓരോ ദിവസവും അതികരിച്ചു ഒടുവില്‍ അലിക്ക്
നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു
ഇവിടെ എത്തിയപ്പോള്‍
എല്ലായ്പ്പോഴും ഒരേ കാഴ്ചകൾ
പുറത്തെ ആ ഉണങ്ങിയ മരവും ഒറ്റപ്പെട്ടു നിൽക്കുന്ന ഈന്തപ്പനകളും, പകലില്‍ വെയിലിലും രാവിൽ തെളിയുന്ന നിയോൺ ബൾബുകളുടെ വെളിച്ചത്തിലും കുളിച്ച് നിൽക്കുന്ന കെട്ടിടങ്ങൾ മാത്രം ,
റസിയയുടെ നിർബന്ധത്തിനു വഴങ്ങി അലി രണ്ടു തവണ പുറത്ത് കൊണ്ടുപോയി,
"എനിക്കറിയാം റസിയ നിനക്ക് ജയിലില്‍ അടച്ചതു പോലെ തോന്നുന്നുണ്ടാവും
കട ഉപേക്ഷിച്ച് എനിക്ക് നിന്റെ കൂടെ ഇരിക്കാന്‍ പറ്റില്ലല്ലോ"
അവളെ ചേര്‍ത്ത് പിടിച്ച് കിടക്കുമ്പോള്‍ അലി പറഞ്ഞു
"സാരമില്ല ഇക്ക എനിക്ക് അറിയാം "
അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്
ദിവസങ്ങള്‍ ഇഴഞ്ഞു നീങ്ങി
ഇവിടെ എത്തിയിട്ട് രണ്ടര മാസം കഴിഞ്ഞു
പിറ്റേന്ന് അലി ചോദിച്ചു
നാട്ടില്‍ നിന്ന് ഒരാള്‍ വരുന്നുണ്ട് നിനക്ക് എന്തെങ്കിലും വേണോ
അവള്‍ കുറെ ആലോചിച്ചു എന്താണ് വേണ്ടത്
തന്റെ അടുക്കള തോട്ടത്തില്‍ നിന്ന് എന്തെങ്കിലും അല്ലെങ്കില്‍  നട്ടു പിടിപ്പിച്ച മുല്ല വള്ളിയിൽ നിന്ന് കുറച്ച് പൂക്കള്‍
വീട്ടിലെ അട വെച്ച് വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങൾ മഴയും മഞ്ഞും
ഇതൊക്കെയാണ് തനിക്ക് വേണ്ടത് എന്ന് തോന്നി  റസിയക്ക്
"ഒന്നും വേണ്ട നമുക്ക് നാട്ടിലേക്ക് മടങ്ങാം"
അങ്ങനെയാണ് അവള്‍ പറഞ്ഞത്
നീ എന്താ ഈ പറയുന്നത് ഇന്നലെ നിന്റെ വിസ ഞാന്‍ എക്സ്റ്റെന്റ് ചെയ്തു മൂന്ന് മാസത്തേക്ക് കൂടി
"വേണ്ടിക്ക എനിക്ക് ഇവിടെ നിൽക്കാൻ ആവില്ല നാട്ടില്‍ ആവുമ്പോ ഒറ്റയ്ക്ക് ആവാതിരിക്കാൻ അയൽക്കാരെെങ്കിലും ഉണ്ട് ഇവിടെ ഒറ്റക്കിങ്ങനെ" വാക്കുകള്‍ മുറിഞ്ഞു പോയി
അലി ഒന്നും മിണ്ടിയില്ല
 കൂട്ടിലടച്ച കിളി പോലെ രക്ഷപ്പെടാന്‍ കൊതിക്കുന്ന അവളെ അലി സാകൂതം നോക്കി
"എന്നോട് ഇക്ക ക്ഷമിക്ക് ഇവിടെ എനിക്ക് വല്ലാത്തൊരു വീർപ്പു മുട്ടൽ പോലെ ഇങ്ങനെ എങ്കില്‍ ഞാന്‍ മരിച്ചു പോകും  " അവള്‍ അവന്റെ തോളില്‍ നെറ്റി ചേര്‍ത്ത് വെച്ച് വിങ്ങി
അലി സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചു.
****
ഫാത്തിമ മോളുുടെ കവിളില്‍  അലി ഉമ്മ വെച്ച്  റസിയയെ നോക്കി
"വിഷമിക്കണ്ട കൂടിയാല്‍ മൂന്ന് മാസം ഞാന്‍ നാട്ടില്‍ എത്തും മതിയായി എനിക്കും "
അവള്‍ തലയാട്ടി പിന്നെ ചോദിച്ചു
ഇക്കാക്ക് ന്നോട് ദേഷ്യം തോന്നുന്നുണ്ടോ?
അലി ചിരിച്ചു "എന്തിന് എനിക്ക് സന്തോഷേ ഉള്ളൂ ഇപ്പോള്‍ നിനക്ക് അറിയാം ഇവിടത്തെ ജീവിതം എങ്ങനെ എന്ന് , അതുമതി "
ബോർഡിംഗ് പാസ് എടുത്ത് റസിയ എയര്‍പോർട്ടിനകത്തേക്ക് നടന്നു,
കണ്ണില്‍ നിന്ന് മറയുന്നത് വരെ അലി അതു നോക്കി നിന്നു.

3 comments:

  1. അസീസ്.... ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ 00971 564972300
    (രാമു, നോങ്ങല്ലൂര്‍ രേഖകള്‍)


    ReplyDelete
  2. മനസ്സിരുത്തി എഴുതിയ വായനാനുഭവം നല്‍കുന്ന നല്ലൊരു കഥ.
    ആശംസകള്‍

    ReplyDelete