ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Saturday, August 19, 2017

കഥ 

പകുതി തുറന്ന ജാലകത്തിലൂടെ നനുത്ത കാറ്റ് അരിച്ചു വന്നുകൊണ്ടിരുന്നു
ആകാശത്തിനു കീഴെ നിലാവ് പ്രഭ പൊഴിച്ച് നില്പുണ്ട്  ഏതോ ദിശ തേടി ഒഴുകി നടക്കുന്ന വെന്മേഘങ്ങൾ
രാവിന്റെ നിശബ്ദതയിൽ ചീവീടുകളുടെ ശബ്ദം ഇടയ്ക്കിടെ ഉയർന്നു കേൾക്കാം
തെരുവ് വിളക്കിന്റെ  വിളറിയ വെളിച്ചത്തിൽ ആ പീടികത്തിണ്ണയിൽ അവൾ ഉറങ്ങുന്നത്  കാണാം ,അമ്മയോട് ചേർന്ന് , കാവലിനെന്നോണം  ഒരു തെരുവ് നായ അവർക്കടുത്തു ഇരിപ്പുണ്ട്.
എന്തോ കുറച്ചു ദിവസങ്ങളായി ഉറങ്ങാൻ പറ്റാറില്ല,
 കണ്ണടക്കുമ്പോൾ ആ പെൺകുട്ടിയുടെ മുഖം മനസ്സിലേക്കെത്തും , അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു പിന്നെ എഴുനേറ്റു  ഇവിടെ ഇങ്ങനെ നിൽകും ,
ദുസ്വപ്നങ്ങൾ ഇല്ലാതെ കിടന്നുറങ്ങുന്ന ആ അമ്മയെയും  മകളെയും നോക്കി,
ബന്ധങ്ങളോ പ്രായമോ വേർതിരിച്ചറിയാത്ത മനുഷ്യ മൃഗങ്ങൾ അലഞ്ഞു നടക്കുന്ന ഈ നാട്ടിൽ  ആ കൊച്ചു പെൺകുട്ടിയെ  ഇരുളിന്റെ നിശബ്ദതയിൽ വിട്ട്  തനിക്കെങ്ങനെയാണ് പോയി  കിടന്നുറങ്ങാൻ കഴിയുക ,
വർഷങ്ങൾ ഏറെയായി,   ഇവിടെ ഈ മുറിയിൽ ജീവിക്കാൻ തുടങ്ങിയിട്ട്  , ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ,
ആ നാടോടി സ്ത്രീ അവിടെ താമസമാക്കിയിട്ട് കുറഞ്ഞ ദിവസങ്ങൾ  മാത്രമേ ആയുള്ളൂ ,
അടഞ്ഞു കിടക്കുന്ന ആ പീടിക തിണ്ണയിൽ മകളോടൊപ്പം ,
പകലുകളിൽ നഗരത്തിന്റെ പല ദിക്കുകളിൽ അലഞ്ഞു നടന്നു ഭിക്ഷ തേടുന്നത് കാണാം , രാത്രിയിൽ ഇവിടെ വന്നു കിടക്കും.
ഈയിടെ  അയാൾ ജോലി കഴിഞ്ഞു വരുമ്പോൾ തനിക്കുള്ള ഭക്ഷണത്തിനൊപ്പം ഒരു പൊതി കൂടുതൽ വാങ്ങും , അത് ആ അമ്മയ്ക്കും മകൾക്കും വേണ്ടി , ഭക്ഷണം കൊടുക്കുമ്പോൾ ആ പെൺകുട്ടിയുടെ കണ്ണിലെ വെളിച്ചം ആയിരം സൂര്യന്റെ പ്രകാശം ഉണ്ടെന്നു തോന്നിയിട്ടുണ്ട് .കാഴ്ചയിൽ തന്റെ അമ്മൂട്ടിയുടെ  അതേ പ്രായമാണ്
അയാൾ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രത്തിലേക്ക് നോക്കി ''അമ്മയെയും അച്ഛനെയും കെട്ടിപ്പിടിച്ചു ചിരിച്ചു നിൽകുന്ന അമ്മൂട്ടി ''
അവളോടൊന്നു സംസാരിക്കണമെന്ന് തോന്നി മൊബെയിൽ കയ്യിലെടുത്തു , അപ്പോഴേക്കും നിശബ്ദതയെ ഭേദിച്ച് ക്ലോക്കിൽ ഒരുമണി മുഴങ്ങി
അവൾ ഉറക്കമായിരിക്കും  അമ്മയെ ചേർത്ത് പിടിച്ച്,,
അയാൾ മനസ്സിൽ ആ ചിത്രം വരച്ചെടുത്തു,
നടുക്കത്തോടെ തിരിച്ചറിഞ്ഞു
 '' രണ്ടും ഒരേ ദൃശ്യമാണ് ''
അമ്മയെ ചേർത്തു പിടിച്ചു കിടന്നുറങ്ങുന്ന കുഞ്ഞുങ്ങൾ പക്ഷെ , ഒന്ന് പതുത്ത മെത്തയിൽ മറ്റൊന്ന് കീറച്ചാക്കിൽ തെരുവ് നായിക്കൊപ്പം
അയാൾക്ക്‌ തല പെരുക്കുന്ന പോലെ തോന്നി
പിന്നെ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു
ഒന്ന് തന്റെ സ്വന്തം മകളാണ് ജീവിക്കുന്നത് തന്നെ അവൾക്കു വേണ്ടി,
അപ്പോൾ ഈ പെൺകുട്ടി!! ,
തെരുവിൽ അലഞ്ഞു നടന്നു ഭിക്ഷ തേടുന്ന അവൾക്കും ഉണ്ടാവില്ലേ ഒരച്ഛൻ !!
ഈ ഇരുട്ടിന്റെ മൗനത്തിലെപ്പൊഴൊ ആരോ വന്നു ആ അമ്മയുടെ ഉദരത്തിൽ സമ്മാനിച്ചതാവാം.
ഇരുളിന്റെ നിശ്വാസം പോലെ തണുത്ത കാറ്റ് പിന്നെയും അരിച്ചെത്തി
അയാൾ കട്ടിലിൽ വന്നിരുന്നു,
ചിന്തയിൽ ആ പെൺകുട്ടി മാത്രം നിറഞ്ഞു നിൽകുന്നു ,
അതും ഒരു ജീവിതമാണ് തെരുവിൽ അലിഞ്ഞു തീരുന്ന ഒരു ജീവിതം , അത് പാടില്ല.
ജീവിതത്തിലേക്ക് കൊണ്ട് വരണം പുതിയ അന്തരീക്ഷത്തിലേക്ക് വളർത്തിയെടുക്കണം  അക്ഷരങ്ങൾ  ഹൃദയത്തിൽ തുന്നിപ്പിടിപ്പിക്കണം  ജീവിതം എന്താണെന്ന്  ആ പെൺകുട്ടിയെ മനസ്സിലാക്കിക്കണം
ഒരുറച്ച തീരുമാനത്തോടെ അയാൾ കിടക്കയിലേക്ക് മടങ്ങി,
ഞായറാഴ്ച ആയതിനാൽ,  വൈകിയാണ് ഉണർന്നത് ,
അറിയാതെ ജനാലക്കപ്പുറത്തേക്ക് മിഴികൾ നീണ്ടു ,
അവിടം ശൂന്യമായിരുന്നു !
ഭക്ഷണത്തിനുള്ള വകക്കായി ഭിക്ഷയ്ക്കു ഇറങ്ങിയതായിരിക്കും ,
എന്തിനോ ഒരു ദീർഘ നിശ്വാസം ഉതിർന്നു വീണു.
നിമിഷ സൂചികയ്ക്ക് തീരെ വേഗതയില്ലാത്തതു പോലെ തോന്നി അയാള്‍ക്ക്‌.
ഇടയ്ക്കിടെ ജനാലയ്ക്കരികിൽ ചെന്ന് പുറത്തേക്ക് നോക്കും
ശൂന്യമായി കിടക്കുന്ന പീഡികത്തിണ്ണ !!
മുറ്റത്തു ആരെയോ കാത്ത് നിൽക്കുന്ന പോലെ ആ തെരുവ് നായ മാത്രം !!
ഒരു ദിനം കൊഴിഞ്ഞു വീണിരിക്കുന്നു
എവിടെ ആയിരിക്കും ആ അമ്മയും മകളും
വെറുതെ ആശങ്കകൾ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു
പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ട പോലെ .

 മേശപ്പുറത്തു ഫയലുകൾ ഒന്നിനു  മീതെ ഒന്നായി കൂടിക്കൊണ്ടിരുന്നു
ഒന്നും ചെയ്യാൻ തോന്നുന്നില്ല
മനസ്സിലൊരു ഉൾഭയം പോലെ !!
സുഖമില്ലെന്ന കാരണം പറഞ്ഞ്‌
ഹാഫ് ലീവ് എഴുതിക്കൊടുത്ത് അയാൾ ഓഫീസിൽ  നിന്നിറങ്ങി
നഗരത്തിലെ  പായുന്ന വാഹനങ്ങൾക്കിടയിൽ അയാള് വെറുതെ  തിരഞ്ഞു
കൈനീട്ടി വരുന്ന ആ അമ്മയെയും മകളെയും.
ജ്വലിക്കുന്ന  സൂര്യന് കീഴെ നഗരം വിയർത്തു നില്ക്കുന്നു.
എന്നും ഭക്ഷണം വാങ്ങുന്ന ഹോട്ടെലിൽ നിന്നു പതിവ് പോലെ രണ്ടു പൊതി വാങ്ങി വീട്ടിലേക്ക് മടങ്ങി .
ആ പെൺകുട്ടിയും അമ്മയും  അവിടെയുണ്ടാവണേ എന്നു മനസ്സാ പ്രാർത്ഥിച്ചു കൊണ്ട്  !!
(അസീസ് ഈസ മദീന )


No comments:

Post a Comment