ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Tuesday, October 4, 2016

അമീർ സുഹൈൽ


ജോലിത്തിരക്കിനിടെ  വീണു കിട്ടിയ അല്പ വിശ്രമ സമയത്ത് ഫോണ്‍ എടുത്ത് നോക്കുമ്പോള്‍ കുറെ മിസ്സ്ഡ് കോളുകൾ !!
അപരിചിത നമ്പര്‍
 എന്റെ ഫോണ്‍ മിക്കപ്പോഴും സൈലന്റ് മോഡിൽ ആയിരിക്കും
കോൾ വരുന്നത് അറിയില്ല
തിരിച്ചു വിളിക്കണോ എന്ന് സംശയിച്ചു നിൽക്കുമ്പോൾ ആണ്‌ സ്ക്രീനിൽ വെളിച്ചം മിന്നിയത്
അതേ നമ്പര്‍
ഞാന്‍ അതെടുത്ത് കാതോട് ചേര്‍ത്തു
ഇക്കാ . .   പതിഞ്ഞ ശബ്ദം
എവിടെയോ കേട്ടു മറന്നതു പോലെ
എന്റെ നിശബ്ദത തിരിച്ചറിഞ്ഞത് കൊണ്ടാവണം മറുവശത്ത് നിന്ന് സ്വയം പരിചയപ്പെടുത്തി
"ഞാന്‍ അമീർ "
 വിസ്മയിച്ചു പോയി
അമീർ നീ ഇതെവിടുന്നാ
റിയാദിലുണ്ട് . . ഇക്ക ഫ്രീ ആണോ ഇപ്പോള്‍
ഞാന്‍ റെസ്റ്റോറെന്റിലാണ് രാത്രി തിരിച്ചു വിളിക്കാമെന്നു പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു
ജോലിക്കിടെ എന്റെ ചിന്ത മുഴുവന്‍ അവനെ പറ്റി ആയിരുന്നു
എവിടെയോ അവസാനിച്ചെന്നു കരുതിയ കഥയുടെ പുനർജന്മം പോലെ തോന്നി , മായാതെ കിടക്കുന്ന കുറെ ചിത്രങ്ങള്‍ ഉണ്ട് അവന്‍ പകർന്നു നൽകിയ നോവിക്കുന്ന ചിത്രങ്ങള്‍
അമീർ സുഹൈൽ !!
ഉത്തർ പ്രദേശിലെ ഫിറൊസാബാദുകാരൻ
മുഗൾ ചരിത്രത്തില്‍ എവിടെയോ വായിച്ചു മറന്ന ഫിറൊസാബാദ് പട്ടണം
ആഗ്രയോടും രാജസ്ഥാനോടും ചേര്‍ന്ന് നിൽക്കുന്ന നഗര പ്രദേശം
അവന്‍ വാതോരാതെ സംസാരിച്ചിരുന്നു ആ പട്ടണത്തെ പറ്റി
 പ്രണയഭൂമിയായ ആഗ്രയും യമുനയും താജ്മഹലും അവന്റെ സംസാരങ്ങളിൽ നിറഞ്ഞു നിന്നിരുന്നു
എറണാകുളത്തെ ഒരു ചെരുപ്പ് കമ്പനിയില്‍ ജോലി ചൈത് വരുന്നതിനിടെയാണ് സുഹൃത്ത് വഴി റിയാദിലെത്തുന്നത്
ഒരു റെൻ്റ് എ കാർ കമ്പനിയില്‍
നന്നായി മലയാളം സംസാരിക്കും.
റിയാദിലെ ഞങ്ങളുടെ വില്ലയുടെ എതിർ വശത്തെ കെട്ടിടത്തിലായിരുന്നു അവന്‍ താമസിച്ചിരുന്നത്
ഗസലുകൾ അവന് ഏറെ പ്രിയപ്പെട്ടതാണ്
എന്റെ മുറിയില്‍  മുഹമ്മദ് റാഫിയുടെയും അഭിജിത്ത് സിംഗിന്റെയും മൗലാനാ മൊഹാനിയുടെയും  പാട്ടുകള്‍ കേട്ട് മതി മറന്നിരിക്കും,
ഒഴിവ് ദിവസങ്ങള്‍ കൂടുതലും എന്റെ അടുത്തായിരിക്കും
തമാശകൾ പറഞ്ഞും ചിരിച്ചും
എങ്കിലും അവന്‍  ഇടയ്ക്കിടെ പറയുമായിരുന്നു
" ആത്മഹത്യ തെറ്റല്ലാ എങ്കില്‍ ഞാനെന്നേ ആത്മഹത്യ ചെയ്തേനെ"  എന്ന്
കാരണങ്ങള്‍ ചോദിക്കുമ്പോഴൊക്കെ അവന്‍ ഒഴിഞ്ഞു മാറും
 അവനെ വേദനിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടാവാം മറ്റുള്ളവര്‍ അറിയാന്‍ പാടില്ലാത്തത്
ജോലി കഴിഞ്ഞെത്തി ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവന്‍ ഓടിക്കിതച്ച് വന്നത്
കരഞ്ഞു കലങ്ങിയ കണ്ണും മുഖവും
"ഇക്കാ എനിക്ക് ഒരു ഇരുനൂറ് റിയാൽ തരുമോ അത്യാവശ്യമായി ഞാന്‍ ഒന്ന് നാട്ടില്‍ പോവാ "
എന്തു പറ്റി  അന്ധാളിപ്പോടെ ഞാന്‍ ചോദിച്ചു
"മമ്മയും അബുവും ആത്മഹത്യയ്ക്ക് ശ്രമിച്ചു ഇപ്പോ ആശുപത്രിയിലാണ് കയ്യില്‍ ഉണ്ടായിരുന്ന പൈസക്ക് ടിക്കറ്റ് എടുത്തു "
എന്തോ എന്റെ കൈകാലുകൾ തളരുന്ന പോലെ തോന്നി
പോക്കറ്റില്‍ കിടന്ന പൈസ എടുത്ത് അവന് കൊടുത്തു
പോകും മുൻപ് അവനെന്നെ കെട്ടിപ്പിടിച്ചു തോളില്‍ ചുടു നനവ് അറിഞ്ഞപ്പോള്‍ അടർത്തി മാറ്റി
സമാധാനിപ്പിക്കാൻ വാക്കുകള്‍ അന്യമായിരുന്നു
വർഷങ്ങൾ അപ്പുറത്ത് നിന്ന് അവന്റെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങി
"നമ്മള്‍ തമ്മില്‍ ഇനി കാണുമോ എന്നറിയില്ല എനിക്ക് ഇനി തിരിച്ചു വരാനാവില്ല ഈ പൈസ എന്റെ കയ്യില്‍ ഉണ്ടാവും എപ്പോഴെങ്കിലും കാണുമ്പോള്‍ തിരിച്ചു തരാന്‍ "
അവന്‍ ഓടിമറയുന്നത് നിർനിമേഷനായി നോക്കി നിന്നു
 കണ്ണില്‍ നിന്ന് മറഞ്ഞപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു
*********     **** ******    *****=
അമീർ സുഹൈൽ ( തുടർഭാഗം)
.......
ആകാശം ശൂന്യമായിരുന്നു നക്ഷത്രങ്ങള്‍ ഇല്ലാതെ, ഏതോ ലക്ഷ്യം തേടി അകന്നു പോകുന്ന ഉരുക്കു പക്ഷിയുടെ വെട്ടം മിന്നാമിനുങ്ങു പോലെ തോന്നിച്ചു , താഴ്വാരത്തെ കെട്ടിടങ്ങളിലെ വെളിച്ചം തട്ടി  മല നിരകളുടെ മുകളറ്റം കാണാം , നേർത്തു വീശുന്ന കാറ്റിന് ചൂടിന്റെ അംശമുണ്ട്

കുറേസമയം ബെല്ലടിച്ചു നിന്നതല്ലാതെ മറുതലയ്ക്കൽ മറുപടി ഇല്ല വീണ്ടും ഇതാവർത്തിച്ചപ്പോൾ നിരാശയോടെ ഞാന്‍ മുറിയിലേക്ക് നടന്നു,

ചിന്തകൾ അമീറിലൂടെ സഞ്ചരിച്ചു

വർഷങ്ങൾ മൂന്ന് കഴിഞ്ഞിരിക്കുന്നു

ഈ ഇടവേളയിൽ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു ജീവിതത്തില്‍ ,

എന്റെ ചിന്തകളെയും നിശബ്ദതയെയും ഭേദിച്ച് ഫോണ്‍ ശബ്ദിച്ചു

അമീറിന്റെ നമ്പര്‍

ഫോണെടുത്ത് ചെവിയോട് ചേര്‍ത്ത് ഞാന്‍ മുറി വിട്ടിറങ്ങി

"ഇക്കാ"അവന്റെ പതിഞ്ഞ ശബ്ദം

പഴയ വാതോരാതെയുള്ള സംസാരമൊന്നുമില്ല ചോദ്യങ്ങള്‍ക്കുള്ള മറുപടി അത്ര മാത്രം

മമ്മയും അബുവും  . . ? എനിക്ക് ചോദിക്കാതിരിക്കാനായില്ല

മറുവശത്ത് നിശബ്ദത പരന്നു  പിന്നെ

അവന്റെ വാക്കുകള്‍ കനലുകളായി എന്റെ ചെവിയില്‍ വീണ് പൊള്ളി

ഇവിടെ നിന്ന് പോയ അമീറിനെ വരവേറ്റത് ചേതനയറ്റ ശരീരങ്ങളായിരുന്നു,

എന്തിനാണ് അവരത് ചെയ്തത് എന്ന എന്റെ ചോദ്യം അവനെ വിഷമിപ്പിച്ചിട്ടുണ്ടാവാം

അതായിരിക്കും അവന്‍ കോൾ കട്ട് ചെയ്തത്

നിശ്ചലമായ ഫോണില്‍ അവന്റെ തേങ്ങല്‍ ശേഷിക്കുന്നുണ്ടെന്ന് തോന്നി

ചില നിമിഷങ്ങള്‍ ഞാന്‍ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു

പിന്നെ അവനെ തിരിച്ചു വിളിച്ചു

പർവ്വതങ്ങൾ കടന്ന് ഒരിളം കാറ്റ് വീശിയകന്നു

ഫിറോസാബാദ് !!

ഉന്തു വണ്ടിയില്‍ കൊണ്ട് പോകുന്ന കുപ്പിവളകളുടെ കിലുക്കം ജീവന്റെ താളം പോലെ ഉയര്‍ന്നു കേൾക്കാം,

പ്രസിദ്ധമാണ് ഇവിടുത്തെ ഗ്ലാസ് ഫാക്ടറി,

കുപ്പിവളകളുടെ നാട് എന്നറിയപ്പെടുന്നു ഇവിടം

മനോഹരമായ നിറങ്ങൾ ചാർത്തി വേർതിരിച്ചെടുക്കുന്ന വളകൾ നേരിയ കയറിൽ കോർത്ത് കെട്ടുകളാക്കി വെക്കുന്നത് ഭംഗിയുള്ള കാഴ്ചകളാണ് .

മഹാസിംഗ് പൂരിലെ കൊച്ചു വീട്ടില്‍
അമീർ എത്തുമ്പോള്‍
സൂര്യന്‍ ചാഞ്ഞു തുടങ്ങിയിരുന്നു.
കൂടി നിൽക്കുന്ന ആളുകള്‍ക്കിടയിലൂടെ അകത്തേക്ക് ചെന്നു
ചലനമറ്റ മൂന്ന് ശരീരങ്ങൾ  !!
ഇലയനക്കങ്ങൾ പോലുമില്ലാത്ത നിശബ്ദത
ഈ നിമിഷം മുതല്‍ തനിക്ക് ആരുമില്ല
അനാഥൻ
അമ്മയുടെ യാത്രാ മൊഴിയായി ഒരു കടലാസ് തുണ്ടിൽ എഴുതിയ ഏതാനും വാക്കുകള്‍ മാത്രം

എന്റെ മോന്‍ എന്നോട് പൊറുക്കണം
ഇനിയും ഇതു കാണാന്‍ എനിക്ക് വയ്യ
നമ്മുടെ മോളിങ്ങനെ വേദന സഹിക്കാതെ നിലവിളിക്കുന്നത്  ഞങ്ങള്‍ പോവാ പ്രാർത്ഥിക്കണം"

അമീറിന്റെ ഇടറിയ ശബ്ദം കാതില്‍ വീണു കൊണ്ടിരുന്നു

അവസാന കാലത്ത് മമ്മയ്കും തീരെ വയ്യായിരുന്നു
തളർന്നു കിടക്കുന്ന അബുവും അനിയത്തിയും ,
ഗ്ലാസ് ഫാക്ടറി യിലായിരുന്നു അബു ജോലി ചെയ്തിരുന്നത്,
ഒരു ദിവസം ജോലിക്കിടെ ഉണ്ടായ വീഴ്ച, പിന്നീട് എഴുന്നേറ്റില്ല കുറെ ചികിത്സിച്ചു

അബുന്റെ ചികിത്സിക്കാൻ വേണ്ടിയാ ഞാന്‍ സ്കൂളില്‍ പോവുന്നത് നിർത്തി കേരളത്തില്‍ ജോലിക്ക് വന്നത്
അവിടെ നിന്ന് ഗൾഫിലേക്കും ,
ഒരു പനി വന്നതാണ് അനുജത്തിക്ക് ഒരാഴ്ചയോളം ആശുപത്രിയില്‍ കിടന്നു
പക്ഷേ ശരീര വേദന കൂടുകയും മുഖം ഒരു വശത്തേക്ക് കോടിപ്പോവുകയും ചെയ്തു  പതിയെ ശരീരം അങ്ങാൻ പറ്റാത്ത അവസ്ഥയായി

ഇടയ്ക്കിടെ അവൾ വേദന സഹിക്കാതെ നിലവിളിക്കും ഫോണ്‍ ചെയ്യുമ്പോഴൊക്കെ മമ്മ അതു പറഞ്ഞ് കരയും , വീടാകെ ഓടിക്കളിച്ചിരുന്ന അവള്‍ ഒരു കൈ അനക്കാൻ പോലും പറ്റാതെയുള്ള കിടപ്പ് !!

ഉണ്ടായിരുന്നതൊക്കെ വിറ്റു ചികിത്സക്കായി, ആ വീട് സര്‍ക്കാര്‍ സ്ഥലത്ത് കുടില് കെട്ടിയതായിരുന്നു

അന്ന് രാത്രിയും ഞാന്‍ വിളിച്ചതായിരുന്നു മമ്മ കുറേ കരയുകയും സംസാരിക്കുകയും ചെയ്തിരുന്നു , കാലില് നീര് കെട്ടി നടക്കാൻ പ്രയാസം ഉണ്ടെന്നും പറഞ്ഞ്

ഭക്ഷണത്തിൽ വിഷം ചേര്‍ത്ത് രണ്ട് പേർക്കും കൊടുത്ത് മമ്മയും കഴിച്ചതാ"

ഞാന്‍ പോകുമ്പോള്‍ അവിടെ ബാക്കി ഉണ്ടായിരുന്നു കഴിച്ച ഭക്ഷണത്തിന്റെ ബാക്കി  ഒരു പിടി വാരി കഴിക്കാന്‍ തോന്നിയതാ അറിയില്ല എന്താണ്  ഞാന്‍ കഴിക്കാത്തതെന്ന്"

അവന്‍ പറയുന്നത് വെറുതേ കേട്ടിരുന്നു എനിക്ക് വാക്കുകള്‍ നഷ്ടപ്പെട്ടിരുന്നു

ജീവിതം അങ്ങനെയാണ് നാമറിയാത്ത ദിശകളിലേക്ക് ചലിച്ചു കൊണ്ടിരിക്കും
 വീണ്ടും വിളിക്കാമെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്ത് ഞാന്‍ മുറിയിലേക്ക് മടങ്ങി.
അസീസ് ഈസ

9 comments:

  1. ജീവിതം അങ്ങനെയാണ് നാമറിയാത്ത ദിശകളിലേക്ക് ചലിച്ചു കൊണ്ടിരിക്കും.

    ReplyDelete
    Replies
    1. അതെ . . .
      നന്ദി ചേച്ചി

      Delete
  2. അമീർ സുഹൈൽ എന്നെ കരയിച്ചല്ലോ....
    നല്ല എഴുത്ത്. മനസ്സിനെ വല്ലാണ്ട് പിടിച്ച് കുലുക്കി...
    ഇഷ്ടം.
    ആശംസകൾ...

    ReplyDelete
    Replies
    1. നന്ദി ശ്രീ ആദി
      വായനക്കും വാക്കുകള്‍ക്കും

      Delete
    2. നന്ദി ശ്രീ ആദി
      വായനക്കും വാക്കുകള്‍ക്കും

      Delete
  3. " ജീവിതം അങ്ങനെയാണ് നാമറിയാത്ത ദിശകളിലേക്ക് ചലിച്ചുകൊണ്ടേയിരിക്കും" മനസ്സിനെ പിടിച്ചിരുത്തിയ എഴുത്ത്.
    ആശംസകൾ അസീസ് .

    ReplyDelete
    Replies
    1. നന്ദി ഗീത ടീച്ചറെ ❤❤

      Delete
    2. നന്ദി ഗീത ടീച്ചറെ ❤❤

      Delete
  4. ചില ജീവിതങ്ങൾ നമ്മെ കരയിപ്പിക്കും.

    ReplyDelete